Saturday, November 28, 2009

മരുഭൂമിയിലെ ജലദുരന്തം ബാക്കിവെച്ചത്

മരുഭൂമിയില്‍ മഴ പെയ്യുന്നത് ഒരു പാത്രത്തിലേക്ക് വെള്ളമൊഴിക്കുന്നതുപോലെയാണ്. പാത്രത്തിന്റെ വക്കോളമെത്തുമ്പോള്‍ വെള്ളം തുളുമ്പി തൂവും. അതുപോലൊന്നു തുളുമ്പിതൂവിയതാണ് മരുഭൂമി കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജലദുരന്തത്തിന് ജിദ്ദയെ കണ്ണീര്‍സാക്ഷിയാക്കിയത്. പ്രളയത്തിന്റെ മൂന്നാംദിവസം ദുരന്ത മുഖത്ത് കണ്ടതും കേട്ടതും മാധ്യമ പ്രവര്‍ത്തകന്‍ ഷഖീബ് കൊളക്കാടന്‍ വിവരിക്കുന്നു

ജിദ്ദയിലെ മലവെള്ളപ്പാച്ചില്‍ നക്കിത്തുടച്ചത് മലയാളികളുടെ സ്വപ്നങ്ങള്‍

ജിദ്ദ: രണ്ട് മണിക്കൂര്‍ തുള്ളിക്കൊരുകുടം വെച്ച് പെയ്ത മഴ ജാമ ഗുവൈസയിലും കിലോ 14 ലും അറസാത്തിലും ഉള്ള പ്രവാസികളും സ്വദേശികളും ഒരു പോലെ ആസ്വദിച്ചു. കാരണം അവരില്‍ പലര്‍ക്കും ജിദ്ദയില്‍ അങ്ങിനെയൊരു മഴ പുത്തന്‍ അനുഭവമായിരുന്നു. കോരിച്ചൊരിഞ്ഞെത്തിയ മഴയില്‍ വരണ്ട മരുഭൂമി നനഞ്ഞു കുതിരുന്നത് ആസ്വദിച്ചു കൊതി തീരും മുമ്പേ മഴ തോര്‍ന്നു. നിനച്ചിരിക്കാതെ വന്ന മഴയെ കുറിച്ചുള്ള മധുരതരമായ ഓര്‍മ്മകള്‍ ഏറെ നേരം മനസില്‍ നിന്നില്ല. അതിനു മുമ്പേ പെട്ടെന്നാണ് റോഡിനു മുകളില്‍ നിന്നും കാതടപ്പിക്കുന്ന ശബ്ദവുമായി മലവെള്ളം കുതിച്ചെത്തിയതെന്ന് ഹാറ റഷീദിലെ ഒരു കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്യുന്ന വണ്ടൂര്‍ സ്വദേശി സുനീര്‍ ഓര്‍ക്കുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അദ്ദേഹത്തിനും കൃതമായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല.


സുനീര്‍ ജോലി ചെയ്തിരുന്ന കല്യാണമണ്ഡപവും അവിടെയുള്ള മററ് കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് മലവെള്ളം തുടച്ചു നീക്കി. അതിശക്തമായി വന്ന വെള്ളത്തോടൊപ്പം റോഡിലുണ്ടായിരുന്ന ട്രെയിലറുകളും ടാങ്കര്‍ ലോറികളും കാറുകളും മററ് വാഹനങ്ങളും താഴോട്ട് ഒഴുകിത്തുടങ്ങി. വാഹനങ്ങളില്‍ യാത്ര ചെയ്തവരില്‍ പലര്‍ക്കും വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെടാനായെങ്കിലും പലരും വാഹനത്തോടൊപ്പം ഒഴുകിപ്പോയി. വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയ സുനീര്‍ ഒരു ജി.എം.സി വണ്ടിയുടെ അരികില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. സൂനീറിനെ മുറുകെപ്പിടിച്ച് സുഡാനിയായ സൂപ്പര്‍വൈസര്‍ ഏറെ നേരെ നിന്നെങ്കിലും പിന്നീട് പിടിവിട്ട് ഒഴുകിപ്പോയി. മൂന്ന് ദിവസമായിട്ടും അദ്ദേഹത്തിന്റെ ഒരു വിവരവുമില്ലെന്ന് സുനീര്‍ പറഞ്ഞു. ഇങ്ങിനെ ഈ ഭാഗങ്ങളിലെല്ലാം വെള്ളത്തോടൊപ്പാ ഒഴുകിപ്പോയവര്‍ നൂറു കണക്കിനാണ്. പല സ്ഥലങ്ങളിലും ഭൂമിക്കടിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. ജിദ്ദയിലെ സിവില്‍ ഡിഫന്‍സ് ട്രൂപ്പും മററ് രക്ഷാ പ്രവര്‍ത്തകരും അധികവും മക്കയിലും മിനായിലും മദീനയിലുമായി ഹജജ് സര്‍വ്വീസിലാണ്. എങ്കിലും ഊര്‍ജ്ജിതമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയുടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.