Tuesday, January 19, 2010

ഏകമകന്റെ വേര്‍പാടിന്റെ വേദനയിലും കാരുണ്യവഴിയില്‍ സാന്ത്വനം തേടി ദമ്പതികള്‍


റിയാദ്: ഏകമകന്റെ ദുരൂഹമരണത്തിന് പിന്നിലെ ചുരുളഴിക്കാനുള്ള നിയമ പോരാട്ടത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി ഒറ്റപ്പെടലിന്റെയും വേര്‍പാടിന്റെയും വേദനയില്‍നിന്ന് പ്രവാസി ദമ്പതികള്‍ മോചനം തേടുന്നു. അരുമയായി പോറ്റിവളര്‍ത്തിയ മകനില്ലാതെ എന്തിനിങ്ങനെയൊരു ജീവിതം എന്നചിന്ത വേട്ടയാടിത്തുടങ്ങിയപ്പോഴാണ് മകനുവേണ്ടി സമ്പാദിച്ചതൊക്കെ ജീവകാരുണ്യത്തിനായി ചെലവഴിക്കാനും വെബ് സൈറ്റ് തുറന്ന് മകന്റെ ജീവിത കഥയോടൊപ്പം അവന്റെ ജീവനെടുക്കാനിടയാക്കിയ സ്വകാര്യ സര്‍വകലാശാലയുടെ പിന്നാമ്പുറ വിശേഷങ്ങള്‍ അനാവരണം ചെയ്ത് മറ്റുള്ളവരുമായി പങ്കുവെക്കാനും തീരുമാനിച്ചതെന്ന് റിയാദില്‍ ജോലി ചെയ്യുന്ന എറണാകുളം ആലുവ സൌത്ത് വാഴക്കുളം മാളിയേക്കല്‍ വീട്ടിലെ ജോണ്‍ സേവ്യറും ഭാര്യ അനുവും വിതുമ്പലോടെ പറയുന്നു. ഇവരുടെ മകന്‍ ജസ്റ്റിന്‍ ജോണിനെ (18) കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എയര്‍സ്പേസ് എഞ്ചിനീയറിംഗിന് പഠിച്ചിരുന്ന ദല്‍ഹി നോയിഡയിലെ അമിത് ഡീംഡ് യൂനിവേഴ്സിറ്റി കാമ്പസിനുള്ളിലെ നീന്തല്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. നീന്തലിനിടയില്‍ മുങ്ങിമരിച്ചതായി വിധിയെഴുതി മറവുചെയ്ത ജസ്റ്റിന്റെ മൃതദേഹം റിയാദില്‍നിന്ന് നാട്ടിലെത്തിയ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തിന് പിന്നിലെ ദുരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുസംബന്ധിച്ച് ജോണ്‍ സേവ്യര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കേരള ഹൈ കോടതി ഈ മാസം 30ന് കേസന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ പൊലീസിനോടാവശ്യപ്പെടിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ മറ്റ് വിശദാംശങ്ങള്‍ വെളിപ്പടുത്തുന്നത് ശരിയല്ലെന്ന് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞ ജോണ്‍ സേവ്യര്‍, എന്നാല്‍ മകന്റെ മരണം സംബന്ധിച്ച് നിലനില്‍ക്കുന്ന ചില സംശയങ്ങള്‍ വെളിപ്പെടുത്തി. മരണം സംബന്ധിച്ച് സര്‍വകലാശാല അധികൃതര്‍ പറയുന്നത് വിശ്വസിക്കാനാവില്ല. നീന്തല്‍ മല്‍സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ ജസ്റ്റിന്‍, കാമ്പസിലെ നീന്തല്‍കുളത്തില്‍ നീന്തലിനിടെ മുങ്ങിമരിച്ചെന്നാണ് അറിയിച്ചത്. രണ്ട് തവണ നീന്തിയെന്നും മൂന്നാമത് നീന്തവെ കുഴഞ്ഞു വീണെന്നും അബോധാവസ്ഥയില്‍ കാമ്പസിലെ ക്ലിനിക്കില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നുവെന്നുമാണ് പറഞ്ഞത്. ജസ്റ്റിന് കാര്യമായ ഒരസുഖവും ഉണ്ടായിട്ടില്ല. ദല്‍ഹിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഏഴടിയോളം ഉയരമുള്ള മകന്‍ ഏറ്റവും ആഴമുള്ള ഭാഗത്തുപോലും ആറടിയില്‍ കൂടുതല്‍ താഴ്ചയില്ലാത്ത നീന്തല്‍ കുളത്തില്‍ അബദ്ധത്തില്‍ മുങ്ങിമരിച്ചെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസി
ക്കും? അദ്ദേഹം ചോദിച്ചു. മരണത്തില്‍ ദുരുഹതയുണ്ടന്ന് കാണിച്ച് കേന്ദ്ര അഭ്യന്തര സഹമന്ത്രി മുലപ്പള്ളി രാമചന്ദ്രനെയും കേരള അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെയും കണ്ടിരുന്നു. തുടര്‍ന്ന് ഐ.ജി. വിന്‍സന്റ് പോള്‍ ഒക്ടോബര്‍ 21ന് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ വാഴക്കുളം ഉണ്ണിമിശിഹാ പള്ളിസെമിത്തേരിയില്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് 22ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഇതില്‍, തലക്ക് പിന്നില്‍ ക്ഷതമേറ്റതായി കണ്ടത്തിയെന്നാണ് അറിഞ്ഞതെന്ന് ജോണ്‍ പറഞ്ഞു. ഫോറന്‍സിക്ക് ലാബ് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. ആലുവ എ.എസ്.പി ജയാനന്ദിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം 10 ദിവസം ദല്‍ഹിയില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇതുവരെയുള്ള കേസ് പുരോഗതി അറിയാനാണ് ഇപ്പോള്‍ ഹൈ കോടതിയെ സമീപിച്ചത്. ഹൈ കോടതിയുടെ അടുത്ത സിറ്റിംഗിനുശേഷം തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് തുറന്നുപറയുമെന്നും ജോണ്‍ സേവ്യര്‍ പറഞ്ഞു. മകന്റെ പേരില്‍ www.justinjohn.com എന്ന വെബ്സൈറ്റാണ് ഇവര്‍ ആരംഭിച്ചത്. സ്വകാര്യ സര്‍വകലാശാലകളുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചക്കും ഇതുവഴിശ്രമം നടത്തും. തങ്ങളുടെ ശിഷ്ടകാലം 'ജസ്റ്റിന്‍ ജോണ്‍ ഫൌണ്ടേഷന്‍' എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സമ്പാദ്യങ്ങളൊക്കയും ഇതിന് വിനിയോഗിക്കുമെന്നും ജോണ്‍ പറഞ്ഞു.

നജിം കൊച്ചകലുങ്ക്
(ഗള്‍ഫ് മാധ്യമം)