Thursday, October 15, 2009

മനഃപ്പൂര്‍വം വാഹനാപകടമുണ്ടാക്കി തോക്കു ചൂണ്ടി കൊള്ളയടി

റിയാദ്: മനഃപ്പൂര്‍വം വാഹനാപകടമുണ്ടാക്കി തോക്കു ചൂണ്ടി കൊള്ളയടിക്കുന്ന സംഭവങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകം. വാഹനത്തില്‍ ഇതര വാഹനങ്ങളെ പിന്തുടര്‍ന്ന് അവയുടെ പിറകില്‍ കൊണ്ടിടിച്ചു അപകടമുണ്ടാക്കുകയാണത്രെ. സ്വകാര്യ വാഹനങ്ങളില്‍ ഒറ്റക്ക് പോകുന്നവരെയാണ് സാമൂഹിക വിരുദ്ധര്‍ ലക്ഷ്യം വെയ്ക്കുന്നത്. അപകടമുണ്ടാകുമ്പോള്‍ വാഹനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നവരെ തോക്കു ചൂണ്ടി പണവും മറ്റും കൊള്ളയടിക്കുന്ന സംഭവങ്ങളില്‍ നിരവധി പേര്‍ ഇരയായിക്കഴിഞ്ഞു. കാറുകളാണ് പ്രധാനമായും ഇവരുടെ ലക്ഷ്യം. കാറുകളുടെ പിറകില്‍ മനഃപൂര്‍വം മുട്ടിച്ച ശേഷം നിര്‍ത്തിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടും. വിസമ്മതിച്ചാല്‍ കൈത്തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായി. കൈവശമുള്ളതെല്ലാം അപഹരിച്ച് സംഘം സ്ഥലം വിടും. വാഹനത്തിനുണ്ടാകുന്ന കേടുപാടിന് പുറമെ കൈയ്യിലുള്ള പണവും ഇഖാമയും ലൈസന്‍സും മൊബൈല്‍ ഫോണുമെല്ലാം ഇങ്ങിനെ നഷ്ടപ്പെടും. സ്വകാര്യ കാറുകളില്‍ പോകുന്നവരെ മാത്രമല്ല ടാക്സി ഡ്രൈവര്‍മാരെയും ഇത് ഭീതിയിലാഴ്ത്തുകയാണ്. വാഹനത്തില്‍ പിന്തുടരുന്ന സംഘം മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവറെ പരിഭ്രാന്തിയിലാക്കും വിധം ഭ്രാന്തമായി വണ്ടിയോടിച്ചു കയറ്റി പേടിപ്പിക്കും. അങ്ങിനെ നിയന്ത്രണം തെറ്റി വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് വലിയ ദുരന്തങ്ങളുണ്ടാകുന്ന സംഭവങ്ങളുമുണ്ടാകുന്നു. ഇത്തരമൊരു അക്രമണത്തില്‍ ഭയന്ന് നിയന്ത്രണം തെറ്റിയ വാഹനമിടിച്ചുകയറി കൊള്ളയടിക്കാനെത്തിയ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ മലയാളി യുവാവ് ജയിലിലായ സംഭവം അടുത്തിടെ വാര്‍ത്തയായിരുന്നു. തന്നെ പിന്തുടര്‍ന്ന സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പരിഭ്രാന്തിയില്‍ വാഹനമോടിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്. സംഘത്തിന്റെ വണ്ടിയില്‍ തന്നെ ഇയാളുടെ വാഹനം ചെന്നിടിക്കുകയായിരുന്നു. ഇങ്ങിനെ കൊള്ളയടിക്കാനെത്തുന്നവരുടെ കൈവശം കൈത്തോക്കുള്ളതും ജനങ്ങളുടെ പേടിസ്വപ്നമായി മാറുകയാണ്. കഴിഞ്ഞയാഴ്ച ഒരു മലയാളി യുവാവിന് ഇത്തരത്തില്‍ വെടിയേറ്റിരുന്നു. വാഹനത്തിലെത്തിയ സംഘം ബംഗ്ലാദേശികളെ പിടിച്ചുപറിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അവര്‍ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞും മറ്റും പ്രതിരോധിച്ചു. ഇതില്‍ പ്രകോപിതരായ സാമൂഹിക വിരുദ്ധ സംഘം ആദ്യം പിന്‍വാങ്ങിയതിന് ശേഷം തിരിച്ചെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം സമീപത്ത് നിന്ന മലയാളി യുവാവിന്റെ തുടയിലൂടെ വെടിയുണ്ട തുളച്ചുകയറി മറുഭാഗത്തൂടെ പുറത്തേക്ക് പോവുകയായിരുന്നു. വെടിയേറ്റ യുവാവിനെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശുമേസി ആശുപത്രിയില്‍ ദിവസങ്ങള്‍ നീണ്ട ചികില്‍സക്ക് പോലീസ് തന്നെയാണ് സഹായം നല്‍കിയത്. അതിന് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച് അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന ക്രിമിനലുകളുടെ ചിത്രങ്ങള്‍ കാണിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയെങ്കിലും വിജയിച്ചില്ല. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കാനും ആളുകളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാനും ശ്രമിക്കണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം.

നജിം കൊച്ചുകലുങ്ക്

No comments:

Post a Comment