Sunday, October 25, 2009

സ്പോണ്‍സറുടെ ക്രൂരമര്‍ദ്ദനം; ദുരിതപര്‍വം താണ്ടി സുബൈദ നാട്ടിലെത്തി

റിയാദ്: സ്പോണ്‍സറുടെ മര്‍ദ്ദനമേറ്റ് അവശയായ മലയാളി വീട്ടുവേലക്കാരിയെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷിച്ചു നാട്ടിലേക്ക് കയറ്റിവിട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാഞ്ഞരായി മുഹമ്മദിന്റെ ഭാര്യ സുബൈദയാണ് ദുരിതപര്‍വം താണ്ടി കഴിഞ്ഞ ദിവസം വീടണഞ്ഞത്. നാട്ടുകാരനായ ഏജന്റ് നല്‍കിയ വിസയില്‍ ആറുമാസം മുമ്പാണ് റിയാദിലെത്തിയത്. ഹൌസ് ഡ്രൈവര്‍ വിസയിലെത്തിയ മകന്‍ സൈനുദ്ദീനോടൊപ്പമാണ് ഇവര്‍ വന്നത്. രണ്ടുപേരുടെയും സ്പോണ്‍സര്‍ ഒരാളാണെന്നും ഒരേ വീട്ടില്‍ തന്നെയായിരിക്കും ജോലിയെന്നുമാണ് ഏജന്റ് അലങ്ങല്ലൂര്‍ മൊയ്തീന്‍കുട്ടി ഇവരെ വിശ്വസിപ്പിച്ചിരുന്നത്. 75000 രൂപയാണ് വിസക്ക് നല്‍കിയത്. ഉമ്മയ്ക്കും മകനും ഒരേവീട്ടിലാണ് ജോലിയെന്ന വാഗ്ദാനത്തിന് പുറമെ ആഹാരവും താമസസൌകര്യവും കഴിഞ്ഞ് 1000 റിയാല്‍ വീതം ശമ്പളം ഇരുവര്‍ക്കും കിട്ടുമെന്നും ഈ ഏജന്റ് ഇവര്‍ക്ക് ഉറപ്പുനല്‍കി. സാമാന്യം ഭേദപ്പെട്ട ശമ്പളവും ഒരേവീട്ടിലെ ജോലിയും കിട്ടുന്നതിലെ സന്തോഷം റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതുവരെ മാത്രമാണ് നീണ്ടു നിന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി എയര്‍പോര്‍ട്ടില്‍ നിന്നും ആദ്യം പുറത്തുവന്ന സുബൈദയെ ഒരു സ്വദേശി പൌരന്‍ കൂട്ടിക്കൊണ്ടു പോയി. വൈകി പുറത്തിറങ്ങിയ മകനെ മറ്റൊരു സൌദിയും. അപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന സത്യം ബോധ്യപ്പെടുന്നത്. രണ്ടുവീടുകളിലേക്ക് പോയ ഇരുവര്‍ക്കും മാസങ്ങളോളം പരസ്പരം ഫോണില്‍ ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. ഒരിക്കല്‍ ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞപ്പോഴാണ് ഉമ്മയുടെ കദനക്കഥകള്‍ അറിയുന്നത്. ശമ്പളമോ ഭക്ഷണമോ നല്‍കാതെ പീഡിപ്പിക്കുകയാണെന്നും ശമ്പളം ചോദിക്കുമ്പോഴൊക്കെ പട്ടിണിക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയാണെന്നും അവര്‍ മകനെ കണ്ണീരോടെ അറിയിച്ചു. മുഖത്തിന് അടിയേറ്റ് ഒരു ചെവിയുടെ കേള്‍വിശക്തി ഭാഗികമായി നഷ്ടമായെന്ന് അവര്‍ നിലവിളിപോലെ പറയുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ കേട്ടുനില്‍ക്കാനെ ആ മകന് കഴിഞ്ഞുള്ളൂ. ചെവിക്ക് നല്ല വേദനയുണ്ടാവാറുണ്ടെന്നും അവര്‍ പറഞ്ഞു. സുഖമില്ലാത്ത കാരണത്താല്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് സ്പോണ്‍സര്‍ അടിച്ച് മുഖം നീരുവരുത്തിയിരുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത ഉമ്മയുടെ വിമ്മിഷ്ടം മകന്‍ ഫോണിലൂടെ തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ചെറിയപെരുന്നാളിന് രണ്ടു ദിവസം പട്ടിണി കിടക്കേണ്ടിവന്ന അവസ്ഥകൂടി കേട്ടപ്പോള്‍ സഹിക്കാനാവാതെ ഉമ്മയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു സൈനുദ്ദീന്‍ 'റിഫ്' പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നടത്തിയ പരിശ്രമത്തിന്റെ ഫലമായി ജോലിസ്ഥലത്ത് നിന്ന് സുബൈദയെ രക്ഷിക്കാന്‍ കഴിഞ്ഞു. എംബസിയുടെയും സാമൂഹികപ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദഫലമായി നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നല്‍കാന്‍ സ്പോണ്‍സര്‍ നിര്‍ബന്ധിതനായി. ഓര്‍ക്കാപ്പുറത്ത് ജീവിതത്തെ വന്നുമൂടിയ ദുരിതങ്ങളുടെ കെട്ടഴിച്ച് ഒടുവില്‍ സുബൈദ നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ഇവര്‍ ആശ്വാസത്തോടെ സ്വന്തം വീടണഞ്ഞു. ഉമ്മയെ ജീവനോടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ ആശ്വാസത്തോടെ സൈനുദ്ദീന്‍ ഇന്ത്യന്‍ എംബസിക്കും റിഫ് പ്രവര്‍ത്തകരായ മുനീബിനും ബഷീര്‍ തിരൂരിനും നന്ദി പറയുകയാണ്. സൈനുദ്ദീനും പറഞ്ഞ ശമ്പളമോ സൌകര്യങ്ങളോ ഇല്ലാതെ 600 റിയാല്‍ ശമ്പളത്തിനാണ് റിയാദില്‍നിന്നും 1000ാളം കിലോമീറ്ററകലെ ജോലി ചെയ്യുന്നത്.

നജിം കൊച്ചുകലുങ്ക്

പിണറായിയുടെ പ്രസ്താവന: ആശ്വാസത്തോടെ കേളി, പ്രതിരോധവുമായി നവോദയ

റിയാദ്: റിയാദിലെ ഇടതുപക്ഷ അനുഭാവ സംഘടനയായ 'കേളി'യില്‍ നിന്ന് വേര്‍പ്പെട്ട് പോയവര്‍ രൂപവത്കരിച്ച 'നവോദയ^റിയാദി'ന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന കേളിക്ക് ആശ്വാസം പകരുമ്പോള്‍ നവോദയ പ്രതിരോധത്തിലാണ്. അബൂദാബി ശക്തി തിയറ്റേഴ്സിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശാഭിമാനി വാരിക പുറത്തിറക്കിയ പ്രവാസി പതിപ്പിന്റെ പ്രകാശനം കോഴിക്കോട് നിര്‍വഹിക്കുന്നതിനിടയിലാണ് പിണറായി ഈ പ്രസ്താവന നടത്തിയത്. കേളിയാണ് റിയാദിലെ ഇടതുപക്ഷ വീക്ഷണമുള്ള യഥാര്‍ഥ സംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ ആക്ഷേപിക്കുന്ന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് റിയാദിലെ നവോദയയെന്നും സൌദിയുടെ മറ്റുഭാഗങ്ങളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷവീക്ഷണമുള്ള ഏറ്റവും വലിയ സംഘടനയായ 'നവോദയ'യുടെ പേര് സ്വീകരിച്ച് ഈ ബദല്‍ സംഘടന കേരളത്തിലെ പല പാര്‍ട്ടി നേതാക്കളെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടത്തുന്നതെന്നും സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ച് തെറ്റുതിരുത്താന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം തുടര്‍ന്ന് ആവശ്യപ്പെട്ടു. നേരത്തെ അബൂദാബി ശക്തി തിയറ്റേഴ്സില്‍ പ്രശ്നങ്ങളുണ്ടാക്കിയ ഒരു വിഭാഗം അതേപേരില്‍ മറ്റൊരു സംഘടനയുണ്ടാക്കി തങ്ങളാണ് യഥാര്‍ഥ 'ശക്തി'യെന്ന് അവകാശപ്പെട്ടിരുന്ന കാര്യവും പിണറായി ഓര്‍മ്മിപ്പിച്ചു. 'ശക്തിക്ക്' ബദലായി പേര് പകര്‍ത്തിയതുകൊണ്ട് നിലനില്‍ക്കാനാവില്ലെന്ന് കുറച്ചുകാലം കൊണ്ട് ബോധ്യപ്പെട്ടതോടെ ബദല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും ഇതുസംബന്ധിച്ച വിവാദം കെട്ടടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുഖപത്രം ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത റിയാദില്‍ രണ്ടുതട്ടില്‍ നില്‍ക്കുന്ന ഇടതുപക്ഷ അനുകൂലികളുടെ ഇടയില്‍ സ്വാഭാവികമായും വാദപ്രതിവാദങ്ങള്‍ക്ക് തിരികൊളുത്തി. യഥാര്‍ഥ ഇടതുപക്ഷ സംഘടനയാണെന്ന അവകാശവാദത്തോടെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ച് ആ പരിപാടികളെ സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കളെ കൊണ്ടുതന്നെ ഫോണിലൂടെ അഭിസംബോധന ചെയ്ത് സംസാരിപ്പിച്ച് മുന്നേറ്റം നടത്തുന്ന 'നവോദയ'യെ സംസ്ഥാന സെക്രട്ടറിയുടെ ഒറ്റപ്രസ്താവനയിലൂടെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കേളി. എന്നാല്‍ പിണറായിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു പ്രസ്താവനയിറക്കിയതെന്ന് മറുവാദമുന്നയിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് നവോദയ. ഈ വിഷയത്തില്‍ ഇരുസംഘടനയുടെയും മുന്‍നിര പ്രവര്‍ത്തകര്‍ തന്നെ പരസ്പരം ഈമെയില്‍ യുദ്ധവും ആരംഭിച്ചിട്ടുണ്ട്. 'നവോദയ' ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനയാണെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികസംഘടനയാണെന്ന് തങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നും നവോദയ കണ്‍വീനര്‍ കുമ്മിള്‍ സുധീര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ ആശയപരമായ വിയോജിപ്പുകളുള്ളതുകൊണ്ടാണ് തങ്ങള്‍ പുറത്തുവന്ന് പുതിയ സംഘടന രൂപവത്കരിച്ചത്. അന്നും ഇന്നും തങ്ങള്‍ മാര്‍ക്സിസ്റ്റ് അനുഭാവികളാണ്. രൂപവത്കരണ സമയത്ത് കേളിയെയും പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. പിന്നീട് പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമതി നല്‍കിയത്.

നജിം കൊച്ചുകലുങ്ക്