മരുഭൂമിയില്‍ മഴ പെയ്യുന്നത് ഒരു പാത്രത്തിലേക്ക് വെള്ളമൊഴിക്കുന്നതുപോലെയാണ്. പാത്രത്തിന്റെ വക്കോളമെത്തുമ്പോള്‍ വെള്ളം തുളുമ്പി തൂവും. അതുപോലൊന്നു തുളുമ്പിതൂവിയതാണ് മരുഭൂമി കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജലദുരന്തത്തിന് ജിദ്ദയെ കണ്ണീര്‍സാക്ഷിയാക്കിയത്. പ്രളയത്തിന്റെ മൂന്നാംദിവസം ദുരന്ത മുഖത്ത് കണ്ടതും കേട്ടതും മാധ്യമ പ്രവര്‍ത്തകന്‍ ഷഖീബ് കൊളക്കാടന്‍ വിവരിക്കുന്നു
ജിദ്ദയിലെ മലവെള്ളപ്പാച്ചില്‍ നക്കിത്തുടച്ചത് മലയാളികളുടെ സ്വപ്നങ്ങള്‍
ജിദ്ദ: രണ്ട് മണിക്കൂര്‍ തുള്ളിക്കൊരുകുടം വെച്ച് പെയ്ത മഴ ജാമ ഗുവൈസയിലും കിലോ 14 ലും അറസാത്തിലും ഉള്ള പ്രവാസികളും സ്വദേശികളും ഒരു പോലെ ആസ്വദിച്ചു. കാരണം അവരില്‍ പലര്‍ക്കും ജിദ്ദയില്‍ അങ്ങിനെയൊരു മഴ പുത്തന്‍ അനുഭവമായിരുന്നു. കോരിച്ചൊരിഞ്ഞെത്തിയ മഴയില്‍ വരണ്ട മരുഭൂമി നനഞ്ഞു കുതിരുന്നത് ആസ്വദിച്ചു കൊതി തീരും മുമ്പേ മഴ തോര്‍ന്നു. നിനച്ചിരിക്കാതെ വന്ന മഴയെ കുറിച്ചുള്ള മധുരതരമായ ഓര്‍മ്മകള്‍ ഏറെ നേരം മനസില്‍ നിന്നില്ല. അതിനു മുമ്പേ പെട്ടെന്നാണ് റോഡിനു മുകളില്‍ നിന്നും കാതടപ്പിക്കുന്ന ശബ്ദവുമായി മലവെള്ളം കുതിച്ചെത്തിയതെന്ന് ഹാറ റഷീദിലെ ഒരു കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്യുന്ന വണ്ടൂര്‍ സ്വദേശി സുനീര്‍ ഓര്‍ക്കുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അദ്ദേഹത്തിനും കൃതമായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല.
സുനീര്‍ ജോലി ചെയ്തിരുന്ന കല്യാണമണ്ഡപവും അവിടെയുള്ള മററ് കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് മലവെള്ളം തുടച്ചു നീക്കി. അതിശക്തമായി വന്ന വെള്ളത്തോടൊപ്പം റോഡിലുണ്ടായിരുന്ന ട്രെയിലറുകളും ടാങ്കര്‍ ലോറികളും കാറുകളും മററ് വാഹനങ്ങളും താഴോട്ട് ഒഴുകിത്തുടങ്ങി. വാഹനങ്ങളില്‍ യാത്ര ചെയ്തവരില്‍ പലര്‍ക്കും വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെടാനായെങ്കിലും പലരും വാഹനത്തോടൊപ്പം ഒഴുകിപ്പോയി. വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയ സുനീര്‍ ഒരു ജി.എം.സി വണ്ടിയുടെ അരികില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. സൂനീറിനെ മുറുകെപ്പിടിച്ച് സുഡാനിയായ സൂപ്പര്‍വൈസര്‍ ഏറെ നേരെ നിന്നെങ്കിലും പിന്നീട് പിടിവിട്ട് ഒഴുകിപ്പോയി. മൂന്ന് ദിവസമായിട്ടും അദ്ദേഹത്തിന്റെ ഒരു വിവരവുമില്ലെന്ന് സുനീര്‍ പറഞ്ഞു. ഇങ്ങിനെ ഈ ഭാഗങ്ങളിലെല്ലാം വെള്ളത്തോടൊപ്പാ ഒഴുകിപ്പോയവര്‍ നൂറു കണക്കിനാണ്. പല സ്ഥലങ്ങളിലും ഭൂമിക്കടിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. ജിദ്ദയിലെ സിവില്‍ ഡിഫന്‍സ് ട്രൂപ്പും മററ് രക്ഷാ പ്രവര്‍ത്തകരും അധികവും മക്കയിലും മിനായിലും മദീനയിലുമായി ഹജജ് സര്‍വ്വീസിലാണ്. എങ്കിലും ഊര്‍ജ്ജിതമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയുടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.
പ്രവാസികളില്‍ മലയാളികളെ തെല്ലൊന്നുമല്ല പ്രളയം ബാധിച്ചത്. വര്‍ഷങ്ങളായി പലരും കെട്ടിപ്പൊക്കി കൊണ്ടു വന്ന സ്വപ്നങ്ങളാണ് അര മണിക്കൂര്‍ നീണ്ട പ്രളയം നക്കിത്തുടച്ചത്. മണ്ണാര്‍ക്കാട് സ്വദേശി അലവിക്കുട്ടിയും നാട്ടുകാരനായ സുഹൃത്തും ചേര്‍ന്ന് നടത്തുന്ന പ്ളംബിംഗ് ഷോപ്പ് നിന്നിരുന്ന കെട്ടിടം ശ്മശാനം പോലെ നിരപ്പായിരിക്കുന്നു. കടയില്‍ ഒഴുകി വന്ന വണ്ടികളും മററ് ചപ്പ് ചവറും കൂടിക്കിടക്കുന്നു. ഇനി ഒരു പുനരാവഷ്കരണം സാദ്ധ്യമല്ലാത്ത വിധം പല കടകളും അതിന്റെ മുന്‍പിലൂടെയുള്ള റോഡുകളും തകര്‍ന്നു തരിപ്പണമായി. ഹാറ റഷീദിലെ ഹയാത്ത് സൂപ്പര്‍മാര്‍ക്കററും പെട്രോള്‍ സ്റേറഷനും ഗ്യാസ് കടയും ബുഖാരി റെസ്റേറാറന്റും ബാര്‍ബര്‍ ഷാപ്പും ഖുബൂസ് കടയും എല്ലാം മലയാളികളുടേതോ മലയാളി ജോലിക്കാരുള്ളതോ ആണ്. ഉടുതുണി പോലും ബാക്കിവെക്കാതെ ജോലി സ്ഥലവും താമസസ്ഥലവും പ്രളയം തുടച്ചു നീക്കിയപ്പോള്‍ വര്‍ഷങ്ങളുടെ സമ്പാദ്യവും രണ്ട് ദിവസം കഴിഞ്ഞ് വരുന്ന ബലി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുമാണ് വെള്ളത്തിനടിയിലായത്. വണ്ടൂര്‍ സ്വദേശികളായ മുഹമ്മദ് കുട്ടി ജോലി സ്ഥലത്തു നിന്നും ഇറങ്ങി ഓടിയതിനാല്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ്. ഒട്ടേറെ മലയാളികളെ ദുരന്തത്തില്‍ കാണാതായിട്ടുണ്ട്. കിഴിശേãരി സ്വദേശികളായ മൂന്ന് മലയാളികള്‍ വെള്ളത്തില്‍ ഒലിച്ചു പോയതായും ഇതുവരെ ഒരു വിവിരവും ലഭിച്ചിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. മലപ്പുറം അരീക്കോടിനടുത്ത ചെമ്രക്കാട്ടൂര്‍ സ്വദേശി അബ്ദുസ്സലാം ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് വെള്ളം ഇരച്ച് കയറിയപ്പോള്‍ മുഴുവനായും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. ഏറെ പണിപ്പെട്ടാണ് സലാം ജീവിതത്തിലേക്ക് നീന്തിക്കയറിയത്. യാസര്‍ സൂപ്പര്‍മാര്‍ക്കററില്‍ ജോലി ചെയ്തിരുന്ന എടവണ്ണപ്പാറ സ്വദേശി അബ്ദുല്‍ നാസര്‍ ശരീരം മുഴുവന്‍ പരിക്കുകളുമായി ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കണ്ണൂര്‍ സ്വദേശി രാജേഷ് വെള്ളത്തില്‍ കുടുംബ സമേതം ഒലിച്ചു പോയ സ്പോണസറെക്കുറിച്ചോര്‍ത്ത് കണ്ണീരൊഴുക്കുന്നു. അദ്ദേഹത്തിന്റെ നിസ്സാന്‍ പെട്രാള്‍ വണ്ടി പോലും ഇതു വരെ കണ്ടെത്താനായിട്ടില്ല. കിലോ പത്തിലെ സിഗ്നലില്‍ നിന്നും അന്‍പതോളം വണ്ടികളാണ് തൊട്ടടുത്ത അല്‍ റാഷിദ് കണ്‍സ്ക്ര്ഷന്‍ കമ്പനിയുടെ റോഡ് പണി നടക്കുന്ന സ്ഥലത്തേക്ക് ഒഴുകി വന്നത്. അവിടെയുള്ള 12 മീററര്‍ താഴ്ചയുള്ള കുഴിയിലേക്ക് ഓരോ വണ്ടികളായി പതിക്കുമ്പോള്‍ പലരേയും ജോലി സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് രക്ഷിക്കാനായതായും പലരും കുഴിയിലേക്ക് വണ്ടിയോടൊപ്പം താഴ്ന്നിറങ്ങുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നതായി കമ്പനിയിലെ സിവില്‍ എഞ്ചിനീയറും കാസര്‍കോഡ് സ്വദേശിയുമായ അസീസ് പറഞ്ഞു. അവിടെ ഇപ്പോഴും തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വണ്ടികളില്‍ കുടുങ്ങിപ്പോയ ഒട്ടേറെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതായും അസീസ് പറഞ്ഞു.
പെരുന്നാള്‍ ദിവസം മാറിയുടുക്കാന്‍ വസ്ത്രം പോലുമില്ലാതെ കഷ്ടപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യക്കാരെക്കുറിച്ചന്വേഷിക്കാന്‍ ജിദ്ദയിലെ സാമൂഹ്യ പ്രവര്‍ത്തകരോ കോണ്‍സുലേററ് ഉദ്യോഗസ്ഥരോ എത്തിയില്ലെന്ന ശക്തമായ പ്രതിഷേധം അവര്‍ക്കുണ്ട്. സാമൂഹ്യ സംഘടനകള്‍ പലതും ഹജജിന്റെ സേവനങ്ങള്‍ക്കായി മക്കയിലായിരുന്നും എന്നാണ് ഇതിന് ന്യായീകരണമെങ്കിലും സംഭവം നടന്ന് നാലാം ദിവസമാണ് കോണ്‍സുലര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലം സന്ദര്‍ശിച്ചത്. മലയാളി സംഘടനകളുടെ പ്രതിനിധികള്‍ സംയുക്തമായി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിക്കയും അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ തീരുമാനിക്കയും ചെയ്തതായി ഐ.സി.സി സെക്രട്ടറി കെ.ടി.എ മുനീര്‍ പറഞ്ഞു. കെ.എം.സി.സി ജിദ്ദ കമ്മററി ദുരിതമനുഭവിക്കുന്നവര്‍ക്ക് വസ്ത്രവും മററ് ഭക്ഷണസാധനങ്ങളും എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചതായറിയുന്നു. വൈകിയാണെങ്കിലും ജിദ്ദയിലെ സാമൂഹിക സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണ്.
പ്രളയം ഏറെ ദുരിതം വിതച്ച ജാമ ഖുവൈസ മുതല്‍ അരസാത്ത്, ഹറ റഷീദ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ജിദ്ദ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളായതിനാല്‍ അവിടെയെല്ലാം ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മിക്കവര്‍ക്കും താമസ രേഖയോ മററ് തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലാത്തവരായതാണ് പലരുടേയും വിവരങ്ങള്‍ ശരിയായ രീതിയില്‍ കോണ്‍സുലേററിലോ മററ് അധികൃതര്‍ക്കോ ലഭിക്കാതെ പോകുന്നതെന്നും അറിയുന്നു. മഴവെള്ളം കയറി ജിദ്ദയിലെ ഇന്ത്യന്‍ കോണസുലേററിലും ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഷക്കീബ് കൊളക്കാടന്‍
It's a heart breaking news..while reading we are getting the exact situation in mind....I appreciate your work...
ReplyDeleteCongrats..Shakeebka
We can pray for the people, those who faced this tragedy...
Subeesh
രണ്ട് മണിക്കൂർ പെയ്ത മഴ?
ReplyDeleteഅത് നിങ്ങൽ ശറഫിയ ഭാഗത്തുള്ളവർക്ക്. ഞങ്ങൾ കിലോ 14നും അപ്പുറത്തുള്ളവർക്ക് രാവിലെ 10ന് തുടങ്ങിയ ശക്തമായ മഴ മൂന്നര മണിക്കാണ് കുറച്ചെങ്കിൽലുമൊന്ന് ശാന്തമായത്. ഈ വെള്ളമാണ് ആ വഴിക്ക് ഒലിച്ച് വന്നത്.
ഈ മരുഭൂമി ഉണ്ടായിട്ടിതു വരെ ഒരു തോടൊ, പുഴയൊ ദൈവം സൃഷ്ടിച്ചില്ല. അത് കൊണ്ട് മനുഷ്യ നിർമിതിയായ റോഡ് വഴി തന്നെ വെള്ളം ഒഴുകിയത്. അതിൽ ഒന്നിനേയും പേടിയില്ലാത്ത വെള്ളം തന്റെ മുന്നിലെ എല്ലാത്തിനെയും തകർത്ത്, ചിലതിനെ തന്റെ ഒപ്പം കൂട്ടി ഒഴുകി. പുറത്തുള്ളവർ അറിഞ്ഞതോ പത്രത്തിൽ വന്ന തല കുത്തി നിന്നാൽ കണ്ണ് മൂടാത്ത, ഗുമാമ പെട്ടിയുടെ ചക്രം മൂടാത്ത വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളും.
ദുരന്തത്തിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാക്കാതെ കുറച്ച് ചിത്രങ്ങൾ സഹിതം ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു.
ഇപ്പോഴും കിലോ പത്തിലെ പ്രകൃതി സ്വയം കബറടക്കം ചെയ്ത വാഹനങ്ങളെ മണ്ണ് മാന്തിയെടുക്കുന്നതിൽ നിന്നും മയ്യത്തുകൾ പുറത്തെടുക്കുന്നു.
ഇന്ത്യൻ എമ്പസി! അതെന്താ...??