Saturday, June 26, 2010

'ആടുജീവിത'ത്തില്‍നിന്ന് ജിബിനെ രക്ഷപ്പെടുത്താന്‍ മനുഷ്യസ്‌നേഹികള്‍ രംഗത്ത്

റിയാദ്: മരുഭൂമിയിലെ 'ആടുജീവിത'ത്തില്‍നിന്ന് രക്ഷ തേടിയുള്ള ജിബിന്റെ നിലവിളിക്ക് ഉത്തരമായി മനുഷ്യസ്‌നേഹികള്‍ രംഗത്ത്. ഡ്രൈവര്‍ ജോലിയുടെ വിസയിലെത്തിയ ശേഷം ആട്ടിനെ മേയ്ക്കാന്‍ നിയോഗിക്കപ്പെട്ട് മരുഭൂമിയിലെ തിളക്കുന്ന ചൂടില്‍ മനസും ശരീരവും വെന്തുരുകിയുള്ള ഈ 23കാരന്റെ രോദനം കഴിഞ്ഞയാഴ്ച 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഹാഇലിനടുത്തുള്ള ഖത്ത മരുഭൂമിയിലെ ആട്ടിന്‍കൂട്ടത്തോടൊപ്പം കഴിയുന്ന ചക്കാലക്കുഴിയില്‍ ജിബിന്‍ ജോസ് എന്ന ഈ കോട്ടയം സ്വദേശിയെ രക്ഷപ്പെടുത്താന്‍, വര്‍ത്ത കണ്ട് ഹാഇലില്‍നിന്നുള്‍പ്പെടെ നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്ത് വിളിച്ചതായി സഹായ പ്രവര്‍ത്തനവുമായി രംഗത്തുള്ള ഒ.ഐ.സി.സി അസീര്‍ പ്രവിശ്യ ഭാരവാഹി അശ്‌റഫ് കുറ്റിച്ചല്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

അതേസമയം നാട്ടില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ സജീവമായി ഇടപെട്ടത് കാരണം ജിബിനെ റിക്രൂട്ട് ചെയ്ത് അയച്ച എറണാകുളത്തെ ജൂപ്പിറ്റര്‍ ട്രാവല്‍സും മുംബൈയിലെ ബിനോയം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയും യുവാവിനെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അശ്‌റഫ് അയച്ചുകൊടുത്ത 'ഗള്‍ഫ് മാധ്യമം' വാര്‍ത്ത പ്രകാരം ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍നിന്ന് കൊച്ചി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ജൂപ്പിറ്റര്‍ ട്രാവല്‍സ് അധികൃതരോട് ജിബിനെ നാട്ടിലെത്തിക്കാന്‍ പൊലിസ് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയുമാണ്. ഇതനുസരിച്ച് മുംബൈയിലെ ബിനോയം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി പ്രതിനിധി മാലിക് സിദ്ദീഖ് എന്നയാള്‍ റിയാദിലെത്തിയിട്ടുണ്ടെന്നും ജിബിനെ രക്ഷപ്പെടുത്തിയ ശേഷമേ താന്‍ മടങ്ങൂ എന്ന് അയാള്‍ അറിയിച്ചിട്ടുണ്ടെന്നും അശ്‌റഫ് പറഞ്ഞു. ജിബിനെ തിരിച്ചയക്കാന്‍ 4000 റിയാല്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ തുക മാലിക് സിദ്ദീഖ് കൊടുക്കുമെന്നും അറിയിച്ചതായി റിയാദില്‍ പ്രവര്‍ത്തന രംഗത്തുള്ള റസാഖ് പൂക്കോട്ടുംപാടം, രഘുനാഥ് പറശിനിക്കടവ് എന്നിവര്‍ പറഞ്ഞു.

വിസ ഏജന്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി 90000 രൂപ ചെലവഴിച്ചാണ് ജിബിന്‍ ജോസ് കഴിഞ്ഞമാസം 26ന് സൗദിയിലെത്തിയത്. അയല്‍വാസിയായ വിസ ഏജന്റ് ഡ്രൈവര്‍ ജോലിയും 1200 റിയാല്‍ ശമ്പളവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. നാട്ടില്‍ ദിവസം 500 രൂപ പ്രതിഫലം കിട്ടുന്ന ബസ് ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് ജിബിന്‍ ഗള്‍ഫിലേക്ക് പറന്നത് ഈ വാക്കുകള്‍ വിശ്വസിച്ചാണ്.  ഈ മാസം ഒന്നിന് മരുഭൂമിയിലെ ജോലി സ്ഥലത്തെത്തിയ ജിബിന് ഡ്രൈവര്‍ ജോലിക്ക് പകരം സ്‌പോണ്‍സര്‍ ഒരു വലിയ ആട്ടിന്‍ കൂട്ടത്തെ മേക്കാനുള്ള ജോലിയാണ് നല്‍കിയത്. 150ഓളം ആടുകളാണുള്ളത്. അതിരാവിലെ ജോലി തുടങ്ങും. കുറച്ചകലെ കൂട്ടിയിട്ടിരിക്കുന്ന തീറ്റപ്പുല്ലിന്റെ വലിയ കെട്ടുകള്‍ ചുമന്നെത്തിക്കണം. വെള്ളം കൊടുക്കണം. മരുഭൂമിയിലെ സൂര്യതാപത്തില്‍നിന്നുള്ള ഏക അഭയസ്ഥാനം ടെന്റെന്ന് തോന്നിപ്പിക്കുംവിധം വലിച്ചുകെട്ടിയ ഒരു തുണിക്കഷ്ണത്തിന്റെ മറ മാത്രമാണ്.

സ്‌പോണ്‍സര്‍ നല്‍കിയ അരി മാത്രമാണ് ആഹാരത്തിനുള്ളത്. കുറച്ച് മസാലപ്പൊടിയും. ഇതും കൃഷിത്തോട്ടത്തില്‍നിന്ന് കിട്ടുന്ന തക്കാളിയും മറ്റും കൊണ്ട് എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിച്ചാണ് പശിയകറ്റുന്നത്. ജോലിയുടെ കാഠിന്യം സഹിക്കവയ്യാതെ തളര്‍ന്നിരിക്കുമ്പോള്‍ സ്‌പോണ്‍സറുടെ ക്രൂര മര്‍ദ്ദനവും. മാലിക് സിദ്ദീഖ് 2000 റിയാല്‍ സ്‌പോണ്‍സര്‍ക്ക് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും ജിബിനെ ഇന്ന് റിയാദിലെത്തിക്കുമെന്നും അറിയുന്നു. അപ്പോള്‍ ബാക്കി തുക കൊടുക്കണമത്രെ. 

Monday, May 17, 2010

ഗ്രാമവാസികളുടെ വാല്‍സല്യ ഭാജനമായി 'അല്‍ ഗിസിസി'ലെ ഏക മലയാളി

റിയാദ്: സൗദിയില്‍ 12 ലക്ഷത്തോളം മലയാളികളുണ്ടെങ്കിലും മധ്യപ്രവിശ്യയില്‍ പെട്ട 'അല്‍ ഗിസിസ്' ഗ്രാമത്തില്‍ മലയാളി ഒരാള്‍ മാത്രം. റിയാദില്‍ നിന്ന് 150ഓളം കിലോമീറ്ററകലെ മരുഭൂമിക്ക് അകത്തുള്ള ഈ ഗ്രാമത്തിലെ ഏക മലയാളി പത്തനംതിട്ട പുല്ലാട് സ്വദേശി മാത്യു വര്‍ഗീസെന്ന സണ്ണിയാണ്.

ഗ്രാമത്തിലെ ഏക വാണിജ്യ സ്ഥാപനമായ ബക്കാലയുടെ നടത്തിപ്പുകാരന്‍. ഈ ബക്കാല ഗ്രാമത്തിനൊരു 'ഹൈപ്പര്‍ മാര്‍ക്കറ്റാ'ണ്. 'അല്‍ സഹ്‌ലി' ഗോത്രക്കാരായ 13 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അവരുടെയും ഗ്രാമത്തിന് ചുറ്റുപാടുമുള്ള കൃഷിത്തോട്ടങ്ങളിലെ ജോലിക്കാരായ വിവിധ രാജ്യക്കാരുടെയും ഏക ആശ്രയ കേന്ദ്രമാണ് സണ്ണിയുടെ ഹൈപ്പര്‍ മാര്‍ക്കറ്റ്. കൃഷിത്തോട്ടങ്ങളിലെ ജോലിക്കാരില്‍ പേരിന് പോലും ഒരു മലയാളിയില്ല. ഗ്രാമവാസികള്‍ക്കാവശ്യമുള്ള എന്തും തന്റെ ബക്കാലയിലുണ്ടെന്ന് സണ്ണി പറയുന്നു. ഇല്ലാത്തത് 35ഓളം കിലോമീറ്ററകലെയുള്ള പട്ടണമായ 'ദുര്‍മ'യിലോ 150ഓളം കിലോമീറ്ററകലെയുള്ള റിയാദിലോ തന്റെ പിക്കപ്പ് വാനില്‍ പോയി കൊണ്ടുവരാന്‍ സണ്ണിക്ക് മടിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി മിക്ക ദിവസവും രാവിലെ ഈ യാത്രയുണ്ടാവും. പോയി വരുമ്പോള്‍ വാങ്ങുന്ന 'ഗള്‍ഫ് മാധ്യമം' ദിനപത്രത്തിലൂടെയാണ് ഇയാള്‍ പുറം ലോകത്തെ കുറിച്ചറിയുന്നത്.



സണ്ണി അല്‍ ഗിസിസ് ഗ്രാമത്തിലെത്തിയിട്ട് 10 വര്‍ഷം പിന്നിടുന്നു, 'ഗള്‍ഫ് മാധ്യമ'വുമായുള്ള ചങ്ങാത്തത്തിനും അതേ പ്രായം. മൂന്നാം ദിവസം പത്രം കിട്ടിയിരുന്നപ്പോഴും അന്നന്ന് രാവിലെ പത്രം കിട്ടിത്തുടങ്ങിയപ്പോഴും തന്റെ വായനാശീലത്തില്‍ 'ഗള്‍ഫ് മാധ്യമം' മാത്രമാണ് സ്ഥാനം പിടിച്ചത്. ഗ്രാമത്തിലെ ഒരു സ്വദേശിയുടെ വീട്ടു ഡ്രൈവര്‍ വിസയിലാണ് 2000ല്‍ ഇവിടെയെത്തിയത്. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നതിനാല്‍ വീട്ടുകാര്‍ക്ക് ഒരു ഡ്രൈവറെ ആവശ്യമില്ലാതായി. നല്ലവനായ സ്‌പോണ്‍സര്‍ പുറത്തുപോയി ജോലിയന്വേഷിക്കാന്‍ പറഞ്ഞു. എന്തിനുമേതിനും 35 കിലോമീററ്ററകലെയുള്ള ദുര്‍മ പട്ടണത്തെ ആശ്രയിക്കേണ്ടിവരുന്ന ഗ്രാമവാസികളുടെ ബുദ്ധിമുട്ടിന് അറുതിവരുത്താന്‍ ഒരു ബക്കാലയായാലോ എന്ന ആശയം സണ്ണിയാണ് സ്‌പോണ്‍സറുടെ മുന്നില്‍ വെക്കുന്നത്. സ്‌പോണ്‍സര്‍ക്ക് സന്തോഷമായി. അങ്ങിനെയാണ് താമസസ്ഥലത്തിന് സമീപത്ത് ബക്കാല പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗോത്രത്തലവനായ 'അമീര്‍' പോലും സണ്ണിയുടെ ഉപഭോക്താവാണ്. ദിവസം ശരാശരി 800 റിയാലിന്റെ വിറ്റുവരവ്. വരുമാനം മോശമായില്ല. മൂന്നു കുട്ടികളും ഭാര്യയുമുള്ള കുടുംബം ഇന്ന് നാട്ടില്‍ നല്ലനിലയില്‍ കഴിയുന്നു. എങ്കിലും ഇപ്പോള്‍ നാട്ടില്‍ പോയിട്ട് വര്‍ഷം നാലായി. കുട്ടികളുടെ പഠനവും മറ്റുമായി കുറച്ചുപണം അധികം ആവശ്യമുണ്ട്. അതൊന്നു ഒത്തുകിട്ടണം. പിന്നെ നാട്ടില്‍ പോകുമ്പോള്‍ ബക്കാല പകരം ഏല്‍പിച്ചുപോകാന്‍ ഒരാളില്ലാത്തതും പ്രശ്‌നമാണ്.



ദശകം പൂര്‍ത്തിയാക്കുന്ന സഹവാസം സണ്ണിയെ ഗ്രാമവാസികള്‍ക്ക് പ്രിയപ്പെട്ടവനാക്കിയിരിക്കുകയാണ്. സണ്ണിയൊ, മാത്യു വര്‍ഗീസോ അല്ല ഗ്രാമവാസികള്‍ക്ക് ഇയാള്‍ 'ഇബ്രാഹി'മാണ്. എല്ലാവരും അങ്ങിനെയാണ് ഇയാളെ വിളിക്കുന്നത്. ഇതര മത വിശ്വാസിയെന്നത് ഈ ഗ്രാമവാസികള്‍ക്ക് ഒരു പ്രശ്‌നമല്ലത്രെ. അങ്ങിനെയൊരു അന്യതാ ബോധം അനുഭവപ്പെട്ടിട്ടില്ലെന്ന് സണ്ണി പറയുന്നു. വെള്ളിയാഴ്ചകളില്‍ സൗദികള്‍ തന്നെ വന്ന് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുമെന്ന് സണ്ണി പറയുന്നു. അങ്ങിനെ ജുമുഅഃ മുടങ്ങാറില്ലത്രെ. നോമ്പുകാലം ഗ്രാമത്തിന് ഉല്‍സവമാണ്. 13 കുടുംബങ്ങള്‍ക്കും ഓരോ ദിവസവും ഒരോ വീട്ടിലാണ് 'ഇഫ്താര്‍'. കൂട്ടത്തില്‍ വിരുന്നുകാരനായി സണ്ണിയുമുണ്ടാവും. റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കുന്നതിനിടയില്‍ രണ്ട് തവണ ഒരു വീട്ടില്‍ വിരുന്നുണ്ടാവും. കഴിഞ്ഞ അഞ്ചുവര്‍ഷമായി കൃത്യമായി വ്രതവുമെടുക്കാറുണ്ട്. വളരെ സന്തോഷം, സംതൃപ്തം, ഈ ഗ്രാമം വിട്ടുപോകാന്‍ തോന്നുന്നില്ലെന്ന് സണ്ണി.

Wednesday, March 3, 2010

ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് റിയാദില്‍ ഊഷ്മള വരവേല്‍പ്

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പമെത്തിയ മാധ്യമ സംഘത്തിന് സൌദി ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ആസ്ഥാനത്ത് ഊഷ്മള വരവേല്‍പ്. ഇതു സംബന്ധിച്ച വാര്‍ത്തക്ക് ഇന്നലെ പ്രാദേശിക അറബി പത്രങ്ങള്‍ നല്ല കവറേജാണ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ത്രിദിന സന്ദര്‍ശന പരിപാടിയുടെ രണ്ടാം ദിവസം രാത്രിയാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൌദി പത്രപ്രവര്‍ത്തക സംഘടനയുടെ റിയാദിലെ ആസ്ഥാനത്ത് അത്താഴ വിരുന്നും സൌഹൃദ സംഗമവും ഒരുക്കിയത്.

രണ്ടാംദിന പരിപാടിയുടെ വാര്‍ത്തകള്‍ നല്‍കി വിശ്രമത്തിന് തയാറെടുക്കുകയായിരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ വിദേശകാര്യ വക്താവ് വിഷ്ണു പ്രകാശ് ഒരുക്കുന്ന അത്താഴ വിരുന്നിലേക്കെന്ന് പറഞ്ഞാണ് റിയാദ് പാലസ് ഹോട്ടലിലെ മീഡിയാ സെന്ററില്‍നിന്ന് എംബസി അധികൃതര്‍ പുറത്തേക്ക് കൊണ്ടുപോയത്. അറേബ്യന്‍ പാരമ്പര്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നജദ് വില്ലേജ് എന്ന ഭക്ഷണ ശാലയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായാണ് സൌദി പത്രപ്രവര്‍ത്തകരുടെ ആതിഥേയത്വത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. സൌദി വാര്‍ത്താ വിതരണ മന്ത്രാലയം വഴിയാണ് സൌദി ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ വിരുന്നിന് ക്ഷണിച്ചത്. രാത്രി 10ഓടെ റിയാദ്, അഖീഖ് ന്യൂസ് പേപ്പര്‍ സ്ട്രീറ്റിലെ അസോസിയേഷന്‍ ആസ്ഥാനത്തെത്തിയ ഇന്ത്യന്‍ മാധ്യമ സംഘത്തെ അല്‍ യമാമ മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫും സൌദി ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുല്ല അല്‍ ജഹ്ലാനും ബോര്‍ഡ് അംഗങ്ങളും വിവിധ മാധ്യമങ്ങളില്‍നിന്നുള്ള പ്രതിനിധികളും ചേര്‍ന്ന് സ്നേഹോഷ്മളമായി വരവേല്‍ക്കുകയായിരുന്നു. അറേബ്യന്‍ ആതിഥേയ ശീലങ്ങള്‍ പാലിച്ച് പാരമ്പര്യ വേഷഭൂഷാദികള്‍ അണിഞ്ഞ് യുവ പത്രപ്രവര്‍ത്തകര്‍ കവാടത്തില്‍ വെച്ചു തന്നെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 'ഗാവ' പകര്‍ന്നു നല്‍കി പ്രൌഢിയോടെ ഉള്ളിലേക്ക് ആനയിച്ചു. നൂറിലേറെ സൌദി മാധ്യമ പ്രവര്‍ത്തകരാണ് ആതിഥേയരായി അവിടെയുണ്ടായിരുന്നത്. അര മണിക്കൂറിലേറെ നീണ്ടുനിന്ന ഫോട്ടോസെഷനുശേഷം വിശാലമായ വിരുന്നുശാലയിലേക്ക് ക്ഷണിക്കപ്പെട്ടു. അവിടെ ഒരുക്കിയ വൃത്താകൃതിയിലുള്ള തീന്‍മേശകളില്‍ ഇന്ത്യന്‍^സൌദി പത്രപ്രവര്‍ത്തകര്‍ ഇടകലര്‍ന്നിരുന്നു സൌഹൃദത്തിന്റെ ഈടുവെപ്പുകള്‍ക്ക് അക്ഷരഭാഷ്യം പകര്‍ന്നു.

രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ഏറ്റവും ശക്തമായ രാജ്യമാണ് ഇന്ത്യയെന്ന് അല്‍ റിയാദ് പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്ററും പ്രതിവാര രാഷ്ട്രീയകാര്യ കോളമിസ്റ്റുമായ ഹനി എഫ്. വഫ അഭിപ്രായപ്പെട്ടു. പലതവണ ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യയെ കുറിച്ച തന്റെ വിശാല കാഴ്ചപ്പാട് പങ്കുവെച്ചു. ''ഇന്ത്യയും സൌദിയും തമ്മില്‍ മാധ്യമ സഹകരണത്തിന് കരാര്‍ ഒപ്പുവെച്ച സ്ഥിതിക്ക് നമുക്ക് പ്രാദേശികമായി തന്നെ വാര്‍ത്തകള്‍ കൈമാറിത്തുടങ്ങാം, അലേ'്ല' എന്ന് യുവ പത്രപ്രവര്‍ത്തകനും അല്‍ ജസീറ പത്രത്തിലെ എഡിറ്റര്‍മാരിലൊരാളുമായ അബ്ദുല്ല എ. അല്‍ ബാറ്റ്ലി നിറഞ്ഞ ചിരിയോടെ ചോദിച്ചു. സൌദിയെ കുറിച്ച കേട്ടറിവുകളെ തിരുത്തുന്നതാണ് ഊഷ്മളമായ ഈ അനുഭവങ്ങളെന്ന് ഏഷ്യാനെറ്റ് കോ^ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം വന്ന 35 അംഗ മാധ്യമ സംഘത്തിലെ മലയാളികളായ 'മാധ്യമം' ദല്‍ഹി ബ്യൂറോ ഇന്‍ ചാര്‍ജ്് എ.എസ്. സുരേഷ് കുമാര്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി. രാജഗോപാല്‍, മനോരമ ന്യൂസ് സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍ പ്രമോദ് രാമന്‍, ഹിന്ദുസ്ഥാന്‍ ടൈംസ് അസിസ്റ്റന്റ് എഡിറ്റര്‍ ജയന്ത് ജേക്കബ്, ഇന്ത്യാ വിഷന്‍ ന്യൂസ് എഡിറ്റര്‍ മനോജ് മേനോന്‍, ഏഷ്യാനെറ്റ് കോ^ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍, ചന്ദ്രിക സീനിയര്‍ എഡിറ്റര്‍ അഹമ്മദ് കുട്ടി ഉണ്ണിക്കുളം എന്നിവരും ഏറെ ആഹ്ലാദത്തോടെയാണ് സംഗമത്തില്‍ പങ്കുകൊണ്ടത്. റിയാദില്‍ നിന്ന് 'ഗള്‍ഫ് മാധ്യമം' പ്രതിനിധി നജിം കൊച്ചുകലുങ്ക്, ഏഷ്യാനെറ്റ് പ്രതിനിധി നാസര്‍ കാരന്തൂര്‍ എന്നിവര്‍ പങ്കെടുത്തു. അല്‍ റിയാദ്, അല്‍ ജസീറ, ഇഖ്തിസാദിയ, അല്‍ ഹയാത്ത്, അല്‍ മദീന, അല്‍ വത്വന്‍, അല്‍ യൌം തുടങ്ങിയ മുഴുവന്‍ അറബി പത്രങ്ങളും വര്‍ണ ചിത്രങ്ങളുള്‍പ്പെടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

Tuesday, February 2, 2010

'ഇന്നലെ'കള്‍ മറന്നൊരാള്‍ തെരുവില്‍ അലയുന്നു

റിയാദ്: ഓര്‍മയില്‍നിന്ന് ഇന്നലെകള്‍ മാഞ്ഞുപോയി, താനാരാണെന്ന് പോലും ഓര്‍ത്തെടുക്കാനാവാതെ അജ്ഞാതന്‍ തെരുവില്‍ അലയുന്നു. റിയാദ് ശുമേസിയിലെ ആശുപത്രി പരിസരത്താണ് ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാകാത്ത യുവാവ് രണ്ടുദിവസമായി അലഞ്ഞുതിരിയുന്നത്.
ഇയാള്‍ക്ക് വ്യക്തമായ രീതിയില്‍ സംസാരിക്കാനും കഴിയുന്നില്ല. താടിയെല്ലിന് പരിക്കേറ്റതിനാല്‍ ബാന്‍ഡേജുണ്ട്. അപകടത്തിലുണ്ടായതുപോലെയാണ് താടിയെല്ലിലെ പരിക്ക്. മുന്‍വശത്തെ മൂന്ന് പല്ലുകള്‍ അടര്‍ന്നു പോയിട്ടുണ്ട്. വായക്കകത്തും മുറിവുകളുണ്ട്. ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. അപകടത്തിലോ മറ്റോ ഉണ്ടായ കനത്ത ആഘാതത്തില്‍ ഓര്‍മ നഷ്ടപ്പെട്ടതു പോലെയാണ് പെരുമാറ്റം. അവ്യക്തമായി സംസാരിക്കുന്നത് ഹിന്ദിയിലും ഉറുദുവിലുമാണ്. ശുമേസി ആശുപത്രിയിലെ ജീവനക്കാരും കേളി പ്രവര്‍ത്തകരുമായ ചന്ദ്രന്‍പിള്ള, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ഇയാളെ സഹായിക്കാനായി സമീപിച്ചെങ്കിലും വിവരങ്ങളൊന്നും അറിയാനായില്ല. ഇഖാമയോ മറ്റു രേഖകളോ കൈവശമില്ല. ഒരു തുവാല മാത്രമാണ് ഷര്‍ട്ടിന്റെ കീശയിലുള്ളത്. മേല്‍വിലാസവും ജോലിയും മറ്റും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുമാകുന്നില്ല. കഴിക്കാനായി ജ്യൂസും ഭക്ഷണവും നല്‍കിയപ്പോള്‍ വായയിലെ മുറിവുകള്‍ കാരണം കുടിക്കാനായില്ല. ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് പേനയും കടലാസും നല്‍കിയപ്പോള്‍ അവ്യക്തമായി എഴുതിയതില്‍ അവസാനം ഷാ എന്ന് കാണാമായിരുന്നു. ബംഗ്ലാദേശുകാരനായിരിക്കുമെന്ന് സംശയിച്ച് അവിടെ നിന്നുള്ളവരെ കൊണ്ട് സംസാരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മുറിയില്‍ പോകണമെന്ന് പറയുന്നുണ്ടങ്കിലും എവിടെയാണന്ന് വ്യക്തമല്ല. ഇതിനിടയില്‍ ബദിയ എന്ന് പറഞ്ഞതായി കേളി പ്രവര്‍ത്തകര്‍ പറഞ്ഞു.
രേഖകളില്ലാത്തതിനാല്‍ ശുമേസി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ആശുപത്രിയിലെ അടിയന്തര വിഭാഗത്തിന്റെ വരാന്തയില്‍ അഭയം തേടിയിരിക്കുകയാണ് ഇപ്പോള്‍. ഇയാളെ കുറിച്ച് അറിയുന്നവര്‍ ചന്ദ്രന്‍പിള്ള (0502673748), അബ്ദുല്‍ ജബ്ബാര്‍ (0503229428) എന്നിവരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു.

Tuesday, January 19, 2010

ഏകമകന്റെ വേര്‍പാടിന്റെ വേദനയിലും കാരുണ്യവഴിയില്‍ സാന്ത്വനം തേടി ദമ്പതികള്‍


റിയാദ്: ഏകമകന്റെ ദുരൂഹമരണത്തിന് പിന്നിലെ ചുരുളഴിക്കാനുള്ള നിയമ പോരാട്ടത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി ഒറ്റപ്പെടലിന്റെയും വേര്‍പാടിന്റെയും വേദനയില്‍നിന്ന് പ്രവാസി ദമ്പതികള്‍ മോചനം തേടുന്നു. അരുമയായി പോറ്റിവളര്‍ത്തിയ മകനില്ലാതെ എന്തിനിങ്ങനെയൊരു ജീവിതം എന്നചിന്ത വേട്ടയാടിത്തുടങ്ങിയപ്പോഴാണ് മകനുവേണ്ടി സമ്പാദിച്ചതൊക്കെ ജീവകാരുണ്യത്തിനായി ചെലവഴിക്കാനും വെബ് സൈറ്റ് തുറന്ന് മകന്റെ ജീവിത കഥയോടൊപ്പം അവന്റെ ജീവനെടുക്കാനിടയാക്കിയ സ്വകാര്യ സര്‍വകലാശാലയുടെ പിന്നാമ്പുറ വിശേഷങ്ങള്‍ അനാവരണം ചെയ്ത് മറ്റുള്ളവരുമായി പങ്കുവെക്കാനും തീരുമാനിച്ചതെന്ന് റിയാദില്‍ ജോലി ചെയ്യുന്ന എറണാകുളം ആലുവ സൌത്ത് വാഴക്കുളം മാളിയേക്കല്‍ വീട്ടിലെ ജോണ്‍ സേവ്യറും ഭാര്യ അനുവും വിതുമ്പലോടെ പറയുന്നു. ഇവരുടെ മകന്‍ ജസ്റ്റിന്‍ ജോണിനെ (18) കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എയര്‍സ്പേസ് എഞ്ചിനീയറിംഗിന് പഠിച്ചിരുന്ന ദല്‍ഹി നോയിഡയിലെ അമിത് ഡീംഡ് യൂനിവേഴ്സിറ്റി കാമ്പസിനുള്ളിലെ നീന്തല്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. നീന്തലിനിടയില്‍ മുങ്ങിമരിച്ചതായി വിധിയെഴുതി മറവുചെയ്ത ജസ്റ്റിന്റെ മൃതദേഹം റിയാദില്‍നിന്ന് നാട്ടിലെത്തിയ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തിന് പിന്നിലെ ദുരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുസംബന്ധിച്ച് ജോണ്‍ സേവ്യര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കേരള ഹൈ കോടതി ഈ മാസം 30ന് കേസന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ പൊലീസിനോടാവശ്യപ്പെടിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ മറ്റ് വിശദാംശങ്ങള്‍ വെളിപ്പടുത്തുന്നത് ശരിയല്ലെന്ന് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞ ജോണ്‍ സേവ്യര്‍, എന്നാല്‍ മകന്റെ മരണം സംബന്ധിച്ച് നിലനില്‍ക്കുന്ന ചില സംശയങ്ങള്‍ വെളിപ്പെടുത്തി. മരണം സംബന്ധിച്ച് സര്‍വകലാശാല അധികൃതര്‍ പറയുന്നത് വിശ്വസിക്കാനാവില്ല. നീന്തല്‍ മല്‍സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ ജസ്റ്റിന്‍, കാമ്പസിലെ നീന്തല്‍കുളത്തില്‍ നീന്തലിനിടെ മുങ്ങിമരിച്ചെന്നാണ് അറിയിച്ചത്. രണ്ട് തവണ നീന്തിയെന്നും മൂന്നാമത് നീന്തവെ കുഴഞ്ഞു വീണെന്നും അബോധാവസ്ഥയില്‍ കാമ്പസിലെ ക്ലിനിക്കില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നുവെന്നുമാണ് പറഞ്ഞത്. ജസ്റ്റിന് കാര്യമായ ഒരസുഖവും ഉണ്ടായിട്ടില്ല. ദല്‍ഹിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഏഴടിയോളം ഉയരമുള്ള മകന്‍ ഏറ്റവും ആഴമുള്ള ഭാഗത്തുപോലും ആറടിയില്‍ കൂടുതല്‍ താഴ്ചയില്ലാത്ത നീന്തല്‍ കുളത്തില്‍ അബദ്ധത്തില്‍ മുങ്ങിമരിച്ചെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസി
ക്കും? അദ്ദേഹം ചോദിച്ചു. മരണത്തില്‍ ദുരുഹതയുണ്ടന്ന് കാണിച്ച് കേന്ദ്ര അഭ്യന്തര സഹമന്ത്രി മുലപ്പള്ളി രാമചന്ദ്രനെയും കേരള അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെയും കണ്ടിരുന്നു. തുടര്‍ന്ന് ഐ.ജി. വിന്‍സന്റ് പോള്‍ ഒക്ടോബര്‍ 21ന് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ വാഴക്കുളം ഉണ്ണിമിശിഹാ പള്ളിസെമിത്തേരിയില്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് 22ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഇതില്‍, തലക്ക് പിന്നില്‍ ക്ഷതമേറ്റതായി കണ്ടത്തിയെന്നാണ് അറിഞ്ഞതെന്ന് ജോണ്‍ പറഞ്ഞു. ഫോറന്‍സിക്ക് ലാബ് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. ആലുവ എ.എസ്.പി ജയാനന്ദിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം 10 ദിവസം ദല്‍ഹിയില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇതുവരെയുള്ള കേസ് പുരോഗതി അറിയാനാണ് ഇപ്പോള്‍ ഹൈ കോടതിയെ സമീപിച്ചത്. ഹൈ കോടതിയുടെ അടുത്ത സിറ്റിംഗിനുശേഷം തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് തുറന്നുപറയുമെന്നും ജോണ്‍ സേവ്യര്‍ പറഞ്ഞു. മകന്റെ പേരില്‍ www.justinjohn.com എന്ന വെബ്സൈറ്റാണ് ഇവര്‍ ആരംഭിച്ചത്. സ്വകാര്യ സര്‍വകലാശാലകളുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചക്കും ഇതുവഴിശ്രമം നടത്തും. തങ്ങളുടെ ശിഷ്ടകാലം 'ജസ്റ്റിന്‍ ജോണ്‍ ഫൌണ്ടേഷന്‍' എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സമ്പാദ്യങ്ങളൊക്കയും ഇതിന് വിനിയോഗിക്കുമെന്നും ജോണ്‍ പറഞ്ഞു.

നജിം കൊച്ചകലുങ്ക്
(ഗള്‍ഫ് മാധ്യമം)

Tuesday, January 5, 2010

ജീവിതദുരിതത്തില്‍പെട്ട കലാകാരനെ സഹായിക്കാന്‍ സുമനസുകള്‍ രംഗത്ത്



റിയാദ്: നാടകവേദികളിലെ ദുരന്തകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ വിങ്ങുന്ന മനസുകള്‍ പിടിച്ചെടുത്ത പ്രവാസി കലാകാരന്‍ യഥാര്‍ഥ ജീവിതത്തിലും അത്തരമൊരു വേഷപ്പകര്‍ച്ചയുടെ ദുര്‍വിധിയില്‍. റിയാദിലെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന നാടക കലാകാരനും ഗായകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.പി. ഉത്തമന്‍ പാലോടാണ് നാട്ടില്‍ അവധിക്ക് പോയശേഷം മടങ്ങാനാവാതെ രോഗത്തില്‍ വീണത്.

ഒന്നര പതിറ്റാണ്ടിലേറെ റിയാദില്‍ കാര്‍പെന്റായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഹ്രസ്വ അവധിക്ക് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി അധികം വൈകാതെ ഹൈപര്‍ ടെന്‍ഷനും വാതവും പിടിപെട്ട്  തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലായി. അവിടുത്തെ ചികില്‍സ കൊണ്ട് രോഗം ഒരുവിധം ഭേദപ്പെട്ടെങ്കിലും അപ്പോഴേക്കും വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. നീണ്ടകാലത്തെ വിശ്രമജീവിതമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. പൂര്‍ണമായും പൂര്‍വാരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ കഴിയാതാവുകയും സ്ഥിതി വീണ്ടും വഷളാവുകയും ചെയ്തപ്പോള്‍ ് ആയൂര്‍വേദ ചികില്‍സയിലേക്ക് മാറി. അതുകൊണ്ടും കാര്യമായ മാറ്റമുണ്ടായില്ല. ഭാര്യയും മക്കളുമായി വാടകവീട്ടിലാണ് താമസം. ആകെ വരുമാനം മൂത്തമകന്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടയില്‍ ജോലി ചെയ്ത് കിട്ടുന്ന പ്രതിമാസ വേതനമായ 2500 രൂപയാണ്. നിത്യവൃത്തിക്ക് പോലും ഈ തുക തികയാത്ത അവസ്ഥയില്‍ തുടര്‍ചികില്‍സ അനിശ്ചിതത്വത്തിലാണ്.  ഉത്തമനെ ദുരിതാവസ്ഥയില്‍ സഹായിക്കാന്‍ സുഹൃത്തുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

റിയാദിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിന് മുമ്പില്‍ പലതവണ രണ്ടര മണിക്കൂര്‍നീണ്ട നാടകങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ കലാകാരനാണ് ഉത്തമന്‍. നല്ലൊരു ഗായകന്‍ കൂടിയായ അദ്ദേഹം തന്നെയാണ്  നാടകങ്ങള്‍ക്ക്  ഗാനങ്ങള്‍ ആലപിച്ചിരുന്നത്.  'തൂലിക' എന്ന സംഘടനയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന അദ്ദേഹം റിഫ, കൈരളി, ഫൊക്കാസ, ടെക്സ തുടങ്ങിയ  സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ  ദുര്‍വിധിയില്‍ വേദന പങ്കുവെക്കുന്ന സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം  യോഗം ചേര്‍ന്ന് സഹായസമിതി രൂപവത്കരിച്ചു. കണ്‍വീനര്‍^ശശീധരന്‍ (0509321716), ബാബു വര്‍ഗീസ് (ഒ.ഐ.സി.സി^0507843660), ബിനു (തൂലിക^0567872099), രാജീവ് ഗോപിനാഥ് (തൂലിക^0560359570), പ്രമോദ് (സഹ്യകലാവേദി^0502942600), റാഫി പാങ്ങോട് (തണല്‍^0502825831) എന്നിവരാണ് ഭാരവാഹികള്‍. ഈ കലാകാരനെ സഹായിക്കാനഗ്രഹിക്കുന്നവര്‍ക്ക് ഇവരെ ബന്ധപ്പെടാം.

നജിം കൊച്ചുകലുങ്ക്