Tuesday, November 3, 2009

മൂന്ന് തമിഴന്മാരുടെ മരണകാരണം വിഷമദ്യമെന്ന് വൈദ്യറിപ്പോര്‍ട്ട്

റിയാദ്: മൂന്നുമാസം മുമ്പ് റിയാദിലുണ്ടായ മൂന്നു തമിഴന്മാരുടെ മരണം വിഷമദ്യം മൂലമാണെന്ന് വൈദ്യറിപ്പോര്‍ട്ട്. ബദിയ, ദാഅല്‍ മഹദൂദില്‍ നിര്‍മാണത്തൊഴിലാളികളായിരുന്ന കന്യാകുമാരി തലക്കുളം പുതുവിളൈ തിങ്കള്‍ നഗര്‍ സ്വദേശികളായ നടേശന്‍ ചെല്ല നാടാര്‍ (47), മകന്‍ മണി (28), പുതുവിളൈ കണ്ടനുവിളയില്‍ മരിയ രാജേന്ദ്രന്‍ (45) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നുപേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. ഇവരെല്ലാം ദാഅല്‍ മഹദൂദില്‍ ജോലിസ്ഥലത്തോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് ഒരുമിച്ചു കഴിഞ്ഞവരാണത്രെ. മീഥൈല്‍ ആല്‍ക്കഹോള്‍ അമിതമായി ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് മൃതദേഹങ്ങളില്‍ നടത്തിയ വൈദ്യപരിശോധന ഫലം തെളിയിക്കുന്നത്. ഇന്ത്യന്‍ എംബസിക്ക് പോലീസ് നല്‍കിയ വൈദ്യറിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കുകയായിരുന്നത്രെ. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമകാര്യവിഭാഗം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പി.ആര്‍.സി ജനറല്‍ സെക്രട്ടറി ശിഹാബ് കൊട്ടുകാടിനെ എംബസി ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ശിഹാബ് വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ശ്രമം നടത്തുന്നതിനിടയിലാണ് മരിച്ച മൂന്നുപേരും സ്പോണ്‍സറുമാരുടെ അടുത്തുനിന്ന് ഒളിച്ചോടി ഇഖാമയൊ മറ്റ് രേഖകളൊ ഇല്ലാതെ അനധികൃതമായി താമസിക്കുന്നവരായിരുന്നെന്ന് വെളിപ്പെട്ടത്. കാഴ്ചശക്തി നഷ്ടപ്പെട്ടവരില്‍ രണ്ടുപേരെ അവരുടെ സ്പോണ്‍സര്‍മാര്‍ നാട്ടിലേക്ക് തിരിച്ചയച്ചെന്ന് വിവരം കിട്ടിയിട്ടുണ്ട്. ഒരാള്‍ കാഴ്ച നഷ്ടപ്പെട്ട നിലയില്‍ ബദിയയിലെ ഒരു മുറിയില്‍ കഴിയുകയാണെന്നും അറിയുന്നു. ഇവരും മരിച്ചവരുടെ അതേ നാട്ടുകാരാണത്രെ. ഇക്കഴിഞ്ഞ ജൂലൈ 12നാണ് ദുരന്തമുണ്ടായത്. രാവിലെ മുറിക്കുള്ളില്‍ രണ്ടുപേര്‍ മരിച്ചുകിടക്കുന്ന വിവരമറിഞ്ഞെത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മണിയും മരിയ രാജേന്ദ്രനുമാണ് മുറിക്കുള്ളില്‍ മരിച്ചുകിടന്നത്. മൂന്ന് ദിവസത്തിന് ശേഷം ബദിയ പ്രിന്‍സ് സല്‍മാന്‍ ആശുപത്രിയിലാണ് മണിയുടെ പിതാവ് നടേശന്‍ മരിച്ചത്. നിര്‍മാണ തൊഴില്‍ കരാറെടുത്തു ചെയ്യുന്നവരായിരുന്നു ആറുപേരും. ഒരുമിച്ച് താമസിക്കുന്ന ഇവര്‍ രാത്രിയില്‍ അമിതമായി മദ്യപിക്കുകയായിരുന്നത്രെ. അതാണ് ദുരന്തത്തില്‍ കലാശിച്ചത്. നടേശന്റെ മൃതദേഹം പ്രിന്‍സ് സല്‍മാന്‍ ആശുപത്രി മോര്‍ച്ചറിയിലും മറ്റുരണ്ടുപേരുടേതും ശുമേസി ആശുപത്രി മോര്‍ച്ചറിയിലുമാണ്. മൂന്നുപേരുടെയും സ്പോണ്‍സര്‍മാരെ കുറിച്ചോ, ഇഖാമ, പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകള്‍ സംബന്ധിച്ചോ അറിവില്ല. ഇതിനായി അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇതുമൂലം നടപടിക്രമങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മൂന്നു കുടുംബങ്ങളും ആവശ്യമുന്നയിച്ചിരിക്കുകയാണ്.

നജിം കൊച്ചുകലുങ്ക്