Monday, December 28, 2009

സ്വദേശി മരുഭൂമിയിലിട്ട നൌഷാദിനെ പൊലീസ് സാഹസികമായി മോചിപ്പിച്ചു



റിയാദ്: വഴിയില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ രഹസ്യന്വേഷണ പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തി തട്ടിക്കൊണ്ടുപോയ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് മോചിപ്പിച്ചു. മലപ്പുറം വേങ്ങര മേമാത്ത്പാറ കുന്നുമ്പുറം കമ്പ്രന്‍ നൌഷാദിനെ (28)  കഴിഞ്ഞ മാസം 25നാണ് അല്‍ ഖര്‍ജ്^റിയാദ് ഹൈവേയില്‍ ദിലം എന്ന സ്ഥലത്ത് നിന്ന് സ്വദേശി പിടിച്ചുകൊണ്ടുപോയത്.
അല്‍ ഖര്‍ജില്‍ നിന്ന് 185 കി.മീറ്ററര്‍ അകലെ  മരുഭൂമിയില്‍ നിന്നാണ് ഇന്നലെ പൊലീസ് സംഘം സ്വദേശി യുവാവിനെയും നൌഷാദിനെയും പിടികൂടിയത്. തന്റെ ഒട്ടകങ്ങളെ മേയ്ക്കാന്‍ ബലപ്രയോഗത്തിലൂടെ നൌഷാദിനെയും കൊണ്ട് 30കാരനായ ഈ യുവാവ്  കറങ്ങുകയായിരുന്നുവത്രെ. അല്‍ ഖര്‍ജ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബു സഹദിന്റെ സഹായത്തോടെ കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയംഗം കെ.പി. മുഹമ്മദാലിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് നൌഷാദുളള സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് 12ഓളം വാഹനങ്ങളില്‍ മരുഭൂമിയിലേക്ക് പോയ പൊലീസ് സായുധസംഘം ഇന്നലെ രാവിലെ 11ഓടെ പ്രദേശം വളയുകയും സ്വദേശിയെ കീഴടക്കി നൌഷാദിനെ മോചിപ്പിക്കുകയുമായിരുന്നു. ഇരുവരും ഇപ്പോള്‍ അല്‍ ഖര്‍ജ് പൊലീസ് കസ്റ്റഡിയിലാണ്.
ടൈല്‍സ് തൊഴിലാളിയായ നൌഷാദ് ബലിപെരുന്നാള്‍ അവധിക്ക് ജീസാനിലുള്ള ബന്ധുക്കളുടെ അടുത്തേക്കു പോകാന്‍ അല്‍ ഖര്‍ജില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ജോലി സ്ഥലമായ ദിലമില്‍ വാഹനം കാത്തുനില്‍ക്കുമ്പോഴാണ് സ്വദേശി യുവാവിന്റെ കൈയില്‍ പെട്ടത്. സി.ഐ.ഡി എന്ന് സ്വയം പരിചയപ്പെടുത്തി ഇഖാമ വാങ്ങി പരിശോധിച്ച യുവാവ് നൌഷാദിനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടയില്‍ നൌഷാദ് സഹതാമസക്കാരനായ മണിയെ ഫോണ്‍ ചെയ്ത് അറിയിച്ചതാണ് വിവരം പുറത്തറിയാന്‍ കാരണം. അതിനുശേഷം നൌഷാദിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ച വിവിരം 'ഗള്‍ഫ് മാധ്യമം'റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരുഭൂമിയിലേക്ക് കൊണ്ടുപോയ നൌഷാദിനെ 150ഓളം വരുന്ന  ഒട്ടകങ്ങളെ മേയ്ക്കാന്‍ സ്വദേശി യുവാവ് നിയോഗിക്കുകയായിരുന്നു. ഇഖാമയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ പഴുതും അടച്ചു. ഒരു മാസത്തോളം വിവിധ സ്ഥലങ്ങളിലായി ഒട്ടകക്കൂട്ടത്തോടൊപ്പം കൊണ്ടുനടന്നു. മതിയായ ഭക്ഷണമില്ലാത്തതും യാത്രയുടെ അലച്ചിലും മനോവിഷമവും മൂലം നൌഷാദ് മെലിഞ്ഞുണങ്ങി അവശനായിട്ടുണ്ട്. തന്റെ ദയനീയാവസ്ഥ തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശുകാരനെ നൌഷാദ് അറിയിച്ചതാണ് വഴിത്തിരിവായത്. ഇയാള്‍ ഇക്കാര്യം പ്രദേശത്ത് വാഹനവുമായെത്തുന്ന ലബനാനിയോട്  പറഞ്ഞു. അല്‍ഖര്‍ജ് കാരനായ ലബനാനി  വിവരം കെ.പി. മുഹമ്മദാലിയെ അറിയിച്ചു. മുഹമ്മദാലി സുഹൃത്തുകൂടിയായ ക്യാപ്റ്റന്‍ അബൂ സഹദിന്റെ സഹായം തേടി.
വേഷപ്രച്ഛന്നരായി അബൂ സഹദും രണ്ട് സഹപ്രവര്‍ത്തകരും മുഹമ്മദാലിയും പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടയില്‍ ഒട്ടകങ്ങളും നൌഷാദും വാഹനങ്ങളുമായി യുവാവ് ഇവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. പിന്നീട് റൈസാന്‍ എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തി പൊലീസ് ഓപ്പറേഷന്‍ നടത്തുകയായിരുന്നു. മൂന്നുവര്‍ഷമായി സൌദിയിലുള്ള നൌഷാദ് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍പോയി വന്നത്. അസന്‍കുട്ടിയാണ് പിതാവ്. ഭാര്യ സഫരിയയും രണ്ടുമക്കളും നാട്ടിലുണ്ട്.

നജിം കൊച്ചുകലുങ്ക്

Sunday, December 27, 2009

അംബാസഡര്‍: ബഷീറിനായി മന്ത്രിമാരും എം.പിമാരും രംഗത്ത്

റിയാദ്: തല്‍മീസ് അഹമ്മദായിരിക്കും സൌദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറെന്ന പ്രചാരണം നിലനില്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന് വേണ്ടി മലയാളികളായ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിമാരും കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി എം.പിമാരും രംഗത്തിറങ്ങിയതായി അറിയുന്നു. ബഷീറിനെ അംബാസഡറാക്കണമെന്നാവശ്യപ്പെട്ട്് എം.പിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതായാണ് ദല്‍ഹിയിലെ വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം.
അതേസമയം, താനൊന്നുമറിഞ്ഞില്ല എന്ന പഴയ മട്ടില്‍ തന്നെയാണ് തലേക്കുന്നില്‍ ബഷീര്‍. അടുത്തദിവസം വരെ യു.എ.യിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹമ്മദിന്റെ പേര് ഏതാണ്ട് ഉറപ്പിച്ച നിലയില്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ സൌദിയിലെ പദവിക്ക് വേണ്ടി ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും ചരടുവലിയും ദല്‍ഹിയില്‍ തുടരുകയാണെന്നാണ് ഇന്നലെ അവിടെനിന്ന്് കിട്ടിയ വിവരം. അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ് കാലാവധി കഴിഞ്ഞ് ഈ മാസം 15ന് മടങ്ങിയിട്ടും പകരക്കാരനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് ഈ പ്രത്യേക സാഹചര്യം കൊണ്ടാണത്രെ. ഐ.എഫ്.എസ് കേഡറിന് പുറത്ത് രാഷ്ട്രീയ നിയമനത്തിനുള്ള ശക്തമായ നീക്കമാണ് കോണ്‍ഗ്രസിലെ ചില ശക്തികേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അത് ഏറെക്കുറെ വിജയിച്ച മട്ടാണെന്നുമാണ് ദല്‍ഹിയില്‍നിന്നുള്ള സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ ശക്തമായ സ്വാധീനമുള്ളവരടക്കം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും ഏകസ്വരത്തില്‍ തലേക്കുന്നില്‍ ബഷീറിന് വേണ്ടി വാദിക്കുന്നതായാണ് അറിയുന്നത്. അടുത്തദിവസം തന്നെ രണ്ടിലൊന്നറിയാമെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞത്്.
തല്‍മീസ് അഹമ്മദിന്റെ നിയമനം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിച്ചിരുന്നതായി നേരത്തെ വിവരമുണ്ടായിരുന്നു. തല്‍മീസിന്റെ സാധ്യത തള്ളിക്കളയാനാവില്ല എന്ന് ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ചിലര്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞിരിക്കുകയാണെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നില്ല. ഔദ്യോഗിക കണക്ക് പ്രകാരം 18ലക്ഷം വരുന്ന സൌദിയിലെ ഇന്ത്യന്‍ സമൂഹത്തില്‍ 12 ലക്ഷത്തിലേറെ മലയാളികളാണെന്നും ഭീമമായ ഭൂരിപക്ഷമുണ്ടായിട്ടും അംബാസഡര്‍ പോലുള്ള ഉയര്‍ന്ന പദവിയില്‍ മലയാളി നിയമിക്കപ്പെടാത്തത് നീതിയുക്തമല്ലെന്നുമാണ് തലേക്കുന്നിലിന് വേണ്ടി രംഗത്തുള്ളവര്‍ വാദിക്കുന്നത്. നിലവില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയിലെ സാമൂഹിക ക്ഷേമമവിഭാഗമുള്‍പ്പടെ ഒരു ഡിപാര്‍ട്ട്മെന്റിന്റെയും തലപ്പത്ത് മലയാളി ഉദ്യോഗസ്ഥരില്ലാത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നജിം കൊച്ചുകലുങ്ക്

Friday, December 11, 2009

ജീവിതം കീഴ്മേല്‍ മറിച്ച ദുരന്തത്തിന്റെ ഓര്‍മയുമായി


റിയാദ്: യാത്രയില്‍ മരണത്തിലേക്കുള്ള വഴി തിരിയല്‍ അപ്രതീക്ഷിതമാണെങ്കില്‍ അത്തരമൊരു വഴിത്തിരിവിലേക്കാണ് തങ്ങളുടെ വാഹനം കുതിച്ചുകയറിയതെന്ന് ആ കുടുംബം അപ്പോള്‍ അറിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വാഹനം കീഴ്മേല്‍ മറിഞ്ഞു. 'ഷീജയും ഹസ്നയും റോഡിലേക്ക് തെറിച്ചുവീണുകിടക്കുന്നത് കണ്ടു; പിന്നെ ഒന്നും ഓര്‍മ്മയില്ല...' അസ്ലമിന്റെ വാക്കുകള്‍ പാതി മുറിഞ്ഞു. ആശുപത്രി കിടക്കയില്‍ ശരീരവും മനസും വേദനയുടെ ഉള്‍പ്പിടിത്തങ്ങളില്‍ ഞെരിഞ്ഞമരുമ്പോഴും പത്രപ്രവര്‍ത്തകന്റെ വഴക്കത്തോടെ സംഭവങ്ങളോര്‍ത്തെടുക്കുകയാണ് അസ്ലം കൊച്ചുകലുങ്ക്. പ്രിയപത്നി ഷീജയുടെയും  ഇളയമകള്‍ ഹന്നയുടെയും മരണമേല്‍പിച്ച ആഘാതത്തില്‍നിന്ന് മുക്തമായില്ലെങ്കിലും സംഭവഗതികള്‍ മറ്റുള്ളവരുമായി ഇന്നലെ പങ്കുവെച്ചു. 

രാവിലെ ഒമ്പതിന് ബുറൈദയില്‍ നിന്നു പുറപ്പെടാനാണ് തീരുമാനിച്ചിരുന്നത്. യാത്ര പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറിലേറെ വൈകി. കുടുംബ സുഹൃത്തായ അബ്ദുല്ലയുടെ ജി.എം.സി വാനിലായിരുന്നു യാത്ര. ഹൈവേയില്‍ അനുവദനീയമായ വേഗതയിലായിരുന്നു വാഹനം. അല്‍ ഗാത്ത് കയറ്റം കയറി അല്‍പദൂരം മുന്നോട്ട് നീങ്ങി, മജ്മയിലേക്കുള്ള എക്സിറ്റിനടുത്തെത്തിയപ്പോഴാണ് പിന്‍വശത്തെ ടയറുകളിലൊന്നു പൊട്ടിയത്. ആകെയൊന്ന് ആടിയുലഞ്ഞ വാഹനം പെട്ടെന്ന് കീഴ്മേല്‍ മറിഞ്ഞു. പലതവണ കരണം മറിഞ്ഞ് റോഡുകള്‍ക്കിടയിലെ വേലി തകര്‍ത്തു മറുഭാഗത്തെത്തി. ഭാര്യയും ഇളയമകളും റോഡിലേക്ക് വീണുകിടക്കുന്നത് ഒറ്റനോട്ടത്തില്‍ കണ്ടു. അതുവഴി മറ്റൊരു വാഹനത്തിലെത്തിയ മനുഷ്യസ്നേഹികളായ രണ്ട് സൌദി യുവാക്കള്‍ പെട്ടെന്ന് തങ്ങളെ എടുത്ത് അവരുടെ വാഹനത്തിലിട്ട് ആശുപത്രിയിലേക്ക് കുതിച്ചു^അതുവരെ അസ്ലം ഓര്‍ക്കുന്നു.  'ഗള്‍ഫ് മാധ്യമ'ം ഖസീം ലേഖകനെന്ന നിലയില്‍ അപകടങ്ങളും മരണങ്ങളും അസ്ലമിന് പുതുമയുള്ളതായിരുന്നില്ല. ഔദ്യോഗികാവശ്യാര്‍ഥം നിരന്തരം യാത്ര ചെയ്യുമ്പോഴും മേഖലയിലുണ്ടാകുന്ന അപകടങ്ങളൊന്നും 'മിസ്' ചെയ്യാറില്ല. യാത്രക്കിടയില്‍ പോലും വാര്‍ത്ത തയാറാക്കി പത്രത്തിലേക്കെത്തിക്കാന്‍ ജാഗ്രത കാണിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുരന്തവാര്‍ത്ത ബുറൈദയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക പെട്ടെന്നുള്‍ക്കൊള്ളാനായില്ല. 

മൂത്ത സഹോദരിയുടെ ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കുടുംബ സമേതം റിയാദിലെത്തിയിരുന്നു. നാട്ടിലേക്കുള്ള വഴിയില്‍ വീണ്ടും റിയാദില്‍ കുടുംബത്തോടൊപ്പം സന്ധിക്കാം എന്ന് നല്‍കിയ ഉറപ്പാണ് ദുരന്തം തകിടം മറിച്ചത്.  അല്‍ ഗാത്ത് ജനറലാശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ് അസ്ലമും മൂത്ത മകള്‍ തസ്നിയും. ഇടതുകാലിന് പൊട്ടലുള്ള തസ്നി ഇനിയും പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍ത്ത അറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ കാണാനെത്തുന്നവരോട് ഉമ്മയും ഹസ്നയും എവിടെയെന്ന് ചോദിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കാനാണ് തീരുമാനം. ഷീജയുടെ മയ്യിത്ത് മജ്മ ജനറലാശുപത്രി മോര്‍ച്ചറിയിലും  ഹസ്നയുടേത് അല്‍ ഗാത്ത് ആശുപത്രി മോര്‍ച്ചറിയിലുമാണ്.ബുറൈദയിലെയും റിയാദിലെയും സാമൂഹിക പ്രവര്‍ത്തകര്‍ സഹായങ്ങളുമായി രംഗത്തുണ്ട്. 

നജിം കൊച്ചുകലുങ്ക്