Tuesday, April 26, 2011

അറബി മാധ്യമങ്ങളില്‍ നിറഞ്ഞൊരു മലയാളി പെണ്‍കൊടി

റിയാദ്: വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് ചിത്രശലഭമായ മലയാളി പെണ്‍കൊടി അറബി മാധ്യമങ്ങള്‍ക്കും പ്രിയങ്കരിയാവുന്നു. സൌദി അറേബ്യയുടെ പാരമ്പര്യ ഉല്‍സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇതാദ്യമായി ശ്രദ്ധേയമായ ഒരു മലയാളി സാന്നിദ്ധ്യം അറിയിച്ച ആരിഫ എന്ന ചിത്രകാരിയാണ് കഴിഞ്ഞ ദിവസങ്ങളിലും അറബി ദിനപത്രങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞത്. പ്രതിഭാധനയായ ഈ പത്താംക്ലാസുകാരിയുടെ അനുഗ്രഹീത ബ്രഷ് വരഞ്ഞ സൌദി ഭരണാധികാരി അബ്ദുല്ല രാജാവ്, കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ രാജകുമാരന്‍, ദമ്മാം പ്രവിശ്യാ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് എന്നിവരുടെ ഛായാചിത്രങ്ങളാണ് ജനാദ്രിയ പൈതൃകോല്‍സവത്തില്‍ തദ്ദേശീയരുടെ മുക്തകണ്ഠ പ്രശംസയേറ്റുവാങ്ങി പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്.

റിയലിസ്റ്റിക് പെയിന്റിങ് രീതിയുടെ മാസ്മരിക ചാരുത പകരുന്ന എണ്ണഛായാ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ സൌദി മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ആരിഫയെ കുറിച്ച് വിവിധ ദിനപത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളാണ് സൌദി അറേബ്യയുടെ ഏറ്റവും വലിയ പാരമ്പര്യ സാംസ്കാരികോല്‍സവത്തിലേക്കുള്ള വഴിതുറന്നത്. 26ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ തന്റെ മകള്‍ക്ക് ഇങ്ങിനെയൊരു സുവര്‍ണാവസരം കൈവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദചിത്തനായത് ചിത്രകാരന്‍ കൂടിയായ പിതാവ് നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖാണ്. 26 വര്‍ഷമായി സൌദിയിലുള്ള അദ്ദേഹം സൌദിയിലെത്തിയ ആദ്യ വര്‍ഷം മുതല്‍ തന്നെ ഈ പൈതൃകോല്‍സവത്തെ കുറിച്ച് കേട്ടുതുടങ്ങിയിരുന്നെങ്കിലും ഉല്‍സവ നഗരിയിലെത്താന്‍ അവസരമൊരുങ്ങിയത് ഇപ്പോള്‍ മാത്രമാണ്. യാദൃശ്ചികമാണ് ഈ വര്‍ഷങ്ങളുടെ കണക്കിലെ സാമ്യതയെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയൊരു അംഗീകാരമായാണ് ഈ പ്രദര്‍ശനാവസരത്തെ ഇവര്‍ കാണുന്നത്. ചിത്രകലാ കുടുംബമാണ് ഇസ്ഹാഖിന്റേത്. ചിത്രകലയില്‍ ഫൈനാര്‍ട്സ് ഡിപ്ലോമയുള്ള ഇസ്ഹാഖ് അല്‍ യൌം പത്രത്തിന്റെ ഉപപ്രസിദ്ധീകരണ വിഭാഗത്തില്‍ ചീഫ് ഗ്രാഫിക് ഡിസൈനറാണ്.

മൂത്ത മകള്‍ ആരിഫ പൂര്‍ണമായും ബ്രഷിന്റെയും വര്‍ണക്കൂട്ടുകളുടെയും ലോകത്താണെങ്കില്‍ ഇളയ മകള്‍ ജുമാന ബ്രഷിനും നിറക്കൂട്ടിനുമൊപ്പം കമ്പ്യൂട്ടര്‍ ഗ്രാഫിക് കലയിലും വിദഗദ്ധയാണ്. ഫോട്ടോഷോപ്പിലും ഇല്ലസ്ട്രേഷനിലുമുള്‍പ്പെടെ ലോകത്ത് കിട്ടാവുന്ന എല്ലാ ഗ്രാഫിക് പ്രോഗ്രാമുകളിലും വൈദഗ്ധ്യം നേടിക്കഴിഞ്ഞു. സ്റ്റേറ്റ് സിലബസില്‍ ട്യൂഷന്‍ മാസ്റ്ററുടെ സഹായത്തോടെ വീട്ടിലിരുന്ന് വിദ്യ അഭ്യസിക്കുന്ന ആരിഫ ഈ വര്‍ഷം പത്താം ക്ലാസ് പൂര്‍ത്തിയാക്കും. ജുമാന ഒമ്പതാം ക്ലാസും. ഇരുവരും പെയിന്റിങ്ങിനൊപ്പം രേഖാചിത്ര രചനയിലും കരവിരുത് തെളിയിച്ചവരാണ്. അതില്‍ ജുമാനയാണ് മുന്നില്‍. അങ്ങിനെ വരഞ്ഞ ആയിരത്തോളം രേഖാചിത്രങ്ങള്‍ കൈവശമുണ്ട്. ദിവസം ഒരു രേഖാചിത്രം എന്നതാണ് ജുമാനയുടെ രീതി. ആരിഫ നൂറോളം പെയിന്റിങുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒരു വലിയ ചിത്രപ്രദര്‍ശനം ആഗ്രഹിക്കുന്ന ഇരുവരും ഇപ്പോള്‍ തന്നെ സൈബര്‍ ലോകത്ത് തങ്ങളുടെ സ്വന്തം ബ്ലോഗുകളിലൂടെ പ്രദര്‍ശനം നടത്തുന്നുണ്ട്. www.risamaarifa.blogspot.com, www.risamajumana.blogspot.com എന്നിവയാണ് ഇവര്‍ തന്നെ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍. ബ്ലോഗുകളുടെ പശ്ചാത്തല ചിത്രങ്ങള്‍ നിര്‍മിച്ചത് ജുമാനയാണ്. ബ്ലോഗുകളെ മനോഹരമായി ഒരുക്കിയ ജുമാന കമ്പ്യൂട്ടര്‍ ചിത്രകലയില്‍ തന്റെ കരവിരുത് തെളിയിച്ചുകഴിഞ്ഞു. ഈ ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടും. സര്‍ഗ തല്‍പരരായ ഇരുവരും കഥകളും കവിതകളും എഴുതിയിട്ടുണ്ട്. മരുഭൂ ജീവിതങ്ങളില്‍ പച്ചപ്പ് സ്വപ്നം കാണുന്നതുകൊണ്ടാവും വരണ്ട മണല്‍നിറത്തേക്കാള്‍ ഇവര്‍ക്കിഷ്ടം നനവുള്ള കടും വര്‍ണക്കൂട്ടുകളെയാണ്. നജ്മയാണ് ചിത്രകാരികളുടെ മാതാവ്. 


Saturday, April 23, 2011

ലോക ഭൌമദിനം മനോഹരമായ 'ഗൂഗിള്‍ ഡൂഡി'ലായി

റിയാദ്: 41ാമത് ലോക ഭൌമദിനമായ ഇന്നലെ ലോകത്തെ ഏറ്റവും പ്രശസ്ത സെര്‍ച്ച് എഞ്ചിനായ 'ഗൂഗിള്‍' ഹോം പേജില്‍ മനോഹരമായ ഒരു ആനിമേറ്റഡ് 'ഡൂഡില്‍' ഒരുക്കിയാണ് ദിനാചരണത്തില്‍ പങ്കുചേര്‍ന്നത്. മുഖപ്പേജിലെ ഗൂഗിള്‍ എന്ന ശീര്‍ഷകം പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിരുന്നു. ഒഴുകുന്ന പുഴയിലേക്കുള്ള ജലപാതം, കാട്ടുപച്ചയിലൊളിച്ചിരുന്നു മുരളുന്ന സിംഹം, ചാടുന്ന തവള, കൈവീശി മഞ്ഞുമലയില്‍നിന്ന് ചാടാനൊരുങ്ങുന്ന പെന്‍ഗ്വിനുകള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍, ഭീമന്‍ പാണ്ട, കരടി, മലകള്‍, മരങ്ങള്‍, ആകാശം തുടങ്ങി പ്രകൃതിയുടെ മനോഹരമായ ഒരു പെയിന്റിങിന് ആനിമേഷനിലൂടെ ചലനാത്മകത പകര്‍ന്നാണ് പ്രശസ്തമായ 'ഗൂഗിള്‍ ഡൂഡിലാ'ക്കിയത്. ഈ പ്രകൃതിദൃശ്യങ്ങള്‍ക്കിടയില്‍ ഗൂഗിള്‍ എന്ന ശീര്‍ഷകം തെളിഞ്ഞുനിന്നു. ഇന്നലെ മുഴുവന്‍ ഈ ശീര്‍ഷകവുമായാണ് ഗൂഗിള്‍ ലോകത്ത് എല്ലായിടത്തും ബ്രൌസിങിന് വാതില്‍ തുറന്നത്. പരിസ്ഥിതി സംരക്ഷണത്തിന് അവബോധം നല്‍കാനുദേശിച്ച് കൊണ്ടാടുന്ന ഭൌമദിനത്തിന് അര്‍ഹിക്കുന്ന ആദരമാണ് ലോകത്തെ ഏറ്റവും വലിയ നെറ്റ് ബ്രൌസര്‍ നല്‍കിയതെന്നത് ലോക മാധ്യമങ്ങളില്‍ ഇന്നലെ തന്നെ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. സൌദിയിലെ അറബി മാധ്യമങ്ങളും ഇത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ലോകത്തെ ഏറ്റവും പ്രശസ്തമായ ആഘോഷാവസരങ്ങളില്‍ ഗൂഗിള്‍ എന്ന ശീര്‍ഷകം പല രൂപങ്ങളില്‍ ആകര്‍ഷകമായ ഡിസൈനുകളാക്കി മുഖപ്പേജില്‍ അലങ്കരിച്ചാണ് ഈ സെര്‍ച്ച് എഞ്ചിന്‍ ആഘോഷങ്ങളില്‍ പങ്കുചേരുക പതിവ്. ഇങ്ങിനെ വിവിധ ആഘോഷാവസരങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ലോഗോകളുടെ എണ്ണം ഇതുവരെ 1200ലേറെ കടന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ടെന്നിസിയില്‍ ജനിച്ച കൊറിയക്കാരനായ പ്രശസ്ത ഗ്രാഫിക് ഡിസൈനര്‍ ഡെന്നിസ് ഹ്വാങ്ങാണ് ഇത്തരം ഫെസ്റ്റിവല്‍ ലോഗോകള്‍ ഗൂഗിളിനായി ഡിസൈന്‍ ചെയ്യുന്നത്. ഇങ്ങിനെ ഡിസൈന്‍ ചെയ്യപ്പെട്ട ലോഗോകള്‍ പിന്നീട് 'ഗൂഗിള്‍ ഡൂഡിലുകള്‍' എന്ന് അറിയപ്പെടാന്‍ തുടങ്ങുകയായിരുന്നു.

Friday, April 22, 2011

'ഹുറൂബ്' : മലയാളി നഴ്സുമാര്‍ നിയമകുരുക്കില്‍നിന്ന് രക്ഷപ്പെട്ടു

റിയാദ്: 'ഹുറൂബ്' അന്യായമാണെന്ന് കണ്ടെത്തിയ റിയാദ് ഗവര്‍ണറേറ്റ് നടപടി മൂന്ന് മലയാളി നഴ്സുമാര്‍ക്ക് നീതികിട്ടാന്‍ സഹായമായി. റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരായിരുന്ന ആലപ്പുഴ കലവൂര്‍ കാട്ടൂര്‍ സ്വദേശി പളളിപ്പറമ്പില്‍ സ്മിത എഡ്വേര്‍ഡ് (31), എറണാകുളം അങ്കമാലി സ്വദേശി വര്‍ഗീസ് ബിന്‍സി (27), കോഴിക്കോട് താമരശേരി സ്വദേശി മയ്കാവ് ചാക്കോ അനുമോള്‍ (26) എന്നിവരാണ് നിയമകുരുക്കില്‍നിന്ന് മോചിതരായി ഇഖാമ പുതുക്കി തൊഴില്‍ വിസയില്‍ തുടരാന്‍ അനുമതി നേടിയത്. സൌദി മെഡിക്കല്‍ കൌണ്‍സിലിന്റെ ലൈസന്‍സുള്ള ഇവരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും അനുമതി കിട്ടിയിട്ടുണ്ട്. ശമ്പളം കൊടുക്കാതെയും മറ്റും പരാതികളുണ്ടാവുമ്പോള്‍ രക്ഷപ്പെടാന്‍ 'ഹുറൂബ്' നിയമത്തെ ദുരുപയോഗം ചെയ്യുന്ന തൊഴിലുടമകള്‍ക്ക് ഗവര്‍ണറേറ്റ് വിധി പാഠമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചിയുടെയും സഹപ്രവര്‍ത്തകരുടെയും ഇടപെടലാണ് നഴ്സുമാരുടെ നിയമപോരാട്ടത്തിന് താങ്ങായത്. 2007 ജൂണില്‍ സൌദിയിലെത്തിയ ഇവരുടെ കരാര്‍ 2009 ജൂണില്‍ തീര്‍ന്നെങ്കിലും കരാര്‍ പുതുക്കുകയോ അവധി അനുവദിക്കുകയോ ചെയ്തിരുന്നില്ല. 1800 റിയാല്‍ ശമ്പളം നല്‍കാമെന്ന കരാറിലാണ് റിക്രൂട്ട് ചെയ്തിരുന്നെങ്കിലും 1200 റിയാലാണ് നല്‍കിയത്. എട്ട് മാസത്തെ ശമ്പളം കുടിശികയും വരുത്തി. കരാര്‍ പുതുക്കാതെയും ശമ്പളം നല്‍കാതെയും ദുരിതത്തിലാക്കിയ കമ്പനി നടപടിക്കെതിരെ ഇവര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. പ്രശ്നപരിഹാരത്തിന് തൊഴിലുടമയെ സമീപിക്കാന്‍ ചുമതലപ്പെടുത്തി ലത്തീഫ് തെച്ചിക്ക് എംബസി അധികൃതര്‍ നല്‍കിയ അനുമതി പത്രവും നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും സ്മിതക്ക് ഇഖാമ എടുത്തിരുന്നില്ലെന്ന് കണ്ടെത്തി. ബിന്‍സി, അനുമോള്‍ എന്നിവര്‍ക്ക് ഇഖാമ എടുത്തിരുന്നെങ്കിലും പിന്നീട് പുതുക്കിയിരുന്നുമില്ല. തൊഴിലുടമയുമായി സംസാരിച്ചപ്പോള്‍ സ്ഥാപനം നഷ്ടത്തിലായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ജീവനക്കാര്‍ തനിക്കെതിരെ എംബസിയില്‍ പരാതികൊടുത്തിരിക്കുന്നു എന്ന് അറിഞ്ഞതോടെ വേവലാതിയിലായ തൊഴിലുടമ നടപടിയില്‍നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ തന്നില്‍നിന്ന് ഓടിപ്പോയവരാണെന്ന് കാണിച്ച് ജവാസാത്ത് (സൌദി പാസ്പോര്‍ട്ട് വിഭാഗം) അധികൃതര്‍ക്ക് പരാതി നല്‍കി 'ഹുറൂബ്' ആക്കിയത്. ഹുറൂബായവരുടെ തൊഴില്‍ പരാതികള്‍ ഗവര്‍ണറേറ്റും തൊഴില്‍ കോടതിയും സ്വീകരിക്കില്ലെന്ന മുന്‍ധാരണയോടെയാണ് ഇയാള്‍ ഇതിന് മുതിര്‍ന്നത്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട സാമൂഹിക പ്രവര്‍ത്തകര്‍ നേരത്തെതന്നെ ഗവര്‍ണറേറ്റിലെ പരാതി പരിഹാര സെല്ലില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതാണ് രക്ഷയായത്. ഈ സംഭവ വികാസങ്ങളൊന്നും അറിയാത്ത  തൊഴിലുടമ തന്റെ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മുങ്ങിയതാണെന്നും അതുമൂലം തന്റെ സ്ഥാപനത്തിന് ഭീമമായ നഷ്ടമുണ്ടെന്നും ഗവര്‍ണറേറ്റ് നടത്തിയ ഹിയറിങ്ങില്‍ വാദിച്ചുനോക്കിയെങ്കിലും രക്ഷപ്പെട്ടില്ല. അവിടെ ഹാജരാക്കിയ ഹുറൂബിന്റെ രേഖ തളളിക്കളയുകയും പരാതി സമര്‍പ്പിച്ച തീയതിയിലെ ജവാസാത് രേഖ തെളിവായി സ്വീകരിക്കുകയുമായിരുന്നു. ലത്തീഫ് തെച്ചിക്കുപുറമേ ബശീര്‍ പാണക്കാടും വനിതാ സാമൂഹിക പ്രവര്‍ത്തകരായ റഹീനാ ലത്തീഫ്, ആയിഷ ടീച്ചര്‍, ഡോ. അനുപമ ഗഫൂര്‍, ആയിഷ ബഷീര്‍, നജ്ന ഹാരിസ്, മീതു രതീഷ് എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.

Thursday, April 21, 2011

ആല്‍ബങ്ങളുടെ നിലവാരം നശിപ്പിക്കുന്നത് കലാബോധമില്ലാത്ത നിര്‍മാതാക്കള്‍

റിയാദ്: സംഗീത ആല്‍ബങ്ങളുടെ നിലവാര തകര്‍ച്ചക്ക് കാരണം യാതൊരു മുന്നൊരുക്കങ്ങളും കാഴ്ചപ്പാടുമില്ലാതെ ചിലര്‍ നിര്‍മാതക്കളായി ഇറങ്ങിപ്പുറപ്പെടുന്നതുകൊണ്ടാണെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച നിരവധി സംഗീത ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ യുവ പിന്നണി ഗായകന്‍ ഫ്രാങ്കോ പറഞ്ഞു. കായംകുളം പ്രവാസി കൂട്ടായ്മയായ 'കൃപയുടെ' നാലാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇങ്ങിനെ ഇറങ്ങിപ്പുറപ്പെടുന്ന നിര്‍മാതക്കളില്‍ അധികം പേരും വേണ്ടത്ര കലാബോധമില്ലാത്തവരും എങ്ങിനെയെങ്കിലും ഒരു ആല്‍ബം നിര്‍മിക്കുക എന്നതിനപ്പുറം അതിന്റെ കലാപരമായ ഗുണമേന്മയൊ നിലവാരമോ അവര്‍ക്കൊരു പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഫീച്ചര്‍ സിനിമയൊ ഡോക്യുമെന്ററിയൊ ഒക്കെ ചെയ്യുന്നതുപോലെ ഗൌരവവും നീണ്ടകാലത്തെ ആലോചനകളും മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങളും കലാപരമായ ഒരു ഉയര്‍ന്ന കാഴ്ചപ്പാടുമൊക്കെ സംഗീത ആല്‍ബങ്ങളുടെ നിര്‍മാണത്തിനും വേണം. എന്നാല്‍ ഇനിയൊരു ആല്‍ബം നിര്‍മിച്ചുകളയാം എന്നുകരുതുന്നവര്‍ പടച്ചുവിടുന്ന ആല്‍ബങ്ങളാണ് ഈ രംഗത്തെ നിലവാര തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. ഇതിനിടയില്‍ 'സില്‍സില' പോലുള്ള ചില ആല്‍ബങ്ങള്‍ നേടിയ വിജയത്തെ കുറിച്ച് പറയാന്‍ തനിക്ക് പ്രയാസമുണ്ട്. അപശ്രുതിയാണ് ആ ആല്‍ബത്തില്‍ മുഴുവന്‍. ഒരേ പല്ലവികളില്‍ തന്നെ പലതരം ശ്രുതികളുടെ ഒരു അവിയല്‍ ചേരുവ. നല്ല ആല്‍ബങ്ങള്‍ നിര്‍മിച്ചാല്‍ മാത്രം പോരാ, അത് നന്നായി മാര്‍ക്കറ്റ് ചെയ്യുകയും വേണം. ആധുനികമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തന്നെ പയറ്റേണ്ടിവരും. തന്റെ പല ആല്‍ബങ്ങളും അങ്ങിനെ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ കാലത്തിനിടയില്‍ 950ഓളം ആല്‍ബ ഗാനങ്ങളാണ് താന്‍ പാടിയിട്ടുള്ളത്. പലതും നല്ല വിജയം നേടിയിട്ടുണ്ട്. ഹിറ്റുകളായി മാറിയിട്ടുണ്ട്. ഇതുപോലെ പലരുടെയും ആല്‍ബങ്ങള്‍ വന്‍ ഹിറ്റുകളാണ്. കഴിവുള്ളവരെ മലയാളികള്‍ അംഗീകരിക്കും. ചിലപ്പോള്‍ അംഗീകാരങ്ങള്‍ വരുന്നത് വളരെ വേഗമാണ്. അത്തരത്തില്‍ കഴിവുള്ള പല പുതിയ ഗായകരെയും സമ്മാനിച്ചത് വളരെ പെട്ടെന്ന് ഏറെ ജനകീയമാറിയ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളാണ്. എന്നാല്‍ ഇപ്പോള്‍ ഇവയെയും ആളുകള്‍ മടുത്തു തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും കാര്യമായ പുതുമയില്ലെങ്കില്‍ ഇനി ഇവ പിടിച്ചുനില്‍ക്കുമെന്ന് കരുതുക വയ്യ. അമ്മാവനായ പ്രശസ്ത സംഗീതജ്ഞന്‍ ഒൂസേപ്പച്ചന്റെ സഹായം ഫിലിം ഇന്‍ഡസ്ട്രിയിലേക്കുള്ള തന്റെ പ്രവേശനത്തെ സഹായിച്ചിട്ടുണ്ട്. 'നമ്മള്‍' എന്ന കമല്‍ ചിത്രത്തിലെ 'രാക്ഷസി'യാണ് പാടി ആദ്യമായി പുറത്തെത്തിയ ഗാനം. അത് വലിയ ഹിറ്റായിരുന്നു. തൃശൂര്‍ സ്വദേശിയാണ് ഫ്രാങ്കോ. വാര്‍ത്താസമ്മേളനത്തില്‍ സത്താര്‍ കായംകുളം, അനി അസീസ്, രാജു കായംകുളം, ബശീര്‍ പാണ്ടിക്കാട് എന്നിവരും പങ്കെടുത്തു.

Wednesday, April 20, 2011

മുഖാമുഖം കാണാന്‍ ഇ-മലയാളികള്‍ ഒത്തുകൂടി

റിയാദ്: സൈബര്‍ സ്പേസില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും നിറയുന്നവര്‍ ഒടുവില്‍ നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അത് സൌഹൃദത്തിന്റെ പുതിയൊരു അധ്യായം രചിച്ചു.  ബ്ലോഗുകളിലും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും സജീവമായ മലയാളികളില്‍ പലരും ആദ്യമായാണ് നേരില്‍ കാണുന്നതെങ്കിലും അപരിചിതത്വത്തിന്റെ മതിലുകളില്ലാതെ അടുത്തിടപഴകാനായത് റിയാദിലെ ആദ്യത്തെ ഇ-മലയാളി സംഗമത്തെ ഹൃദ്യമാക്കി. ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന സൌഹൃദ സംഗമം പരസ്പരം കൂടുതല്‍ അറിയുന്നതിനോടൊപ്പം ഇ-വേള്‍ഡിന്റെ പുതിയ വിജ്ഞാനങ്ങളും പങ്കുവെക്കുന്നതിലേക്ക് വളര്‍ന്നു. രാവിലെ ഒമ്പതിന് തുടങ്ങിയ സംഗമത്തിലേക്ക് മലയാളം ബ്ലോഗിങ്ങില്‍ സജീവമായി നില്‍ക്കുന്നവരാണ് കൂടുതലായും എത്തിയത്. എല്ലാവരും ബ്ലോഗിങ്ങിലെ അപരനാമത്തിന്റെ ബലത്തില്‍ അറിയപ്പെടുന്നവര്‍. പാവപ്പെട്ടവന്‍, റാംജി പട്ടേപ്പാടം, ആസാദ് ആര്‍ദ്രമാനസം, ഗള്‍ഫ് കുട്ടപ്പന്‍, വായനശാല, കല്‍പ്പകഞ്ചേരി, മുഠായിത്തെരൂ, സ്കെച്ച് ടു സ്കെച്ച്, സഫാമര്‍വ, ബീമാപ്പള്ളി, മേര്‍മാന്‍, സ്ളേറ്റ് തുടങ്ങിയ പേരുകളില്‍ ബ്ലോഗിങ്ങില്‍ സജീവമായവര്‍ തങ്ങളുടെ ബ്ലോഗുകള്‍ക്ക് ഇത്തരം പേരുകള്‍ ഇട്ടതിന് പിന്നിലെ കഥകള്‍ പറഞ്ഞപ്പോള്‍ അത് പുതിയ കൌതുകങ്ങളിലേക്ക് വാതില്‍ തുറന്നു. ഫേസ്ബുക്കില്‍ സജീവമായി നില്‍ക്കുമ്പോഴും സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങാന്‍ കഴിയാതിരുന്ന പ്രവാസ എഴുത്തുകാരി സബീന എം. സാലിക്ക് പുതിയൊരു ബ്ലോഗ് തുടങ്ങാനുള്ള സാങ്കേതിക ജ്ഞാനം മറ്റുള്ളവര്‍ പകര്‍ന്നുനല്‍കി. വീഡിയോ പ്രോജക്ടറിന്റെ സഹായത്തോടെ ബ്ലോഗിങിനെ കുറിച്ചുള്ള സാങ്കേതിക വിജ്ഞാനം പകരാന്‍ വായനശാല എന്ന ബ്ലോഗിന്റെ ഉടമ എം.ബി. സുനില്‍ തയ്യാറായതോടെ സബീനക്കും ഒരു ബ്ലോഗായി. ഉച്ചക്ക് നാടന്‍ ശൈലിയില്‍ ഇലയിട്ടൊരു ഊണും കൂടിയായപ്പോള്‍ സംഗമം ഗംഭീരമായെന്ന് അംഗങ്ങള്‍. അബ്ബാസ് നസീര്‍, നൌഷാദ് കിളിമാനൂര്‍, നൌഷാദ് കുനിയില്‍, ഇസ്ഹാഖ്, ഗഫൂര്‍ തുടങ്ങി മറ്റ് ബ്ലോഗര്‍മാരും സംഗമത്തിന് നിറവേകി. അടുത്ത വിപുലമായൊരു സംഗമത്തിന് കാണാമെന്ന് പറഞ്ഞ് പിരിഞ്ഞപ്പോള്‍ പിരിയാനാകാത്തവിധം ഒറ്റദിവസം കൊണ്ടുതന്നെ അത്രമേലൊരു സൌഹൃദമുണ്ടായെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു.

Saturday, June 26, 2010

'ആടുജീവിത'ത്തില്‍നിന്ന് ജിബിനെ രക്ഷപ്പെടുത്താന്‍ മനുഷ്യസ്‌നേഹികള്‍ രംഗത്ത്

റിയാദ്: മരുഭൂമിയിലെ 'ആടുജീവിത'ത്തില്‍നിന്ന് രക്ഷ തേടിയുള്ള ജിബിന്റെ നിലവിളിക്ക് ഉത്തരമായി മനുഷ്യസ്‌നേഹികള്‍ രംഗത്ത്. ഡ്രൈവര്‍ ജോലിയുടെ വിസയിലെത്തിയ ശേഷം ആട്ടിനെ മേയ്ക്കാന്‍ നിയോഗിക്കപ്പെട്ട് മരുഭൂമിയിലെ തിളക്കുന്ന ചൂടില്‍ മനസും ശരീരവും വെന്തുരുകിയുള്ള ഈ 23കാരന്റെ രോദനം കഴിഞ്ഞയാഴ്ച 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഹാഇലിനടുത്തുള്ള ഖത്ത മരുഭൂമിയിലെ ആട്ടിന്‍കൂട്ടത്തോടൊപ്പം കഴിയുന്ന ചക്കാലക്കുഴിയില്‍ ജിബിന്‍ ജോസ് എന്ന ഈ കോട്ടയം സ്വദേശിയെ രക്ഷപ്പെടുത്താന്‍, വര്‍ത്ത കണ്ട് ഹാഇലില്‍നിന്നുള്‍പ്പെടെ നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്ത് വിളിച്ചതായി സഹായ പ്രവര്‍ത്തനവുമായി രംഗത്തുള്ള ഒ.ഐ.സി.സി അസീര്‍ പ്രവിശ്യ ഭാരവാഹി അശ്‌റഫ് കുറ്റിച്ചല്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

അതേസമയം നാട്ടില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ സജീവമായി ഇടപെട്ടത് കാരണം ജിബിനെ റിക്രൂട്ട് ചെയ്ത് അയച്ച എറണാകുളത്തെ ജൂപ്പിറ്റര്‍ ട്രാവല്‍സും മുംബൈയിലെ ബിനോയം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയും യുവാവിനെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അശ്‌റഫ് അയച്ചുകൊടുത്ത 'ഗള്‍ഫ് മാധ്യമം' വാര്‍ത്ത പ്രകാരം ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍നിന്ന് കൊച്ചി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ജൂപ്പിറ്റര്‍ ട്രാവല്‍സ് അധികൃതരോട് ജിബിനെ നാട്ടിലെത്തിക്കാന്‍ പൊലിസ് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയുമാണ്. ഇതനുസരിച്ച് മുംബൈയിലെ ബിനോയം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി പ്രതിനിധി മാലിക് സിദ്ദീഖ് എന്നയാള്‍ റിയാദിലെത്തിയിട്ടുണ്ടെന്നും ജിബിനെ രക്ഷപ്പെടുത്തിയ ശേഷമേ താന്‍ മടങ്ങൂ എന്ന് അയാള്‍ അറിയിച്ചിട്ടുണ്ടെന്നും അശ്‌റഫ് പറഞ്ഞു. ജിബിനെ തിരിച്ചയക്കാന്‍ 4000 റിയാല്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ തുക മാലിക് സിദ്ദീഖ് കൊടുക്കുമെന്നും അറിയിച്ചതായി റിയാദില്‍ പ്രവര്‍ത്തന രംഗത്തുള്ള റസാഖ് പൂക്കോട്ടുംപാടം, രഘുനാഥ് പറശിനിക്കടവ് എന്നിവര്‍ പറഞ്ഞു.

വിസ ഏജന്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി 90000 രൂപ ചെലവഴിച്ചാണ് ജിബിന്‍ ജോസ് കഴിഞ്ഞമാസം 26ന് സൗദിയിലെത്തിയത്. അയല്‍വാസിയായ വിസ ഏജന്റ് ഡ്രൈവര്‍ ജോലിയും 1200 റിയാല്‍ ശമ്പളവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. നാട്ടില്‍ ദിവസം 500 രൂപ പ്രതിഫലം കിട്ടുന്ന ബസ് ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് ജിബിന്‍ ഗള്‍ഫിലേക്ക് പറന്നത് ഈ വാക്കുകള്‍ വിശ്വസിച്ചാണ്.  ഈ മാസം ഒന്നിന് മരുഭൂമിയിലെ ജോലി സ്ഥലത്തെത്തിയ ജിബിന് ഡ്രൈവര്‍ ജോലിക്ക് പകരം സ്‌പോണ്‍സര്‍ ഒരു വലിയ ആട്ടിന്‍ കൂട്ടത്തെ മേക്കാനുള്ള ജോലിയാണ് നല്‍കിയത്. 150ഓളം ആടുകളാണുള്ളത്. അതിരാവിലെ ജോലി തുടങ്ങും. കുറച്ചകലെ കൂട്ടിയിട്ടിരിക്കുന്ന തീറ്റപ്പുല്ലിന്റെ വലിയ കെട്ടുകള്‍ ചുമന്നെത്തിക്കണം. വെള്ളം കൊടുക്കണം. മരുഭൂമിയിലെ സൂര്യതാപത്തില്‍നിന്നുള്ള ഏക അഭയസ്ഥാനം ടെന്റെന്ന് തോന്നിപ്പിക്കുംവിധം വലിച്ചുകെട്ടിയ ഒരു തുണിക്കഷ്ണത്തിന്റെ മറ മാത്രമാണ്.

സ്‌പോണ്‍സര്‍ നല്‍കിയ അരി മാത്രമാണ് ആഹാരത്തിനുള്ളത്. കുറച്ച് മസാലപ്പൊടിയും. ഇതും കൃഷിത്തോട്ടത്തില്‍നിന്ന് കിട്ടുന്ന തക്കാളിയും മറ്റും കൊണ്ട് എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിച്ചാണ് പശിയകറ്റുന്നത്. ജോലിയുടെ കാഠിന്യം സഹിക്കവയ്യാതെ തളര്‍ന്നിരിക്കുമ്പോള്‍ സ്‌പോണ്‍സറുടെ ക്രൂര മര്‍ദ്ദനവും. മാലിക് സിദ്ദീഖ് 2000 റിയാല്‍ സ്‌പോണ്‍സര്‍ക്ക് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും ജിബിനെ ഇന്ന് റിയാദിലെത്തിക്കുമെന്നും അറിയുന്നു. അപ്പോള്‍ ബാക്കി തുക കൊടുക്കണമത്രെ. 

Monday, May 17, 2010

ഗ്രാമവാസികളുടെ വാല്‍സല്യ ഭാജനമായി 'അല്‍ ഗിസിസി'ലെ ഏക മലയാളി

റിയാദ്: സൗദിയില്‍ 12 ലക്ഷത്തോളം മലയാളികളുണ്ടെങ്കിലും മധ്യപ്രവിശ്യയില്‍ പെട്ട 'അല്‍ ഗിസിസ്' ഗ്രാമത്തില്‍ മലയാളി ഒരാള്‍ മാത്രം. റിയാദില്‍ നിന്ന് 150ഓളം കിലോമീറ്ററകലെ മരുഭൂമിക്ക് അകത്തുള്ള ഈ ഗ്രാമത്തിലെ ഏക മലയാളി പത്തനംതിട്ട പുല്ലാട് സ്വദേശി മാത്യു വര്‍ഗീസെന്ന സണ്ണിയാണ്.

ഗ്രാമത്തിലെ ഏക വാണിജ്യ സ്ഥാപനമായ ബക്കാലയുടെ നടത്തിപ്പുകാരന്‍. ഈ ബക്കാല ഗ്രാമത്തിനൊരു 'ഹൈപ്പര്‍ മാര്‍ക്കറ്റാ'ണ്. 'അല്‍ സഹ്‌ലി' ഗോത്രക്കാരായ 13 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അവരുടെയും ഗ്രാമത്തിന് ചുറ്റുപാടുമുള്ള കൃഷിത്തോട്ടങ്ങളിലെ ജോലിക്കാരായ വിവിധ രാജ്യക്കാരുടെയും ഏക ആശ്രയ കേന്ദ്രമാണ് സണ്ണിയുടെ ഹൈപ്പര്‍ മാര്‍ക്കറ്റ്. കൃഷിത്തോട്ടങ്ങളിലെ ജോലിക്കാരില്‍ പേരിന് പോലും ഒരു മലയാളിയില്ല. ഗ്രാമവാസികള്‍ക്കാവശ്യമുള്ള എന്തും തന്റെ ബക്കാലയിലുണ്ടെന്ന് സണ്ണി പറയുന്നു. ഇല്ലാത്തത് 35ഓളം കിലോമീറ്ററകലെയുള്ള പട്ടണമായ 'ദുര്‍മ'യിലോ 150ഓളം കിലോമീറ്ററകലെയുള്ള റിയാദിലോ തന്റെ പിക്കപ്പ് വാനില്‍ പോയി കൊണ്ടുവരാന്‍ സണ്ണിക്ക് മടിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി മിക്ക ദിവസവും രാവിലെ ഈ യാത്രയുണ്ടാവും. പോയി വരുമ്പോള്‍ വാങ്ങുന്ന 'ഗള്‍ഫ് മാധ്യമം' ദിനപത്രത്തിലൂടെയാണ് ഇയാള്‍ പുറം ലോകത്തെ കുറിച്ചറിയുന്നത്.



സണ്ണി അല്‍ ഗിസിസ് ഗ്രാമത്തിലെത്തിയിട്ട് 10 വര്‍ഷം പിന്നിടുന്നു, 'ഗള്‍ഫ് മാധ്യമ'വുമായുള്ള ചങ്ങാത്തത്തിനും അതേ പ്രായം. മൂന്നാം ദിവസം പത്രം കിട്ടിയിരുന്നപ്പോഴും അന്നന്ന് രാവിലെ പത്രം കിട്ടിത്തുടങ്ങിയപ്പോഴും തന്റെ വായനാശീലത്തില്‍ 'ഗള്‍ഫ് മാധ്യമം' മാത്രമാണ് സ്ഥാനം പിടിച്ചത്. ഗ്രാമത്തിലെ ഒരു സ്വദേശിയുടെ വീട്ടു ഡ്രൈവര്‍ വിസയിലാണ് 2000ല്‍ ഇവിടെയെത്തിയത്. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നതിനാല്‍ വീട്ടുകാര്‍ക്ക് ഒരു ഡ്രൈവറെ ആവശ്യമില്ലാതായി. നല്ലവനായ സ്‌പോണ്‍സര്‍ പുറത്തുപോയി ജോലിയന്വേഷിക്കാന്‍ പറഞ്ഞു. എന്തിനുമേതിനും 35 കിലോമീററ്ററകലെയുള്ള ദുര്‍മ പട്ടണത്തെ ആശ്രയിക്കേണ്ടിവരുന്ന ഗ്രാമവാസികളുടെ ബുദ്ധിമുട്ടിന് അറുതിവരുത്താന്‍ ഒരു ബക്കാലയായാലോ എന്ന ആശയം സണ്ണിയാണ് സ്‌പോണ്‍സറുടെ മുന്നില്‍ വെക്കുന്നത്. സ്‌പോണ്‍സര്‍ക്ക് സന്തോഷമായി. അങ്ങിനെയാണ് താമസസ്ഥലത്തിന് സമീപത്ത് ബക്കാല പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗോത്രത്തലവനായ 'അമീര്‍' പോലും സണ്ണിയുടെ ഉപഭോക്താവാണ്. ദിവസം ശരാശരി 800 റിയാലിന്റെ വിറ്റുവരവ്. വരുമാനം മോശമായില്ല. മൂന്നു കുട്ടികളും ഭാര്യയുമുള്ള കുടുംബം ഇന്ന് നാട്ടില്‍ നല്ലനിലയില്‍ കഴിയുന്നു. എങ്കിലും ഇപ്പോള്‍ നാട്ടില്‍ പോയിട്ട് വര്‍ഷം നാലായി. കുട്ടികളുടെ പഠനവും മറ്റുമായി കുറച്ചുപണം അധികം ആവശ്യമുണ്ട്. അതൊന്നു ഒത്തുകിട്ടണം. പിന്നെ നാട്ടില്‍ പോകുമ്പോള്‍ ബക്കാല പകരം ഏല്‍പിച്ചുപോകാന്‍ ഒരാളില്ലാത്തതും പ്രശ്‌നമാണ്.



ദശകം പൂര്‍ത്തിയാക്കുന്ന സഹവാസം സണ്ണിയെ ഗ്രാമവാസികള്‍ക്ക് പ്രിയപ്പെട്ടവനാക്കിയിരിക്കുകയാണ്. സണ്ണിയൊ, മാത്യു വര്‍ഗീസോ അല്ല ഗ്രാമവാസികള്‍ക്ക് ഇയാള്‍ 'ഇബ്രാഹി'മാണ്. എല്ലാവരും അങ്ങിനെയാണ് ഇയാളെ വിളിക്കുന്നത്. ഇതര മത വിശ്വാസിയെന്നത് ഈ ഗ്രാമവാസികള്‍ക്ക് ഒരു പ്രശ്‌നമല്ലത്രെ. അങ്ങിനെയൊരു അന്യതാ ബോധം അനുഭവപ്പെട്ടിട്ടില്ലെന്ന് സണ്ണി പറയുന്നു. വെള്ളിയാഴ്ചകളില്‍ സൗദികള്‍ തന്നെ വന്ന് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുമെന്ന് സണ്ണി പറയുന്നു. അങ്ങിനെ ജുമുഅഃ മുടങ്ങാറില്ലത്രെ. നോമ്പുകാലം ഗ്രാമത്തിന് ഉല്‍സവമാണ്. 13 കുടുംബങ്ങള്‍ക്കും ഓരോ ദിവസവും ഒരോ വീട്ടിലാണ് 'ഇഫ്താര്‍'. കൂട്ടത്തില്‍ വിരുന്നുകാരനായി സണ്ണിയുമുണ്ടാവും. റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കുന്നതിനിടയില്‍ രണ്ട് തവണ ഒരു വീട്ടില്‍ വിരുന്നുണ്ടാവും. കഴിഞ്ഞ അഞ്ചുവര്‍ഷമായി കൃത്യമായി വ്രതവുമെടുക്കാറുണ്ട്. വളരെ സന്തോഷം, സംതൃപ്തം, ഈ ഗ്രാമം വിട്ടുപോകാന്‍ തോന്നുന്നില്ലെന്ന് സണ്ണി.