റിയാദ്: വഴിയില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ രഹസ്യന്വേഷണ പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തി തട്ടിക്കൊണ്ടുപോയ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് മോചിപ്പിച്ചു. മലപ്പുറം വേങ്ങര മേമാത്ത്പാറ കുന്നുമ്പുറം കമ്പ്രന്‍ നൌഷാദിനെ (28) കഴിഞ്ഞ മാസം 25നാണ് അല്‍ ഖര്‍ജ്^റിയാദ് ഹൈവേയില്‍ ദിലം എന്ന സ്ഥലത്ത് നിന്ന് സ്വദേശി പിടിച്ചുകൊണ്ടുപോയത്.
അല്‍ ഖര്‍ജില്‍ നിന്ന് 185 കി.മീറ്ററര്‍ അകലെ മരുഭൂമിയില്‍ നിന്നാണ് ഇന്നലെ പൊലീസ് സംഘം സ്വദേശി യുവാവിനെയും നൌഷാദിനെയും പിടികൂടിയത്. തന്റെ ഒട്ടകങ്ങളെ മേയ്ക്കാന്‍ ബലപ്രയോഗത്തിലൂടെ നൌഷാദിനെയും കൊണ്ട് 30കാരനായ ഈ യുവാവ് കറങ്ങുകയായിരുന്നുവത്രെ. അല്‍ ഖര്‍ജ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബു സഹദിന്റെ സഹായത്തോടെ കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയംഗം കെ.പി. മുഹമ്മദാലിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് നൌഷാദുളള സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് 12ഓളം വാഹനങ്ങളില്‍ മരുഭൂമിയിലേക്ക് പോയ പൊലീസ് സായുധസംഘം ഇന്നലെ രാവിലെ 11ഓടെ പ്രദേശം വളയുകയും സ്വദേശിയെ കീഴടക്കി നൌഷാദിനെ മോചിപ്പിക്കുകയുമായിരുന്നു. ഇരുവരും ഇപ്പോള്‍ അല്‍ ഖര്‍ജ് പൊലീസ് കസ്റ്റഡിയിലാണ്.
ടൈല്‍സ് തൊഴിലാളിയായ നൌഷാദ് ബലിപെരുന്നാള്‍ അവധിക്ക് ജീസാനിലുള്ള ബന്ധുക്കളുടെ അടുത്തേക്കു പോകാന്‍ അല്‍ ഖര്‍ജില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ജോലി സ്ഥലമായ ദിലമില്‍ വാഹനം കാത്തുനില്‍ക്കുമ്പോഴാണ് സ്വദേശി യുവാവിന്റെ കൈയില്‍ പെട്ടത്. സി.ഐ.ഡി എന്ന് സ്വയം പരിചയപ്പെടുത്തി ഇഖാമ വാങ്ങി പരിശോധിച്ച യുവാവ് നൌഷാദിനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടയില്‍ നൌഷാദ് സഹതാമസക്കാരനായ മണിയെ ഫോണ്‍ ചെയ്ത് അറിയിച്ചതാണ് വിവരം പുറത്തറിയാന്‍ കാരണം. അതിനുശേഷം നൌഷാദിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ച വിവിരം 'ഗള്‍ഫ് മാധ്യമം'റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരുഭൂമിയിലേക്ക് കൊണ്ടുപോയ നൌഷാദിനെ 150ഓളം വരുന്ന ഒട്ടകങ്ങളെ മേയ്ക്കാന്‍ സ്വദേശി യുവാവ് നിയോഗിക്കുകയായിരുന്നു. ഇഖാമയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ പഴുതും അടച്ചു. ഒരു മാസത്തോളം വിവിധ സ്ഥലങ്ങളിലായി ഒട്ടകക്കൂട്ടത്തോടൊപ്പം കൊണ്ടുനടന്നു. മതിയായ ഭക്ഷണമില്ലാത്തതും യാത്രയുടെ അലച്ചിലും മനോവിഷമവും മൂലം നൌഷാദ് മെലിഞ്ഞുണങ്ങി അവശനായിട്ടുണ്ട്. തന്റെ ദയനീയാവസ്ഥ തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശുകാരനെ നൌഷാദ് അറിയിച്ചതാണ് വഴിത്തിരിവായത്. ഇയാള്‍ ഇക്കാര്യം പ്രദേശത്ത് വാഹനവുമായെത്തുന്ന ലബനാനിയോട് പറഞ്ഞു. അല്‍ഖര്‍ജ് കാരനായ ലബനാനി വിവരം കെ.പി. മുഹമ്മദാലിയെ അറിയിച്ചു. മുഹമ്മദാലി സുഹൃത്തുകൂടിയായ ക്യാപ്റ്റന്‍ അബൂ സഹദിന്റെ സഹായം തേടി.
വേഷപ്രച്ഛന്നരായി അബൂ സഹദും രണ്ട് സഹപ്രവര്‍ത്തകരും മുഹമ്മദാലിയും പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടയില്‍ ഒട്ടകങ്ങളും നൌഷാദും വാഹനങ്ങളുമായി യുവാവ് ഇവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. പിന്നീട് റൈസാന്‍ എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തി പൊലീസ് ഓപ്പറേഷന്‍ നടത്തുകയായിരുന്നു. മൂന്നുവര്‍ഷമായി സൌദിയിലുള്ള നൌഷാദ് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍പോയി വന്നത്. അസന്‍കുട്ടിയാണ് പിതാവ്. ഭാര്യ സഫരിയയും രണ്ടുമക്കളും നാട്ടിലുണ്ട്.
നജിം കൊച്ചുകലുങ്ക്