Tuesday, October 20, 2009

തൊഴില്‍പ്രശ്നം: ഇന്ത്യന്‍ തൊഴിലാളികള്‍ എംബസിക്ക് പരാതിനല്‍കി

റിയാദ്: തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഏഴ് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ കമ്പനിയാസ്ഥാനത്തിന് മുന്നില്‍ ദിവസങ്ങളായി തെരുവില്‍ കഴിയുന്നു. കൃത്യമായി ശമ്പളം കിട്ടാത്തതടക്കം വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് ജിദ്ദയിലെ ജോലിസ്ഥലത്ത് നിന്ന് റിയാദിലെ കമ്പനിയാസ്ഥാനത്തെത്തിയ ഏഴ് പഞ്ചാബി ഡ്രൈവര്‍മാരാണ് ഓഫീസ് കവാടത്തിന് മുന്നില്‍ വെറും നിലത്ത് രാവും പകലും കഴിച്ചുകൂട്ടുന്നത്. എത്രയും വേഗം തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ജിദ്ദയിലേക്ക് മടങ്ങിപ്പോകില്ലെന്ന് പറയുന്ന ഇവര്‍ 'ഫൊക്കാസ' പ്രവര്‍ത്തകര്‍ വഴി ഇന്ത്യന്‍ എംബസി സാമൂഹികക്ഷേമകാര്യവിഭാഗത്തിന് ഇന്നലെ പരാതി നല്‍കി. റിയാദ് ആസ്ഥാനമായ പ്രമുഖ കരാര്‍ കമ്പനിയുടെ വിസയില്‍ ഒരു വര്‍ഷം മുമ്പ് സൌദിയിലെത്തിയ ലുധിയാന സ്വദേശികളായ ബച്ചന്‍ സിംഗ്, ലാഖ്വീന്ദര്‍ സിംഗ്, ബടാല സ്വദേശി സുചാ സിംഗ്, ശംഖ്റൂര്‍ സ്വദേശികളായ കബല്‍ സിംഗ്, ഗുരുദിയന്‍ സിംഗ്, ദല്‍ഹി സ്വദേശി നസ്റുദ്ദീന്‍ നിസാം, ഹോഷിയാപൂര്‍ സ്വദേശി പവന്‍ കുമാര്‍ എന്നിവരാണ് കമ്പനി കരാര്‍ ലംഘനത്തിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. ചാണ്ഡിഗഡിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് ഇവര്‍ റിയാദിലെത്തിയത്. 1200 റിയാലാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ കമ്പനിയധികൃതരുടെ നിലപാട് മാറിയെന്നാണ് അവരുടെ പരാതി. റിയാദിലെത്തിയ ഉടനെ ജിദ്ദയിലേക്ക് സ്ഥലംമാറ്റിയ ഇവര്‍ക്ക് 650 റിയാല്‍ മാത്രമേ ശമ്പളമായി നല്‍കിയുള്ളൂ. ഇതുപോലും പ്രതിമാസം കൃത്യമായി കൊടുക്കാറില്ലത്രെ. ദിവസം 14 മണിക്കൂര്‍ വരെയാണ് ഡ്യൂട്ടി. ഹെവി ഡ്രൈവര്‍മാരായ ഇവര്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്ന ജോലിയാണ് നല്‍കിയത്. ജിദ്ദയിലെ ബുറൈമാനില്‍ ഇവര്‍ക്ക് നല്‍കിയ താമസസൌകര്യം യാതൊരു അടച്ചുറപ്പുമില്ലാത്ത താല്‍ക്കാലിക ഷെഡുകളിലായിരുന്നത്രെ. ഒട്ടും സുരക്ഷിതമല്ലാത്ത ഈ ഷെഡ്ഡുകളില്‍ കള്ളന്മാര്‍ കടന്നുകയറി പലതവണ തൊഴിലാളികളുടെ വിലപ്പെട്ട സാധനസാമഗ്രികള്‍ മോഷ്ടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്്. ജിദ്ദയിലെ കമ്പനി ബ്രാഞ്ചധികൃതരോട് പലതവണ പരിഹാരം തേടിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാന്‍ ലീവ് ആവശ്യപ്പെട്ട തൊഴിലാളികളുടെ അവധിയപേക്ഷകളും നിരസിക്കുകയുണ്ടായി. പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതിനില്‍ക്കാന്‍ കഴിയാതെയായപ്പോള്‍ ഇവര്‍ രണ്ടും കല്‍പിച്ച് ജോലിനിറുത്തി റിയാദിലെ കമ്പനിയാസ്ഥാനത്തേക്ക് വരികയാണുണ്ടായത്. റിയാദിലെത്തി കമ്പനി ഓപ്പറേഷന്‍സ് മാനേജരെ കണ്ട് പരാതിനല്‍കാന്‍ ശ്രമിച്ചെങ്കിലും പരാതി കൈപ്പറ്റുന്നതുപോയിട്ട് ഇവരുടെ ആവലാതിക്ക് ചെവികൊടുക്കാന്‍ പോലും തയ്യാറായില്ലെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നാണ് ഇവര്‍ ഹെഡോഫീസ് കവാടത്തിനരുകില്‍ ഇരിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം കമ്പനിയാസ്ഥാനത്തെത്തിയ ഫൊക്കാസ ഭാരവാഹികളായ ലത്തീഫ് തെച്ചി, യൂസുഫ്, ആര്‍. മുരളീധരന്‍ എന്നിവര്‍ തൊഴിലാളികള്‍ക്ക് വേണ്ടി കമ്പനിയധികൃതരുമായി ചര്‍ച്ചചെയ്യാന്‍ തുനിഞ്ഞെങ്കിലും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ലത്രെ. നിഷേധാത്മകസമീപനം സ്വീകരിച്ച അധികൃതര്‍ തൊഴിലാളികളോട് ജിദ്ദയിലേക്ക് മടങ്ങിപ്പോകാനും ജോലിയില്‍ തുടരാനുമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി സാമൂഹിക്ഷേമകാര്യ വിഭാഗം മേധാവി ആര്‍.എന്‍. വാട്സിന് പരാതി നല്‍കിയത്. കേന്ദ്രപ്രവാസികാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്, പഞ്ചാബ് പോലീസിലെ എന്‍.ആര്‍.ഐ സെല്‍ എന്നിവിടങ്ങളിലും പരാതി നല്‍കി.

നജിം കൊച്ചുകലുങ്ക്