Monday, May 17, 2010

ഗ്രാമവാസികളുടെ വാല്‍സല്യ ഭാജനമായി 'അല്‍ ഗിസിസി'ലെ ഏക മലയാളി

റിയാദ്: സൗദിയില്‍ 12 ലക്ഷത്തോളം മലയാളികളുണ്ടെങ്കിലും മധ്യപ്രവിശ്യയില്‍ പെട്ട 'അല്‍ ഗിസിസ്' ഗ്രാമത്തില്‍ മലയാളി ഒരാള്‍ മാത്രം. റിയാദില്‍ നിന്ന് 150ഓളം കിലോമീറ്ററകലെ മരുഭൂമിക്ക് അകത്തുള്ള ഈ ഗ്രാമത്തിലെ ഏക മലയാളി പത്തനംതിട്ട പുല്ലാട് സ്വദേശി മാത്യു വര്‍ഗീസെന്ന സണ്ണിയാണ്.

ഗ്രാമത്തിലെ ഏക വാണിജ്യ സ്ഥാപനമായ ബക്കാലയുടെ നടത്തിപ്പുകാരന്‍. ഈ ബക്കാല ഗ്രാമത്തിനൊരു 'ഹൈപ്പര്‍ മാര്‍ക്കറ്റാ'ണ്. 'അല്‍ സഹ്‌ലി' ഗോത്രക്കാരായ 13 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അവരുടെയും ഗ്രാമത്തിന് ചുറ്റുപാടുമുള്ള കൃഷിത്തോട്ടങ്ങളിലെ ജോലിക്കാരായ വിവിധ രാജ്യക്കാരുടെയും ഏക ആശ്രയ കേന്ദ്രമാണ് സണ്ണിയുടെ ഹൈപ്പര്‍ മാര്‍ക്കറ്റ്. കൃഷിത്തോട്ടങ്ങളിലെ ജോലിക്കാരില്‍ പേരിന് പോലും ഒരു മലയാളിയില്ല. ഗ്രാമവാസികള്‍ക്കാവശ്യമുള്ള എന്തും തന്റെ ബക്കാലയിലുണ്ടെന്ന് സണ്ണി പറയുന്നു. ഇല്ലാത്തത് 35ഓളം കിലോമീറ്ററകലെയുള്ള പട്ടണമായ 'ദുര്‍മ'യിലോ 150ഓളം കിലോമീറ്ററകലെയുള്ള റിയാദിലോ തന്റെ പിക്കപ്പ് വാനില്‍ പോയി കൊണ്ടുവരാന്‍ സണ്ണിക്ക് മടിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി മിക്ക ദിവസവും രാവിലെ ഈ യാത്രയുണ്ടാവും. പോയി വരുമ്പോള്‍ വാങ്ങുന്ന 'ഗള്‍ഫ് മാധ്യമം' ദിനപത്രത്തിലൂടെയാണ് ഇയാള്‍ പുറം ലോകത്തെ കുറിച്ചറിയുന്നത്.



സണ്ണി അല്‍ ഗിസിസ് ഗ്രാമത്തിലെത്തിയിട്ട് 10 വര്‍ഷം പിന്നിടുന്നു, 'ഗള്‍ഫ് മാധ്യമ'വുമായുള്ള ചങ്ങാത്തത്തിനും അതേ പ്രായം. മൂന്നാം ദിവസം പത്രം കിട്ടിയിരുന്നപ്പോഴും അന്നന്ന് രാവിലെ പത്രം കിട്ടിത്തുടങ്ങിയപ്പോഴും തന്റെ വായനാശീലത്തില്‍ 'ഗള്‍ഫ് മാധ്യമം' മാത്രമാണ് സ്ഥാനം പിടിച്ചത്. ഗ്രാമത്തിലെ ഒരു സ്വദേശിയുടെ വീട്ടു ഡ്രൈവര്‍ വിസയിലാണ് 2000ല്‍ ഇവിടെയെത്തിയത്. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നതിനാല്‍ വീട്ടുകാര്‍ക്ക് ഒരു ഡ്രൈവറെ ആവശ്യമില്ലാതായി. നല്ലവനായ സ്‌പോണ്‍സര്‍ പുറത്തുപോയി ജോലിയന്വേഷിക്കാന്‍ പറഞ്ഞു. എന്തിനുമേതിനും 35 കിലോമീററ്ററകലെയുള്ള ദുര്‍മ പട്ടണത്തെ ആശ്രയിക്കേണ്ടിവരുന്ന ഗ്രാമവാസികളുടെ ബുദ്ധിമുട്ടിന് അറുതിവരുത്താന്‍ ഒരു ബക്കാലയായാലോ എന്ന ആശയം സണ്ണിയാണ് സ്‌പോണ്‍സറുടെ മുന്നില്‍ വെക്കുന്നത്. സ്‌പോണ്‍സര്‍ക്ക് സന്തോഷമായി. അങ്ങിനെയാണ് താമസസ്ഥലത്തിന് സമീപത്ത് ബക്കാല പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗോത്രത്തലവനായ 'അമീര്‍' പോലും സണ്ണിയുടെ ഉപഭോക്താവാണ്. ദിവസം ശരാശരി 800 റിയാലിന്റെ വിറ്റുവരവ്. വരുമാനം മോശമായില്ല. മൂന്നു കുട്ടികളും ഭാര്യയുമുള്ള കുടുംബം ഇന്ന് നാട്ടില്‍ നല്ലനിലയില്‍ കഴിയുന്നു. എങ്കിലും ഇപ്പോള്‍ നാട്ടില്‍ പോയിട്ട് വര്‍ഷം നാലായി. കുട്ടികളുടെ പഠനവും മറ്റുമായി കുറച്ചുപണം അധികം ആവശ്യമുണ്ട്. അതൊന്നു ഒത്തുകിട്ടണം. പിന്നെ നാട്ടില്‍ പോകുമ്പോള്‍ ബക്കാല പകരം ഏല്‍പിച്ചുപോകാന്‍ ഒരാളില്ലാത്തതും പ്രശ്‌നമാണ്.



ദശകം പൂര്‍ത്തിയാക്കുന്ന സഹവാസം സണ്ണിയെ ഗ്രാമവാസികള്‍ക്ക് പ്രിയപ്പെട്ടവനാക്കിയിരിക്കുകയാണ്. സണ്ണിയൊ, മാത്യു വര്‍ഗീസോ അല്ല ഗ്രാമവാസികള്‍ക്ക് ഇയാള്‍ 'ഇബ്രാഹി'മാണ്. എല്ലാവരും അങ്ങിനെയാണ് ഇയാളെ വിളിക്കുന്നത്. ഇതര മത വിശ്വാസിയെന്നത് ഈ ഗ്രാമവാസികള്‍ക്ക് ഒരു പ്രശ്‌നമല്ലത്രെ. അങ്ങിനെയൊരു അന്യതാ ബോധം അനുഭവപ്പെട്ടിട്ടില്ലെന്ന് സണ്ണി പറയുന്നു. വെള്ളിയാഴ്ചകളില്‍ സൗദികള്‍ തന്നെ വന്ന് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുമെന്ന് സണ്ണി പറയുന്നു. അങ്ങിനെ ജുമുഅഃ മുടങ്ങാറില്ലത്രെ. നോമ്പുകാലം ഗ്രാമത്തിന് ഉല്‍സവമാണ്. 13 കുടുംബങ്ങള്‍ക്കും ഓരോ ദിവസവും ഒരോ വീട്ടിലാണ് 'ഇഫ്താര്‍'. കൂട്ടത്തില്‍ വിരുന്നുകാരനായി സണ്ണിയുമുണ്ടാവും. റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കുന്നതിനിടയില്‍ രണ്ട് തവണ ഒരു വീട്ടില്‍ വിരുന്നുണ്ടാവും. കഴിഞ്ഞ അഞ്ചുവര്‍ഷമായി കൃത്യമായി വ്രതവുമെടുക്കാറുണ്ട്. വളരെ സന്തോഷം, സംതൃപ്തം, ഈ ഗ്രാമം വിട്ടുപോകാന്‍ തോന്നുന്നില്ലെന്ന് സണ്ണി.

1 comment: