Friday, October 30, 2009

എട്ടാമത് ഇന്ത്യ^സൌദി സംയുക്ത സമിതി യോഗം ഇന്ന്: തൊഴിലാളിവിഷയങ്ങളും ചര്‍ച്ച ചെയ്യും

റിയാദ്: സാമ്പത്തിക^വാണിജ്യ^ശാസ്ത്ര^സാങ്കേതിക^സാംസ്കാരിക സഹകരണത്തിനായുള്ള എട്ടാമത് ഇന്ത്യ^സൌദി ജോയിന്റ് കമ്മീഷന്‍ (ഇന്ത്യ^സൌദി സംയുക്ത സമിതി) യോഗം ഇന്ന് (ശനി) റിയാദ് പാലസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ കേന്ദ്രധനകാര്യ മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ത്യന്‍ സംഘത്തെ നയിക്കും. സൌദി വാണിജ്യ വ്യവസായ മന്തി അബ്ദുല്ല ബിന്‍ അഹമ്മദ് സൈനുല്‍ അലിറസയാണ് സൌദിപക്ഷത്തിന് നേതൃത്വം നല്‍കുക. സൌദി ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ചേരിയില്‍ അണിനിരക്കുന്ന സംഘത്തില്‍ മന്ത്രാലയതലത്തിലുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ ഇന്ത്യന്‍ പൊതുമേഖല^സ്വകാര്യ കമ്പനികളെ പ്രതിനിധീകരിക്കുന്ന 50ാളം പ്രമുഖ വ്യവസായികളുമാണുള്‍പ്പെടുന്നത്. സൌദി ചേരിയിലാകട്ടെ സര്‍ക്കാര്‍, സര്‍ക്കാരേതര സ്വകാര്യ വാണിജ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കും. 2006ല്‍ സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ നടന്ന ചരിത്രപരമായ 'ദല്‍ഹി പ്രഖ്യാപന'ത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന നിലയിലാണ് ഇത്തരം ഉഭയകക്ഷി ചര്‍ച്ചാവേദികളൊരുങ്ങുന്നത്. സാധാരണഗതിയില്‍ വാണിജ്യ^ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ചര്‍ച്ച നടക്കാറുള്ള വേദിയില്‍ ഇതാദ്യമായി സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യും. 1983ല്‍ രൂപവത്കരിച്ച കമ്മീഷന്റെ അവസാന യോഗം 2007ല്‍ ന്യൂഡല്‍ഹിയിലാണ് നടന്നത്. ജോയിന്റ് കമ്മീഷന്‍ രൂപവത്കരിച്ച ശേഷം നടന്ന ആദ്യസമ്മേളനത്തില്‍ പ്രണബ്കുമാര്‍ മുഖര്‍ജിയായിരുന്നു ഇന്ത്യന്‍ സംഘത്തെ നയിച്ചത്. വാണിജ്യം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസം, തൊഴില്‍, വിസ, സാമൂഹികക്ഷേമം തുടങ്ങിവിവിധ വിഷയങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ സൌദിയിലെ 18ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയത്തിന് പ്രത്യേക ഊന്നല്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൊഴിലാളികളും തൊഴിലുടമകളുമായി ബന്ധപ്പെട്ട് അനുദിനമുയരുന്ന തര്‍ക്ക, വ്യവസ്ഥ ലംഘന പ്രശ്നങ്ങള്‍ സംബന്ധിച്ച് വിപുലമായ ചര്‍ച്ചയാണ് യോഗത്തിലുണ്ടാവുക എന്ന് കരുതുന്നു. തൊഴില്‍ ദാതാക്കളും തൊഴിലാളികളും തമ്മിലുണ്ടാകേണ്ട വ്യവസ്ഥാപിതവും ലിഖിതവുമായ കരാറും അതിനുണ്ടാവേണ്ട നിയമസരംക്ഷണവും സംബന്ധിച്ച് പ്രത്യേക ഊന്നലോടെയാവും ചര്‍ച്ച. ഓരോവര്‍ഷവും വര്‍ദ്ധിച്ച് വരുന്ന ആയിരക്കണക്കിന് തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുതകുന്ന ഒരു സ്ഥിരംസംവിധാനം ഉരുത്തിരിഞ്ഞുവരാനും ഇന്ത്യന്‍ മിഷന് അതില്‍ നേതൃപരമായ പങ്കാളിത്തം ഉറപ്പാക്കാനും ചര്‍ച്ച ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. സമ്മേളനത്തിന്റെ അനുബന്ധമെന്നനിലയില്‍ നിരവധി വാണിജ്യപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. റിയാദ് പാലസ് ഹോട്ടലില്‍ ഇന്ന് രാവിലെ 10ന് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മേളയും ഇന്ത്യന്‍ കാറ്റലോഗ് ഷോ ആയ 'ഇന്ത്യാ കാറ്റക്സും' പ്രണബ് കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വ്യവസായിക സംഗമവും നടക്കും.

നജിം കൊച്ചുകലുങ്ക്

Sunday, October 25, 2009

സ്പോണ്‍സറുടെ ക്രൂരമര്‍ദ്ദനം; ദുരിതപര്‍വം താണ്ടി സുബൈദ നാട്ടിലെത്തി

റിയാദ്: സ്പോണ്‍സറുടെ മര്‍ദ്ദനമേറ്റ് അവശയായ മലയാളി വീട്ടുവേലക്കാരിയെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷിച്ചു നാട്ടിലേക്ക് കയറ്റിവിട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാഞ്ഞരായി മുഹമ്മദിന്റെ ഭാര്യ സുബൈദയാണ് ദുരിതപര്‍വം താണ്ടി കഴിഞ്ഞ ദിവസം വീടണഞ്ഞത്. നാട്ടുകാരനായ ഏജന്റ് നല്‍കിയ വിസയില്‍ ആറുമാസം മുമ്പാണ് റിയാദിലെത്തിയത്. ഹൌസ് ഡ്രൈവര്‍ വിസയിലെത്തിയ മകന്‍ സൈനുദ്ദീനോടൊപ്പമാണ് ഇവര്‍ വന്നത്. രണ്ടുപേരുടെയും സ്പോണ്‍സര്‍ ഒരാളാണെന്നും ഒരേ വീട്ടില്‍ തന്നെയായിരിക്കും ജോലിയെന്നുമാണ് ഏജന്റ് അലങ്ങല്ലൂര്‍ മൊയ്തീന്‍കുട്ടി ഇവരെ വിശ്വസിപ്പിച്ചിരുന്നത്. 75000 രൂപയാണ് വിസക്ക് നല്‍കിയത്. ഉമ്മയ്ക്കും മകനും ഒരേവീട്ടിലാണ് ജോലിയെന്ന വാഗ്ദാനത്തിന് പുറമെ ആഹാരവും താമസസൌകര്യവും കഴിഞ്ഞ് 1000 റിയാല്‍ വീതം ശമ്പളം ഇരുവര്‍ക്കും കിട്ടുമെന്നും ഈ ഏജന്റ് ഇവര്‍ക്ക് ഉറപ്പുനല്‍കി. സാമാന്യം ഭേദപ്പെട്ട ശമ്പളവും ഒരേവീട്ടിലെ ജോലിയും കിട്ടുന്നതിലെ സന്തോഷം റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതുവരെ മാത്രമാണ് നീണ്ടു നിന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി എയര്‍പോര്‍ട്ടില്‍ നിന്നും ആദ്യം പുറത്തുവന്ന സുബൈദയെ ഒരു സ്വദേശി പൌരന്‍ കൂട്ടിക്കൊണ്ടു പോയി. വൈകി പുറത്തിറങ്ങിയ മകനെ മറ്റൊരു സൌദിയും. അപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന സത്യം ബോധ്യപ്പെടുന്നത്. രണ്ടുവീടുകളിലേക്ക് പോയ ഇരുവര്‍ക്കും മാസങ്ങളോളം പരസ്പരം ഫോണില്‍ ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. ഒരിക്കല്‍ ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞപ്പോഴാണ് ഉമ്മയുടെ കദനക്കഥകള്‍ അറിയുന്നത്. ശമ്പളമോ ഭക്ഷണമോ നല്‍കാതെ പീഡിപ്പിക്കുകയാണെന്നും ശമ്പളം ചോദിക്കുമ്പോഴൊക്കെ പട്ടിണിക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയാണെന്നും അവര്‍ മകനെ കണ്ണീരോടെ അറിയിച്ചു. മുഖത്തിന് അടിയേറ്റ് ഒരു ചെവിയുടെ കേള്‍വിശക്തി ഭാഗികമായി നഷ്ടമായെന്ന് അവര്‍ നിലവിളിപോലെ പറയുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ കേട്ടുനില്‍ക്കാനെ ആ മകന് കഴിഞ്ഞുള്ളൂ. ചെവിക്ക് നല്ല വേദനയുണ്ടാവാറുണ്ടെന്നും അവര്‍ പറഞ്ഞു. സുഖമില്ലാത്ത കാരണത്താല്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് സ്പോണ്‍സര്‍ അടിച്ച് മുഖം നീരുവരുത്തിയിരുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത ഉമ്മയുടെ വിമ്മിഷ്ടം മകന്‍ ഫോണിലൂടെ തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ചെറിയപെരുന്നാളിന് രണ്ടു ദിവസം പട്ടിണി കിടക്കേണ്ടിവന്ന അവസ്ഥകൂടി കേട്ടപ്പോള്‍ സഹിക്കാനാവാതെ ഉമ്മയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു സൈനുദ്ദീന്‍ 'റിഫ്' പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നടത്തിയ പരിശ്രമത്തിന്റെ ഫലമായി ജോലിസ്ഥലത്ത് നിന്ന് സുബൈദയെ രക്ഷിക്കാന്‍ കഴിഞ്ഞു. എംബസിയുടെയും സാമൂഹികപ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദഫലമായി നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നല്‍കാന്‍ സ്പോണ്‍സര്‍ നിര്‍ബന്ധിതനായി. ഓര്‍ക്കാപ്പുറത്ത് ജീവിതത്തെ വന്നുമൂടിയ ദുരിതങ്ങളുടെ കെട്ടഴിച്ച് ഒടുവില്‍ സുബൈദ നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ഇവര്‍ ആശ്വാസത്തോടെ സ്വന്തം വീടണഞ്ഞു. ഉമ്മയെ ജീവനോടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ ആശ്വാസത്തോടെ സൈനുദ്ദീന്‍ ഇന്ത്യന്‍ എംബസിക്കും റിഫ് പ്രവര്‍ത്തകരായ മുനീബിനും ബഷീര്‍ തിരൂരിനും നന്ദി പറയുകയാണ്. സൈനുദ്ദീനും പറഞ്ഞ ശമ്പളമോ സൌകര്യങ്ങളോ ഇല്ലാതെ 600 റിയാല്‍ ശമ്പളത്തിനാണ് റിയാദില്‍നിന്നും 1000ാളം കിലോമീറ്ററകലെ ജോലി ചെയ്യുന്നത്.

നജിം കൊച്ചുകലുങ്ക്

പിണറായിയുടെ പ്രസ്താവന: ആശ്വാസത്തോടെ കേളി, പ്രതിരോധവുമായി നവോദയ

റിയാദ്: റിയാദിലെ ഇടതുപക്ഷ അനുഭാവ സംഘടനയായ 'കേളി'യില്‍ നിന്ന് വേര്‍പ്പെട്ട് പോയവര്‍ രൂപവത്കരിച്ച 'നവോദയ^റിയാദി'ന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന കേളിക്ക് ആശ്വാസം പകരുമ്പോള്‍ നവോദയ പ്രതിരോധത്തിലാണ്. അബൂദാബി ശക്തി തിയറ്റേഴ്സിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശാഭിമാനി വാരിക പുറത്തിറക്കിയ പ്രവാസി പതിപ്പിന്റെ പ്രകാശനം കോഴിക്കോട് നിര്‍വഹിക്കുന്നതിനിടയിലാണ് പിണറായി ഈ പ്രസ്താവന നടത്തിയത്. കേളിയാണ് റിയാദിലെ ഇടതുപക്ഷ വീക്ഷണമുള്ള യഥാര്‍ഥ സംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ ആക്ഷേപിക്കുന്ന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് റിയാദിലെ നവോദയയെന്നും സൌദിയുടെ മറ്റുഭാഗങ്ങളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷവീക്ഷണമുള്ള ഏറ്റവും വലിയ സംഘടനയായ 'നവോദയ'യുടെ പേര് സ്വീകരിച്ച് ഈ ബദല്‍ സംഘടന കേരളത്തിലെ പല പാര്‍ട്ടി നേതാക്കളെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടത്തുന്നതെന്നും സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ച് തെറ്റുതിരുത്താന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം തുടര്‍ന്ന് ആവശ്യപ്പെട്ടു. നേരത്തെ അബൂദാബി ശക്തി തിയറ്റേഴ്സില്‍ പ്രശ്നങ്ങളുണ്ടാക്കിയ ഒരു വിഭാഗം അതേപേരില്‍ മറ്റൊരു സംഘടനയുണ്ടാക്കി തങ്ങളാണ് യഥാര്‍ഥ 'ശക്തി'യെന്ന് അവകാശപ്പെട്ടിരുന്ന കാര്യവും പിണറായി ഓര്‍മ്മിപ്പിച്ചു. 'ശക്തിക്ക്' ബദലായി പേര് പകര്‍ത്തിയതുകൊണ്ട് നിലനില്‍ക്കാനാവില്ലെന്ന് കുറച്ചുകാലം കൊണ്ട് ബോധ്യപ്പെട്ടതോടെ ബദല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും ഇതുസംബന്ധിച്ച വിവാദം കെട്ടടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുഖപത്രം ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത റിയാദില്‍ രണ്ടുതട്ടില്‍ നില്‍ക്കുന്ന ഇടതുപക്ഷ അനുകൂലികളുടെ ഇടയില്‍ സ്വാഭാവികമായും വാദപ്രതിവാദങ്ങള്‍ക്ക് തിരികൊളുത്തി. യഥാര്‍ഥ ഇടതുപക്ഷ സംഘടനയാണെന്ന അവകാശവാദത്തോടെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ച് ആ പരിപാടികളെ സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കളെ കൊണ്ടുതന്നെ ഫോണിലൂടെ അഭിസംബോധന ചെയ്ത് സംസാരിപ്പിച്ച് മുന്നേറ്റം നടത്തുന്ന 'നവോദയ'യെ സംസ്ഥാന സെക്രട്ടറിയുടെ ഒറ്റപ്രസ്താവനയിലൂടെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കേളി. എന്നാല്‍ പിണറായിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു പ്രസ്താവനയിറക്കിയതെന്ന് മറുവാദമുന്നയിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് നവോദയ. ഈ വിഷയത്തില്‍ ഇരുസംഘടനയുടെയും മുന്‍നിര പ്രവര്‍ത്തകര്‍ തന്നെ പരസ്പരം ഈമെയില്‍ യുദ്ധവും ആരംഭിച്ചിട്ടുണ്ട്. 'നവോദയ' ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനയാണെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികസംഘടനയാണെന്ന് തങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നും നവോദയ കണ്‍വീനര്‍ കുമ്മിള്‍ സുധീര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ ആശയപരമായ വിയോജിപ്പുകളുള്ളതുകൊണ്ടാണ് തങ്ങള്‍ പുറത്തുവന്ന് പുതിയ സംഘടന രൂപവത്കരിച്ചത്. അന്നും ഇന്നും തങ്ങള്‍ മാര്‍ക്സിസ്റ്റ് അനുഭാവികളാണ്. രൂപവത്കരണ സമയത്ത് കേളിയെയും പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. പിന്നീട് പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമതി നല്‍കിയത്.

നജിം കൊച്ചുകലുങ്ക്

Tuesday, October 20, 2009

തൊഴില്‍പ്രശ്നം: ഇന്ത്യന്‍ തൊഴിലാളികള്‍ എംബസിക്ക് പരാതിനല്‍കി

റിയാദ്: തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഏഴ് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ കമ്പനിയാസ്ഥാനത്തിന് മുന്നില്‍ ദിവസങ്ങളായി തെരുവില്‍ കഴിയുന്നു. കൃത്യമായി ശമ്പളം കിട്ടാത്തതടക്കം വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് ജിദ്ദയിലെ ജോലിസ്ഥലത്ത് നിന്ന് റിയാദിലെ കമ്പനിയാസ്ഥാനത്തെത്തിയ ഏഴ് പഞ്ചാബി ഡ്രൈവര്‍മാരാണ് ഓഫീസ് കവാടത്തിന് മുന്നില്‍ വെറും നിലത്ത് രാവും പകലും കഴിച്ചുകൂട്ടുന്നത്. എത്രയും വേഗം തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ജിദ്ദയിലേക്ക് മടങ്ങിപ്പോകില്ലെന്ന് പറയുന്ന ഇവര്‍ 'ഫൊക്കാസ' പ്രവര്‍ത്തകര്‍ വഴി ഇന്ത്യന്‍ എംബസി സാമൂഹികക്ഷേമകാര്യവിഭാഗത്തിന് ഇന്നലെ പരാതി നല്‍കി. റിയാദ് ആസ്ഥാനമായ പ്രമുഖ കരാര്‍ കമ്പനിയുടെ വിസയില്‍ ഒരു വര്‍ഷം മുമ്പ് സൌദിയിലെത്തിയ ലുധിയാന സ്വദേശികളായ ബച്ചന്‍ സിംഗ്, ലാഖ്വീന്ദര്‍ സിംഗ്, ബടാല സ്വദേശി സുചാ സിംഗ്, ശംഖ്റൂര്‍ സ്വദേശികളായ കബല്‍ സിംഗ്, ഗുരുദിയന്‍ സിംഗ്, ദല്‍ഹി സ്വദേശി നസ്റുദ്ദീന്‍ നിസാം, ഹോഷിയാപൂര്‍ സ്വദേശി പവന്‍ കുമാര്‍ എന്നിവരാണ് കമ്പനി കരാര്‍ ലംഘനത്തിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. ചാണ്ഡിഗഡിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് ഇവര്‍ റിയാദിലെത്തിയത്. 1200 റിയാലാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ കമ്പനിയധികൃതരുടെ നിലപാട് മാറിയെന്നാണ് അവരുടെ പരാതി. റിയാദിലെത്തിയ ഉടനെ ജിദ്ദയിലേക്ക് സ്ഥലംമാറ്റിയ ഇവര്‍ക്ക് 650 റിയാല്‍ മാത്രമേ ശമ്പളമായി നല്‍കിയുള്ളൂ. ഇതുപോലും പ്രതിമാസം കൃത്യമായി കൊടുക്കാറില്ലത്രെ. ദിവസം 14 മണിക്കൂര്‍ വരെയാണ് ഡ്യൂട്ടി. ഹെവി ഡ്രൈവര്‍മാരായ ഇവര്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്ന ജോലിയാണ് നല്‍കിയത്. ജിദ്ദയിലെ ബുറൈമാനില്‍ ഇവര്‍ക്ക് നല്‍കിയ താമസസൌകര്യം യാതൊരു അടച്ചുറപ്പുമില്ലാത്ത താല്‍ക്കാലിക ഷെഡുകളിലായിരുന്നത്രെ. ഒട്ടും സുരക്ഷിതമല്ലാത്ത ഈ ഷെഡ്ഡുകളില്‍ കള്ളന്മാര്‍ കടന്നുകയറി പലതവണ തൊഴിലാളികളുടെ വിലപ്പെട്ട സാധനസാമഗ്രികള്‍ മോഷ്ടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്്. ജിദ്ദയിലെ കമ്പനി ബ്രാഞ്ചധികൃതരോട് പലതവണ പരിഹാരം തേടിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാന്‍ ലീവ് ആവശ്യപ്പെട്ട തൊഴിലാളികളുടെ അവധിയപേക്ഷകളും നിരസിക്കുകയുണ്ടായി. പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതിനില്‍ക്കാന്‍ കഴിയാതെയായപ്പോള്‍ ഇവര്‍ രണ്ടും കല്‍പിച്ച് ജോലിനിറുത്തി റിയാദിലെ കമ്പനിയാസ്ഥാനത്തേക്ക് വരികയാണുണ്ടായത്. റിയാദിലെത്തി കമ്പനി ഓപ്പറേഷന്‍സ് മാനേജരെ കണ്ട് പരാതിനല്‍കാന്‍ ശ്രമിച്ചെങ്കിലും പരാതി കൈപ്പറ്റുന്നതുപോയിട്ട് ഇവരുടെ ആവലാതിക്ക് ചെവികൊടുക്കാന്‍ പോലും തയ്യാറായില്ലെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നാണ് ഇവര്‍ ഹെഡോഫീസ് കവാടത്തിനരുകില്‍ ഇരിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം കമ്പനിയാസ്ഥാനത്തെത്തിയ ഫൊക്കാസ ഭാരവാഹികളായ ലത്തീഫ് തെച്ചി, യൂസുഫ്, ആര്‍. മുരളീധരന്‍ എന്നിവര്‍ തൊഴിലാളികള്‍ക്ക് വേണ്ടി കമ്പനിയധികൃതരുമായി ചര്‍ച്ചചെയ്യാന്‍ തുനിഞ്ഞെങ്കിലും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ലത്രെ. നിഷേധാത്മകസമീപനം സ്വീകരിച്ച അധികൃതര്‍ തൊഴിലാളികളോട് ജിദ്ദയിലേക്ക് മടങ്ങിപ്പോകാനും ജോലിയില്‍ തുടരാനുമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി സാമൂഹിക്ഷേമകാര്യ വിഭാഗം മേധാവി ആര്‍.എന്‍. വാട്സിന് പരാതി നല്‍കിയത്. കേന്ദ്രപ്രവാസികാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്, പഞ്ചാബ് പോലീസിലെ എന്‍.ആര്‍.ഐ സെല്‍ എന്നിവിടങ്ങളിലും പരാതി നല്‍കി.

നജിം കൊച്ചുകലുങ്ക്

Thursday, October 15, 2009

മനഃപ്പൂര്‍വം വാഹനാപകടമുണ്ടാക്കി തോക്കു ചൂണ്ടി കൊള്ളയടി

റിയാദ്: മനഃപ്പൂര്‍വം വാഹനാപകടമുണ്ടാക്കി തോക്കു ചൂണ്ടി കൊള്ളയടിക്കുന്ന സംഭവങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകം. വാഹനത്തില്‍ ഇതര വാഹനങ്ങളെ പിന്തുടര്‍ന്ന് അവയുടെ പിറകില്‍ കൊണ്ടിടിച്ചു അപകടമുണ്ടാക്കുകയാണത്രെ. സ്വകാര്യ വാഹനങ്ങളില്‍ ഒറ്റക്ക് പോകുന്നവരെയാണ് സാമൂഹിക വിരുദ്ധര്‍ ലക്ഷ്യം വെയ്ക്കുന്നത്. അപകടമുണ്ടാകുമ്പോള്‍ വാഹനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നവരെ തോക്കു ചൂണ്ടി പണവും മറ്റും കൊള്ളയടിക്കുന്ന സംഭവങ്ങളില്‍ നിരവധി പേര്‍ ഇരയായിക്കഴിഞ്ഞു. കാറുകളാണ് പ്രധാനമായും ഇവരുടെ ലക്ഷ്യം. കാറുകളുടെ പിറകില്‍ മനഃപൂര്‍വം മുട്ടിച്ച ശേഷം നിര്‍ത്തിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടും. വിസമ്മതിച്ചാല്‍ കൈത്തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായി. കൈവശമുള്ളതെല്ലാം അപഹരിച്ച് സംഘം സ്ഥലം വിടും. വാഹനത്തിനുണ്ടാകുന്ന കേടുപാടിന് പുറമെ കൈയ്യിലുള്ള പണവും ഇഖാമയും ലൈസന്‍സും മൊബൈല്‍ ഫോണുമെല്ലാം ഇങ്ങിനെ നഷ്ടപ്പെടും. സ്വകാര്യ കാറുകളില്‍ പോകുന്നവരെ മാത്രമല്ല ടാക്സി ഡ്രൈവര്‍മാരെയും ഇത് ഭീതിയിലാഴ്ത്തുകയാണ്. വാഹനത്തില്‍ പിന്തുടരുന്ന സംഘം മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവറെ പരിഭ്രാന്തിയിലാക്കും വിധം ഭ്രാന്തമായി വണ്ടിയോടിച്ചു കയറ്റി പേടിപ്പിക്കും. അങ്ങിനെ നിയന്ത്രണം തെറ്റി വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് വലിയ ദുരന്തങ്ങളുണ്ടാകുന്ന സംഭവങ്ങളുമുണ്ടാകുന്നു. ഇത്തരമൊരു അക്രമണത്തില്‍ ഭയന്ന് നിയന്ത്രണം തെറ്റിയ വാഹനമിടിച്ചുകയറി കൊള്ളയടിക്കാനെത്തിയ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ മലയാളി യുവാവ് ജയിലിലായ സംഭവം അടുത്തിടെ വാര്‍ത്തയായിരുന്നു. തന്നെ പിന്തുടര്‍ന്ന സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പരിഭ്രാന്തിയില്‍ വാഹനമോടിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്. സംഘത്തിന്റെ വണ്ടിയില്‍ തന്നെ ഇയാളുടെ വാഹനം ചെന്നിടിക്കുകയായിരുന്നു. ഇങ്ങിനെ കൊള്ളയടിക്കാനെത്തുന്നവരുടെ കൈവശം കൈത്തോക്കുള്ളതും ജനങ്ങളുടെ പേടിസ്വപ്നമായി മാറുകയാണ്. കഴിഞ്ഞയാഴ്ച ഒരു മലയാളി യുവാവിന് ഇത്തരത്തില്‍ വെടിയേറ്റിരുന്നു. വാഹനത്തിലെത്തിയ സംഘം ബംഗ്ലാദേശികളെ പിടിച്ചുപറിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അവര്‍ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞും മറ്റും പ്രതിരോധിച്ചു. ഇതില്‍ പ്രകോപിതരായ സാമൂഹിക വിരുദ്ധ സംഘം ആദ്യം പിന്‍വാങ്ങിയതിന് ശേഷം തിരിച്ചെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം സമീപത്ത് നിന്ന മലയാളി യുവാവിന്റെ തുടയിലൂടെ വെടിയുണ്ട തുളച്ചുകയറി മറുഭാഗത്തൂടെ പുറത്തേക്ക് പോവുകയായിരുന്നു. വെടിയേറ്റ യുവാവിനെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശുമേസി ആശുപത്രിയില്‍ ദിവസങ്ങള്‍ നീണ്ട ചികില്‍സക്ക് പോലീസ് തന്നെയാണ് സഹായം നല്‍കിയത്. അതിന് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച് അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന ക്രിമിനലുകളുടെ ചിത്രങ്ങള്‍ കാണിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയെങ്കിലും വിജയിച്ചില്ല. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കാനും ആളുകളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാനും ശ്രമിക്കണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം.

നജിം കൊച്ചുകലുങ്ക്

Tuesday, October 13, 2009

രോഗം ഇരുകാലുകളുമെടുത്ത പാക് പൌരന്‍ പിറന്ന നാട് കണ്ടിട്ട് 17 വര്‍ഷം തികയുന്നു

റിയാദ്: 17വര്‍ഷം മുമ്പ് വിട്ടുവന്ന ജനിച്ച നാട്ടിലേക്ക് മടങ്ങാനുള്ള കൊതിയുമായി പാക് പൌരന്‍. കറാച്ചി സ്വദേശി മുഹമ്മദ് ലിയാഖത്ത് (55) ആണ് സാമ്പത്തിക പ്രയാസങ്ങളിലും രോഗങ്ങളിലും പെട്ട് പിറന്നനാട്ടില്‍ പോകാനാകാതെ ഇവിടെ കുടുങ്ങികിടക്കുന്നത്. 17വര്‍ഷം മുമ്പ് ജീവിതമാര്‍ഗം തേടി റിയാദിലെത്തിയ ഇയാള്‍ക്ക് നാല് വര്‍ഷം മുമ്പ് പ്രമേഹ രോഗം ബാധിച്ച് ഇരുകാലുകളും നഷ്ടപ്പെട്ടു. ഇപ്പോള്‍ വീല്‍ച്ചെയറില്‍ ഒതുങ്ങിയിരിക്കുകയാണ് ജീവിതം. മനസില്‍ അവശേഷിക്കുന്നത് ജന്മനാട്ടില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം മാത്രം. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ വരുമാനമുള്ള ജോലിയൊന്നും ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിച്ചിരുന്നില്ല. പ്രയാസം നീങ്ങട്ടെ എന്നുകരുതി നാളുകള്‍ നീക്കി. നാട്ടില്‍ മൂന്ന് പെണ്‍മക്കളും ഒരാണ്‍തരിയും ഭാര്യയുമടങ്ങുന്ന കുടുംബത്തെ ഒറ്റക്കാക്കി ഓരോ ദിവസവും വേദനയോടെ തള്ളിനീക്കുമ്പോഴും ഉടന്‍ നാട്ടില്‍ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. പാസ്പോര്‍ട്ടും ഇഖാമയുമുള്‍പ്പടെ രേഖകളെല്ലാം കൈയിലുണ്ട്. എന്നാല്‍ കൈയില്‍ കിട്ടുന്ന തുഛമായ വരുമാനം ഇഖാമ പുതുക്കാനും ആഹാരത്തിനും താമസ സ്ഥലത്തിനും ചെലവഴിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നുമില്ലാത്ത സ്ഥിതി. നാല് വര്‍ഷംമുമ്പ് പ്രമേഹരോഗം ബാധിച്ചപ്പോള്‍ ജീവിതം കൂടുതല്‍ ദുഷ്കരമായി. ശുമേസി ആശുപത്രിയില്‍ ചികില്‍സക്കിടെ രണ്ട് കാലുകളും മുറിച്ചുമാറ്റി. അതിന് ശേഷം വീല്‍ചെയറിലേക്ക് മാറിയ ദുരിത ജീവിതം സുഹൃത്തുക്കളുടെയും ഇന്ത്യക്കാരടക്കമുള്ള പരിചയക്കാരുടെയും സഹാനുഭൂതിയിലാണ് മുന്നോട്ടുനീങ്ങിയത്. വീല്‍ച്ചെയറിലിരുന്ന് മിഠായിക്കും മറ്റുമുള്ള കടലാസ് പായ്ക്കറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പിന്നീട് ജോലി. അന്നത്തിനുള്ള വക ഇതില്‍ നിന്നാണ് ലഭിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ഈ ജോലിയും ചെയ്യാന്‍ വയ്യാതെയായി . ഇപ്പോള്‍ ബത്ഹയിലെ സഫാമക്കയിലാണ് ചികില്‍സ. കഴിഞ്ഞ മൂന്നു വര്‍ഷമായി മലയാളികള്‍ നടത്തുന്ന ഈ ക്ലിനിക്കില്‍ നിന്നാണ് സൌജന്യ പരിചരണം ലഭിക്കുന്നത്. ക്ലിനിക്കിലെ വിദഗ്ധനായ ഡോക്ടര്‍ ജഹബര്‍ അലിയുടെ നേതൃത്വത്തില്‍ ആവശ്യമായ ചികില്‍സ നല്‍കുകയാണെന്നും നാട്ടിലേക്ക് പോകാനുള്ള സൌകര്യമൊരുങ്ങുന്ന
തുവരെ ഈ സഹായം തുടരുമെന്നും സഫാമക്ക പോളിക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാജി അരിപ്ര പറഞ്ഞു. ബത്ഹയിലുള്ള ഒരു പൌക് സ്വദേശി ആഹാരം കൊണ്ടുവന്നു കൊടുക്കാറുണ്ടെന്നും എന്നാല്‍ ക്ലിനിക്കില്‍ ആവശ്യം വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും പി.ആര്‍. മാനേജര്‍ റഫീഖ് ഹസന്‍ വെട്ടത്തൂര്‍ അറിയിച്ചു. നാട്ടിലെത്താനുള്ള സാമ്പത്തിക ചെലവാണ് മുഖ്യതടസ്സം. മനുഷ്യസ്നേഹികളുടെ സഹായം തേടുകയാണ് ഈ ഹതഭാഗ്യന്‍. ഒപ്പം തന്നെ സഹായിക്കുന്ന ഇന്ത്യക്കാരോടുള്ള കൃതജ്ഞത മനസില്‍ സൂക്ഷിക്കുകയാണ് ഇയാള്‍.

നജിം കൊച്ചുകലുങ്ക്

Monday, October 12, 2009

രോഗിയായി തെരുവില്‍ കിടന്ന അന്‍വര്‍ഷ നാട്ടിലേക്ക് പോയി

റിയാദ്: രോഗിയായത് മൂലം കമ്പനിയധികൃതര്‍ തെരുവില്‍ തള്ളിയ മലയാളിയുടെ പ്രശ്നം സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പായി. പ്രമേഹം മൂര്‍ഛിച്ച് കാലില്‍ പഴുത്തൊലിക്കുന്ന വ്രണവുമായി ദിവസങ്ങളോളം ബത്ഹയിലെ തെരുവില്‍ കിടന്ന മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശി കൊടലായില്‍ മുഹമ്മദ് അന്‍വര്‍ഷ (49) യെ സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്ത വിവരം ഇന്നലെ 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. റിയാദ് കേന്ദ്രമായ പ്രമുഖ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ പാചകക്കാരനായ ഇയാളെ രോഗബാധയെ തുടര്‍ന്ന് ശമ്പളമോ, കിടക്കാനിടമോ, ചികില്‍സയൊ നല്‍കാതെ കമ്പനിയധികൃതര്‍ പുറത്താക്കിയ വിവരം ഫൊക്കാസ ഭാരവാഹികള്‍ വഴി എംബസി സാമൂഹിക ക്ഷേമ വിഭാഗത്തിന് പരാതിയായും നല്‍കിയിരുന്നു. എംബസിയധികൃതര്‍ ചുമതലപ്പെടുത്തിയ പ്രകാരം ഫൊക്കാസ ജനറല്‍ സെക്രട്ടറി മാള മൊഹ്യുദ്ദീന്‍ കമ്പനി ആസ്ഥാനത്ത് ചെന്ന് ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തുകയും മനസലിഞ്ഞ അധികൃതര്‍ വിസ റദ്ദ് ചെയ്ത് ഇയാളെ നാട്ടില്‍ അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മുഴുവന്‍ ശമ്പളവും, വിമാന ടിക്കറ്റും നല്‍കാമെന്നും അവര്‍ സമ്മതിച്ചു. ടിക്കറ്റും ശമ്പളവും കിട്ടിയ അന്‍വര്‍ഷ ഒമാന്‍ എയറില്‍ ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. ഒരുപാട് പ്രതീക്ഷകളുമായെത്തി വെറും കയ്യോടെ മടങ്ങേണ്ടിവന്ന അന്‍വര്‍ഷാക്ക് ആള്‍കേരള പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ 'സാന്ത്വനം' കിറ്റ് നല്‍കി. കുടുംബത്തിനാവശ്യമായ വസ്ത്രമടക്കം വിവിധ സാധനങ്ങളടങ്ങിയ 'സാന്ത്വനം' കിറ്റ് അസോസിയേഷന്‍ സെക്രട്ടറി നസീര്‍ കടക്കല്‍ അന്‍വര്‍ഷാക്ക് കൈമാറി. ഇയാളുടെ ദുരിതകഥയറിഞ്ഞവര്‍ നല്‍കിയ സംഭാവനകള്‍ സമാഹരിച്ച സഹായധനവും കൈമാറി. കേരളത്തിലെ ഏതെങ്കിലും മികച്ച ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ സൌജന്യമായി ലഭ്യമാക്കാന്‍ വേണ്ട സഹായങ്ങള്‍ തൃശൂര്‍ ആസ്ഥാനമായ 'ശാന്തി മെഡിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സെന്റര്‍' മേധാവി ഉമാപ്രേമന്‍ വാഗ്ദാനം ചെയ്തതായി സെന്ററിന്റെ റിയാദ് ഘടകം കണ്‍വീനര്‍ അലോഷ്യസ് അറിയിച്ചു. തന്റെ ദുരിതത്തില്‍ തന്നെ സഹായിക്കാന്‍ രംഗത്തെത്തിയ എല്ലാവരോടും അന്‍വര്‍ഷ യാത്രയയപ്പ് ചടങ്ങില്‍ നന്ദി പറഞ്ഞു. നാട്ടിലെത്തിയാലുടന്‍ വിസക്കായി കടമായും മറ്റും സമാഹരിച്ചു നല്‍കിയ 75000 രൂപ കോഴിക്കോട്ടെ ഏജന്റില്‍ നിന്ന് തിരിച്ചുവാങ്ങാന്‍ ശ്രമിക്കുമെന്നും അന്‍വര്‍ഷാ പറഞ്ഞു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള നിര്‍ദ്ധനകുടുംബത്തിന്റെ ഏകാശ്രയമായ അന്‍വര്‍ഷ ഈ വര്‍ഷം ഓഗസ്റ്റ് 16നാണ് കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി വഴി റിയാദിലെത്തിയത്.

നജിം കൊച്ചുകലുങ്ക്

രോഗിയായ തൊഴിലാളിയെ കമ്പനിയധികൃതര്‍ തെരുവിലുപേക്ഷിച്ചു

റിയാദ്: പ്രമേഹം മൂര്‍ഛിച്ച് അവശനായ മലയാളിയെ മാന്‍പവര്‍ സപ്ലൈ കമ്പനിയധികൃതര്‍ തെരുവിലുപേക്ഷിച്ചതായി ഇന്ത്യന്‍ എംബസിക്ക് പരാതി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശി കൊടലായില്‍ മുഹമ്മദ് അന്‍വര്‍ഷ (49) യെയാണ് കാലിലെ പഴുത്ത് നീരൊലിക്കുന്ന വ്രണവുമായി ദിവസങ്ങളായി ബത്ഹയിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. റിയാദ് കേന്ദ്രമായ പ്രമുഖ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ പാചകക്കാരനായ ഇയാളെ രോഗബാധിതനായതിനെ തുടര്‍ന്നാണ് ശമ്പളമോ, കിടക്കാനിടമോ, ചികില്‍സയൊ നല്‍കാതെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതെന്ന് ഫൊക്കാസ ഭാരവാഹികള്‍ വഴി എംബസി സാമൂഹിക ക്ഷേമ വിഭാഗത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 16നാണ് കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി വഴി ഇയാള്‍ റിയാദിലെത്തിയത്. കമ്പനിയുടെ ഹൊഫൂഫിലെ പ്രൊജക്ടിലാണ് നിയമിച്ചത്. അവിടെ ജോലി ചെയ്യുന്നതിനിടെയാണ് കാലില്‍ വ്രണമുണ്ടായി പഴുത്തൊലിക്കാന്‍ തുടങ്ങിയത്. പ്രൊജക്ട് മാനേജരോട് ചികില്‍സാസഹായം ആവശ്യപ്പെട്ടെങ്കിലും പ്രാഥമിക ശുശ്രൂഷപോലും നല്‍കാതെ റിയാദിലേക്ക് വണ്ടികയറ്റിവിടുകയാണുണ്ടായത്. ചികില്‍സ കിട്ടാതെ കൂടുതല്‍ വഷളായ വ്രണവുമായി കമ്പനിയാസ്ഥാനത്തെത്തിയ മുഹമ്മദിനൊട് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതെ വിമാന ടിക്കറ്റെടുത്തുകൊടുത്താല്‍ നാട്ടിലേക്ക് തിരിച്ചയക്കാം എന്നാണ് അധികൃതര്‍ പറഞ്ഞതത്രെ. ശമ്പളമായി ഒരു റിയാല്‍ പോലും കിട്ടാതിരുന്ന മുഹമ്മദിന്റെ കൈവശം ടിക്കറ്റിന് പോയിട്ട് ആഹാരത്തിന് പോലുമുള്ള പണമുണ്ടായിരുന്നില്ല. ചികില്‍സക്കൊ, താമസിക്കാനൊ ഒരു സൌകര്യവും നല്‍കാതെ കമ്പനിയധികൃതര്‍ പറഞ്ഞുവിടുകയായിരുന്നു. പിന്നെ തെരുവു മാത്രമായിരുന്നു ആശ്രയം. വാണിജ്യ കേന്ദ്രമായ ബത്ഹയിലെത്തിയ ഇയാള്‍ ഒരു പള്ളിക്ക് സമീപം തെരുവില്‍ ദിവസങ്ങളോളം കഴിഞ്ഞു. വഴിയാത്രക്കാരോട് ഭിക്ഷവാങ്ങിയാണ് വിശപ്പകറ്റിയത്. വ്രണം അപ്പോഴേക്കും വഷളായ നിലയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ ഇയാളെ സമീപത്തെ ഷിഫ അല്‍ ജസീറ പോളിക്ലിനിക്കില്‍ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഇയാളെ പരിശോധിച്ച ഡോക്ടര്‍ പ്രമേഹം മൂര്‍ഛിച്ചതാണെന്നും എത്രയും വേഗം കൂടുതല്‍ സൌകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ നല്‍കണമെന്നും നിര്‍ദേശിച്ചു. ക്ലിനിക്കില്‍ നിന്ന് ലഭിച്ച സൌജന്യ ചികില്‍സയുടെ ആശ്വാസത്തിലാണ് മുഹമ്മദ് ഇപ്പോള്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉചിത ചികില്‍സയും താമസസൌകര്യവും ശമ്പളവും നല്‍കാന്‍ കമ്പനിയോടാവശ്യപ്പെടണമെന്നാണ് ഫൊക്കാസ പ്രവര്‍ത്തകര്‍ എംബസി സാമൂഹികക്ഷേമ വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഫൊക്കാസ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് അഭയം നല്‍കിയിരിക്കുകയാണ്.

നജിം കൊച്ചുകലുങ്ക്