Monday, October 12, 2009

രോഗിയായി തെരുവില്‍ കിടന്ന അന്‍വര്‍ഷ നാട്ടിലേക്ക് പോയി

റിയാദ്: രോഗിയായത് മൂലം കമ്പനിയധികൃതര്‍ തെരുവില്‍ തള്ളിയ മലയാളിയുടെ പ്രശ്നം സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പായി. പ്രമേഹം മൂര്‍ഛിച്ച് കാലില്‍ പഴുത്തൊലിക്കുന്ന വ്രണവുമായി ദിവസങ്ങളോളം ബത്ഹയിലെ തെരുവില്‍ കിടന്ന മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശി കൊടലായില്‍ മുഹമ്മദ് അന്‍വര്‍ഷ (49) യെ സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്ത വിവരം ഇന്നലെ 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. റിയാദ് കേന്ദ്രമായ പ്രമുഖ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ പാചകക്കാരനായ ഇയാളെ രോഗബാധയെ തുടര്‍ന്ന് ശമ്പളമോ, കിടക്കാനിടമോ, ചികില്‍സയൊ നല്‍കാതെ കമ്പനിയധികൃതര്‍ പുറത്താക്കിയ വിവരം ഫൊക്കാസ ഭാരവാഹികള്‍ വഴി എംബസി സാമൂഹിക ക്ഷേമ വിഭാഗത്തിന് പരാതിയായും നല്‍കിയിരുന്നു. എംബസിയധികൃതര്‍ ചുമതലപ്പെടുത്തിയ പ്രകാരം ഫൊക്കാസ ജനറല്‍ സെക്രട്ടറി മാള മൊഹ്യുദ്ദീന്‍ കമ്പനി ആസ്ഥാനത്ത് ചെന്ന് ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തുകയും മനസലിഞ്ഞ അധികൃതര്‍ വിസ റദ്ദ് ചെയ്ത് ഇയാളെ നാട്ടില്‍ അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മുഴുവന്‍ ശമ്പളവും, വിമാന ടിക്കറ്റും നല്‍കാമെന്നും അവര്‍ സമ്മതിച്ചു. ടിക്കറ്റും ശമ്പളവും കിട്ടിയ അന്‍വര്‍ഷ ഒമാന്‍ എയറില്‍ ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. ഒരുപാട് പ്രതീക്ഷകളുമായെത്തി വെറും കയ്യോടെ മടങ്ങേണ്ടിവന്ന അന്‍വര്‍ഷാക്ക് ആള്‍കേരള പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ 'സാന്ത്വനം' കിറ്റ് നല്‍കി. കുടുംബത്തിനാവശ്യമായ വസ്ത്രമടക്കം വിവിധ സാധനങ്ങളടങ്ങിയ 'സാന്ത്വനം' കിറ്റ് അസോസിയേഷന്‍ സെക്രട്ടറി നസീര്‍ കടക്കല്‍ അന്‍വര്‍ഷാക്ക് കൈമാറി. ഇയാളുടെ ദുരിതകഥയറിഞ്ഞവര്‍ നല്‍കിയ സംഭാവനകള്‍ സമാഹരിച്ച സഹായധനവും കൈമാറി. കേരളത്തിലെ ഏതെങ്കിലും മികച്ച ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ സൌജന്യമായി ലഭ്യമാക്കാന്‍ വേണ്ട സഹായങ്ങള്‍ തൃശൂര്‍ ആസ്ഥാനമായ 'ശാന്തി മെഡിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സെന്റര്‍' മേധാവി ഉമാപ്രേമന്‍ വാഗ്ദാനം ചെയ്തതായി സെന്ററിന്റെ റിയാദ് ഘടകം കണ്‍വീനര്‍ അലോഷ്യസ് അറിയിച്ചു. തന്റെ ദുരിതത്തില്‍ തന്നെ സഹായിക്കാന്‍ രംഗത്തെത്തിയ എല്ലാവരോടും അന്‍വര്‍ഷ യാത്രയയപ്പ് ചടങ്ങില്‍ നന്ദി പറഞ്ഞു. നാട്ടിലെത്തിയാലുടന്‍ വിസക്കായി കടമായും മറ്റും സമാഹരിച്ചു നല്‍കിയ 75000 രൂപ കോഴിക്കോട്ടെ ഏജന്റില്‍ നിന്ന് തിരിച്ചുവാങ്ങാന്‍ ശ്രമിക്കുമെന്നും അന്‍വര്‍ഷാ പറഞ്ഞു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള നിര്‍ദ്ധനകുടുംബത്തിന്റെ ഏകാശ്രയമായ അന്‍വര്‍ഷ ഈ വര്‍ഷം ഓഗസ്റ്റ് 16നാണ് കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി വഴി റിയാദിലെത്തിയത്.

നജിം കൊച്ചുകലുങ്ക്

രോഗിയായ തൊഴിലാളിയെ കമ്പനിയധികൃതര്‍ തെരുവിലുപേക്ഷിച്ചു

റിയാദ്: പ്രമേഹം മൂര്‍ഛിച്ച് അവശനായ മലയാളിയെ മാന്‍പവര്‍ സപ്ലൈ കമ്പനിയധികൃതര്‍ തെരുവിലുപേക്ഷിച്ചതായി ഇന്ത്യന്‍ എംബസിക്ക് പരാതി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശി കൊടലായില്‍ മുഹമ്മദ് അന്‍വര്‍ഷ (49) യെയാണ് കാലിലെ പഴുത്ത് നീരൊലിക്കുന്ന വ്രണവുമായി ദിവസങ്ങളായി ബത്ഹയിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. റിയാദ് കേന്ദ്രമായ പ്രമുഖ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ പാചകക്കാരനായ ഇയാളെ രോഗബാധിതനായതിനെ തുടര്‍ന്നാണ് ശമ്പളമോ, കിടക്കാനിടമോ, ചികില്‍സയൊ നല്‍കാതെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതെന്ന് ഫൊക്കാസ ഭാരവാഹികള്‍ വഴി എംബസി സാമൂഹിക ക്ഷേമ വിഭാഗത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 16നാണ് കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി വഴി ഇയാള്‍ റിയാദിലെത്തിയത്. കമ്പനിയുടെ ഹൊഫൂഫിലെ പ്രൊജക്ടിലാണ് നിയമിച്ചത്. അവിടെ ജോലി ചെയ്യുന്നതിനിടെയാണ് കാലില്‍ വ്രണമുണ്ടായി പഴുത്തൊലിക്കാന്‍ തുടങ്ങിയത്. പ്രൊജക്ട് മാനേജരോട് ചികില്‍സാസഹായം ആവശ്യപ്പെട്ടെങ്കിലും പ്രാഥമിക ശുശ്രൂഷപോലും നല്‍കാതെ റിയാദിലേക്ക് വണ്ടികയറ്റിവിടുകയാണുണ്ടായത്. ചികില്‍സ കിട്ടാതെ കൂടുതല്‍ വഷളായ വ്രണവുമായി കമ്പനിയാസ്ഥാനത്തെത്തിയ മുഹമ്മദിനൊട് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതെ വിമാന ടിക്കറ്റെടുത്തുകൊടുത്താല്‍ നാട്ടിലേക്ക് തിരിച്ചയക്കാം എന്നാണ് അധികൃതര്‍ പറഞ്ഞതത്രെ. ശമ്പളമായി ഒരു റിയാല്‍ പോലും കിട്ടാതിരുന്ന മുഹമ്മദിന്റെ കൈവശം ടിക്കറ്റിന് പോയിട്ട് ആഹാരത്തിന് പോലുമുള്ള പണമുണ്ടായിരുന്നില്ല. ചികില്‍സക്കൊ, താമസിക്കാനൊ ഒരു സൌകര്യവും നല്‍കാതെ കമ്പനിയധികൃതര്‍ പറഞ്ഞുവിടുകയായിരുന്നു. പിന്നെ തെരുവു മാത്രമായിരുന്നു ആശ്രയം. വാണിജ്യ കേന്ദ്രമായ ബത്ഹയിലെത്തിയ ഇയാള്‍ ഒരു പള്ളിക്ക് സമീപം തെരുവില്‍ ദിവസങ്ങളോളം കഴിഞ്ഞു. വഴിയാത്രക്കാരോട് ഭിക്ഷവാങ്ങിയാണ് വിശപ്പകറ്റിയത്. വ്രണം അപ്പോഴേക്കും വഷളായ നിലയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ ഇയാളെ സമീപത്തെ ഷിഫ അല്‍ ജസീറ പോളിക്ലിനിക്കില്‍ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഇയാളെ പരിശോധിച്ച ഡോക്ടര്‍ പ്രമേഹം മൂര്‍ഛിച്ചതാണെന്നും എത്രയും വേഗം കൂടുതല്‍ സൌകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ നല്‍കണമെന്നും നിര്‍ദേശിച്ചു. ക്ലിനിക്കില്‍ നിന്ന് ലഭിച്ച സൌജന്യ ചികില്‍സയുടെ ആശ്വാസത്തിലാണ് മുഹമ്മദ് ഇപ്പോള്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉചിത ചികില്‍സയും താമസസൌകര്യവും ശമ്പളവും നല്‍കാന്‍ കമ്പനിയോടാവശ്യപ്പെടണമെന്നാണ് ഫൊക്കാസ പ്രവര്‍ത്തകര്‍ എംബസി സാമൂഹികക്ഷേമ വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഫൊക്കാസ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് അഭയം നല്‍കിയിരിക്കുകയാണ്.

നജിം കൊച്ചുകലുങ്ക്